പി.എസ്.ജി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്! ഇന്റർ മിലാനെ അഞ്ചു ഗോളുകൾക്ക് തകർത്ത് പാരീസ് ക്ലബിന് ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം
text_fieldsമ്യൂണിക്ക്: കളത്തിൽ മാസ്മരികത തീർത്ത മെസ്സിയും നെയ്മറും എംബാപ്പെയുമടക്കം കൂടുവിട്ടിട്ടും അഗ്നി ബാക്കിയെന്ന് തെളിയിച്ച് ലൂയി എന്റിക്വെയുടെ കുട്ടികൾക്ക് യൂറോപിന്റെ ചാമ്പ്യൻ മുത്തം.
ഒരു പതിറ്റാണ്ട് മുമ്പ് ബാഴ്സയെ കിരീടത്തിലെത്തിച്ച അതേ ആവേശം വിടാതെ പുതിയ തട്ടകത്തിലെത്തിയ പരിശീലകനൊപ്പം അശ്റഫ് ഹകീമിയും ഡിസയർ ഡൂവും കൂട്ടരും ചേർന്നാണ് പി.എസ്.ജിക്ക് കന്നിക്കിരീടത്തിന്റെ ഇരട്ടി മധുരം നൽകിയത്. മൂന്നുവട്ടം ചാമ്പ്യന്മാരായ ചരിത്രവുമായെത്തിയ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ടീം ചുരുട്ടിക്കെട്ടിയത്. പാരിസിയൻ ക്ലബിനായി ഡിസൈർ ഡുവോ ഇരട്ടഗോളുമായി (20, 63ാം മിനിറ്റുകൾ) തിളങ്ങി. അഷ്റഫ് ഹകീമി (12–ാം മിനിറ്റ്), ക്വിച്ച ക്വാരറ്റ്ക്ഷ്ലിയ (73), സെന്നി മയൂലു (86) എന്നിവരാണ് പി.എസ്.ജിയുടെ മറ്റു സ്കോറർമാർ.
മത്സരത്തിൽ പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ആധിപത്യം പുലർത്തിയത് പി.എസ്.ജി ആയിരുന്നു. ലോക ഫുട്‌ബാളിലെ വമ്പൻതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ ക്ലബിനായി ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാൻ കഴിയാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലൂയി എന്റിക്വെയുടെ കീഴിൽ ഒത്തൊരുമയോടെ കളിച്ച് ടീം സ്വന്തമാക്കിയത്.
ആദ്യാവസാനം വരെ കളിയിലും കളത്തിലും നിറഞ്ഞാടിയത് പി.എസ്.ജി തന്നെയായിരുന്നു. ആരാധകരുടെ മനസ്സിൽ ലഡു പൊട്ടിച്ച് 12ാം മിനിറ്റിൽ ഹകീമിയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ക്ലബിന്റെ ചരിത്രത്തിലെ ആദ്യ ഗോൾ. ഡിസൈർ ഡുവോയാണ് ഗോളിന് വഴിയൊരുക്കിയത്. അധികം വൈകാതെ യുവതാരം ഡുവോ ലീഡ് ഉയർത്തി. ഉസ്മാൻ ഡെംബലെ ഇടതു വിങ്ങിൽനിന്ന് നൽകിയ ക്രോസ് തകർപ്പനൊരു വോളിയിലൂടെ 19കാരൻ വലയിലാക്കി. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ ഡുവോ സ്വന്തമാക്കി.
പ്രതിരോധത്തിലായ ഇന്ററിന്‍റെ നീക്കങ്ങളും പാസ്സുകളും പിഴച്ചു. ലൗതാരോ മാർട്ടിനസും തുറാമും കാഴ്ചക്കാർ മാത്രമായിരുന്നു ആദ്യ മിനിറ്റുകളിൽ. ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ പി.എസ്.ജി ഗോൾ മുഖത്തേക്ക് ഇന്റർ മിലാൻ ആക്രമിച്ചു കയറിയെങ്കിലും പി.എസ്.ജിയുടെ പ്രതിരോധത്തിൽ തട്ടി വിഫലമായി. 2-0 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്.
രണ്ടാം പകുതിയിൽ കളത്തിൽ പി.എസ്.ജിയുടെ സമ്പൂർണ ആധിപത്യമായിരുന്നു. 63ാം മിനിറ്റിൽ ഡിസൈർ ഡുവോ തന്‍റെ രണ്ടാം ഗോൾ നേടി. പി.എസ്.ജിയുടെ പോർചുഗീസ് താരം വിറ്റിഞ്ഞ നൽകിയ പാസാണ് താരം വലയിലാക്കിയത്. ഗോൾ നേട്ടം ആഘോഷിക്കാൻ ജഴ്സിയൂരിയ താരത്തിന് മഞ്ഞകാർഡ്. പിന്നാലെ ഡിസൈറിനെ പിൻവലിച്ച് പകരക്കാരനായ ബ്രാഡ്‍ലി ബാർകോലയെ കളത്തിലിറക്കി.
73–ാം മിനിറ്റിൽ ക്വാരറ്റ്ക്ഷ്ലിയ കൂടി ഗോൾ നേടിയതോടെ പി.എസ്.ജി വിജയം ഉറപ്പിച്ചു, ഗാലറിയിൽ ആരാധകർ ആഘോഷവും തുടങ്ങി. 86ാം മിനിറ്റിൽ പകരക്കാരൻ സെന്നി മയുലുവും ഗോൾ നേടിയതോടെ പി.എസ്.ജിക്ക് അഞ്ചു ഗോളിന്‍റെ ലീഡ്. ഫൈനൽ വിസിൽ മുഴങ്ങിയതോടെ പി.എസ്.ജിയുടെ യൂറോപ്യൻ സ്വപ്നം പൂവണിഞ്ഞു. 2020ൽ നഷ്ടപ്പെട്ടുപോയ കിരീടമാണ് ടീം ഇത്തവണ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

