പാരിസിൽ ഗോൾ മഴ; ത്രില്ലര് പോരിൽ പി.എസ്.ജിക്ക് ജയം
text_fieldsപാരിസ്: സമീപകാലത്ത് കാൽപന്ത് മൈതാനം കണ്ട ഏറ്റവും മനോഹരമായ ക്ലാസിക് പോരിൽ ബയേൺ മ്യൂണിക്കിനു മേൽ ഒറ്റഗോൾ വ്യത്യാസത്തിൽ ജയം പിടിച്ച് പാരീസിയൻസ്. ഗോൾമഴ കണ്ട ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദ പോരാട്ടത്തിലാണ് ജർമൻ ബുണ്ടസ് ലിഗ ചാമ്പ്യന്മാർക്കെതിരെ പാരിസ് സെന്റ് ജെർമെയ്ൻ 5-4ന് ലീഡുറപ്പിച്ചത്. ഇതോടെ അടുത്തയാഴ്ച ബയേൺ കളിമുറ്റമായ അലിയൻസ് അറീനയിൽ നടക്കുന്ന രണ്ടാം പാദം തീപാറും.
അടിച്ചും തിരിച്ചടിച്ചും ആക്രമണ ഫുട്ബാൾ തകർത്താടിയ പാർക് ഡി പ്രിൻസസിൽ ആദ്യം ഗോളടിച്ച് മുന്നിൽ കയറിയത് സന്ദർശകരാണ്. 17ാം മിനിറ്റിൽ ലൂയിസ് ഡയസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ ഗോളിയെ കീഴടക്കി വലയിലെത്തിച്ചതോടെ കളി മുറുകി. ഇരുവശങ്ങളിലൂടെയും ഇരമ്പിയാർത്ത പി.എസ്.ജി മുന്നേറ്റം വൈകാതെ തിരിച്ചടിച്ചു. കൗമാര താരം ഡൂവെയുടെ പാസിൽ ക്വാരറ്റ്ക്ഷലിയ ആയിരുന്നു സ്കോറർ. 10 മിനിറ്റിനിടെ യൊആവോ നെവസിന്റെ ഹെഡർ ഗോളിലൂടെ മുന്നിലെത്തിയ ആതിഥേയർക്കു തന്നെയായിരുന്നു പന്തടക്കത്തിലും ഗോൾനീക്കങ്ങളിലും ഒരു പണത്തൂക്കം മേൽക്കൈ. എന്നാൽ, വിങ്ങിലൂടെ പി.എസ്.ജി താരങ്ങളെ ഒന്നൊഴിയാതെ വെട്ടിയൊഴിഞ്ഞ് ഒലിസെ നേടിയ ഗോൾ വരാനിരിക്കുന്നതിന്റെ സൂചന നൽകി. സമനിലയുമായി ഇരുടീമും ഇടവേളക്ക് പിരിയുമെന്ന് തോന്നിച്ചതിനിടെ ബയേൺ താരം അൽഫോൻസോ ഡേവിസിന്റെ കൈയിൽ തട്ടിയതിന് ലഭിച്ച പെനാൽറ്റി ഉസ്മാനെ ഡെംബലെ വലയിലാക്കി പി.എസ്.ജിയെ പിന്നെയും ഡ്രൈവിങ് സീറ്റിലിരുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പി.എസ്.ജി മാത്രമായിരുന്നു ചിത്രത്തിൽ. അഷ്റഫ് ഹകീമിയുടെ അപകടകരമായ പന്ത് മനോഹരമായി വല കുലുക്കി ക്വാരറ്റ്ക്ഷലിയ ഡബ്ൾ പൂർത്തിയാക്കി. വൈകാതെ ഡെംബലെയും ഗോൾവേട്ട രണ്ടാക്കി. കളി ഒരു മണിക്കൂർ പിന്നിടുംമുമ്പ് 5-2ന്റെ വലിയ ലീഡെടുത്തതോടെ കളി തണുപ്പിച്ച ആതിഥേയരുടെ നെഞ്ചിൽ അഗ്നി വർഷിച്ചായിരുന്നു പിന്നീട് ബയേൺ ഗോളുകൾ. 65ാം മിനിറ്റിൽ ഉപമനികാവോ സ്കോർ 5-3 ആക്കി. മൂന്നു മിനിറ്റിനിടെ ഹാരി കെയിൻ പാസിൽ ലൂയിസ് ഡയസും വല കുലുക്കി. സ്കോർ 5-4. കണ്ണുകൾ തുറന്നുപിടിച്ച് ഗാലറി കാത്തിരുന്ന നിമിഷങ്ങൾ. ഏത് ആംഗിളിലും പറന്നെത്തുന്ന പന്ത് ഗോൾവല കുലുക്കുമെന്നായ അവസാന മിനിറ്റുകളിൽ ഇരുടീമിന്റെയും പ്രതിരോധം കൂടുതൽ കരുതലെടുത്തതോടെ സ്കോർ ബോർഡ് പിന്നീട് ചലിച്ചില്ല.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് സെമിയിൽ ഒമ്പതു ഗോൾ പിറക്കുന്നത്. ഡെംബലെയും ക്വാരറ്റ്ക്ഷലിയും ഒപ്പം ഡിസയർ ഡൂവേയും ചേർന്ന മുന്നേറ്റമാണ് പി.എസ്.ജിയുടെ വിജയമുറപ്പിച്ചത്. അപ്രതീക്ഷിതമായി പിറക്കുന്ന അർധാവസരങ്ങൾ ഗോളാക്കി ക്വാരറ്റ്ക്ഷലി സൃഷ്ടിച്ച മിന്നായങ്ങൾ കളി കൂടുതൽ ചടുലമാക്കി. മറുവശത്ത്, ലൂയിസ് ഡയസും ഒലീസെയും നടത്തിയ അതിവേഗ നീക്കങ്ങളും കൗതുകം നിറച്ചു. രണ്ടാം പാദത്തിൽ ഫൈനലുറപ്പിക്കുന്നവർക്ക് അറ്റ്ലറ്റിക്കോ മഡ്രിഡ്- ആഴ്സനൽ സെമി ജേതാക്കളാകും കിരീടപ്പോരിൽ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

