ചാമ്പ്യൻസ് ലീഗിൽ വീണ്ടും പി.എസ്.ജി മുത്തം
text_fieldsബുഡാപെസ്റ്റ്: യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ പാരിസ് സെന്റ് ജർമൻ (പിഎസ്‌ജി) വീണ്ടും രാജാക്കന്മാർ. അത്യന്തം ആവേശകരമായ കലാശപ്പോരിൽ ആഴ്‌സനലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് പിഎസ്‌ജി തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1–1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4–3 എന്ന സ്‌കോറിനായിരുന്നു പിഎസ്‌ജിയുടെ വിജയം.
ഷൂട്ടൗട്ടിൽ ആഴ്‌സനലിന്റെ അവസാന കിക്കെടുത്ത സ്റ്റോപ്പർ ബാക്ക് ഗബ്രിയേൽ മാഗല്ലാസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ വാനത്തേക്ക് പറന്നതോടെ പിഎസ്‌ജി ക്യാംപിൽ വിജയത്തിരമാലകളുയർന്നു. ഷൂട്ടൗട്ടിൽ ആഴ്‌സനലിന്റെ എബറേച്ചി എസ്സേയുടെ കിക്ക് പുറത്തേക്കുപോയപ്പോൾ, പിഎസ്‌ജിയുടെ ന്യൂനോ മെൻഡസിന്റെ ഷോട്ട് ആഴ്‌സനൽ ഗോളി ഡേവിഡ് റയ തടുത്തിട്ടു.
മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ ആഴ്‌സനൽ കരുത്തുകാട്ടി. ആറാം മിനിറ്റിൽ കയ് ഹാവർട്സിലൂടെയാണ് അവർ ആദ്യം ലീഡ് നേടിയത്. എന്നാൽ, ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച പിഎസ്‌ജി രണ്ടാം പകുതിയിൽ തിരിച്ചടിച്ചു. 65–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഉസ്മാനെ ഡെംബലെ ടീമിനെ ഒപ്പമെത്തിച്ചു. പിന്നീട് അധികസമയത്തുൾപ്പെടെ ഇരുടീമുകളും ഗോളിനായി കിണഞ്ഞുപരിശ്രമിച്ചെങ്കിലും വിജയഗോൾ അകന്നുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

