ഇസ്രായേലിനെതിരെ കളിക്കുന്ന ഐറിഷ് ടീമിനെതിരെ പ്രതിഷേധം; ഓസ്ട്രിയ്ക്കെതിരായ മത്സരം തടസപ്പെട്ടു
text_fieldsഡബ്ലിൻ: യുവേഫ നേഷൻസ് ലീഗിൽ ഇസ്രായേലിനെതിരെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ അയർലൻഡ് ടീമിനെതിരെ പ്രതിഷേധം, ഇന്ന് പുലർച്ചെ നടന്ന അയർലൻഡ് - ഓസ്ട്രിയ മത്സരം തടസപ്പെട്ടു. മത്സരം നടന്നുകൊണ്ടിരിക്കെ പ്രതിഷേധക്കാർ അവീവ സ്റ്റേഡിയത്തിലെ പിച്ചിലേക്ക് ഫലസ്തീൻ പതാക പതിച്ച ടെന്നീസ് പന്തുകൾ എറിഞ്ഞതോടെയാണ് മത്സരം താൽകാലികമായി നിർത്തിവെച്ചത്. 20 -ാം മിനിറ്റിലായിരുന്നു സംഭവം. കളിക്കാർക്ക് ചെറിയ ഇടവേള നൽകി രണ്ട് മിനിറ്റുകൾക്കകം തന്നെ മത്സരം പുനരാംഭിക്കുകയും ചെയ്തു.
ഇസ്രായേലിനെതിരായ മത്സരങ്ങളിൽ അയർലൻഡ് ടീം പങ്കെടുക്കുന്നതിനെതിരെ 'സ്റ്റോപ്പ് ദ ഗെയിം' എന്ന കാമ്പയിനിന്‍റെ ഭാഗമായിരുന്നു പ്രതിഷേധം. ഗസ്സയിലെ ഇസ്രായേലിന്റെ കൂട്ടകുരുതിക്കെതിരെ യൂറോപ്പിൽ ഏറ്റവും ശക്തമായി ശബ്ദമുയർത്തുന്ന രാജ്യങ്ങളിലൊന്നാണ് അയർലൻഡ്. ഫെബ്രുവരിയിൽ നടന്ന നേഷൻസ് ലീഗ് നറുക്കെടുപ്പിൽ ഇരു ടീമുകളും ഒരേ ഗ്രൂപ്പിൽ വന്നത് മുതൽ, ഇസ്രായേലുമായുള്ള മത്സരങ്ങൾ അയർലൻഡ് ടീം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ നടന്നുവരികയാണ്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിൽ ഫലസ്തീൻ പതാക ധരിച്ച ഒരാൾ മൈതാനത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ശേഷിക്കുന്ന സമയങ്ങളിൽ പ്രതിഷേധങ്ങളൊന്നുമുണ്ടായിരുന്നില്ല. മത്സരത്തിനിടെ നടന്നത് ഒരു പ്രതീകാത്മക പ്രതിഷേധമായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. "പ്രതിഷേധം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ഇതൊരു പ്രതീകാത്മക പ്രതിഷേധം മാത്രമായിരുന്നു. മനഃപൂർവം പരിമിതപ്പെടുത്തിയ ഒന്ന്. എങ്കിലും, വംശഹത്യ നേരിടുന്ന ഫലസ്തീൻ ജനതയോടും ഗാവിൻ ബസൂനുവിനോടുമുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ചെയ്ത ഈ പ്രതിഷേധം അത്യാവശ്യമായിരുന്നു," പ്രസ്താവനയിൽ പറയുന്നു.
സെപ്റ്റംബർ 28ന് നേഷൻസ് ലീഗിൽ അയർലൻഡും ഇസ്രായേലും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഐറിഷ് ടീം ജയിച്ച മത്സരത്തിന് തൊട്ടുമുമ്പ് അയർലൻഡ് ഗോൾകീപ്പർ ഗാവിൻ ബസുനു ടീമിൽ നിന്ന് പിന്മാറിയിരുന്നു. ഒക്ടോബർ അഞ്ചിന് അയർലൻഡ് വീണ്ടും ഇസ്രായേലിനെ നേരിടും.
അതേസമയം, അയർലൻഡ് - ഓസ്ട്രിയ മത്സരം ഇരുടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ തന്നെ ട്രോയ് പാരറ്റ് രണ്ട് ഗോളുകൾ അടിച്ച് അയർലൻഡിനെ മുന്നിലെത്തിച്ചിരുന്നു. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ഓസ്ട്രിയ മത്സരത്തിലേക്ക് മടങ്ങിയെത്തി. പകരക്കാരായി കളത്തിലിറങ്ങിയ അലക്സാണ്ടർ പ്രാസ്, മൈക്കിൾ ഗ്രെഗോറിച്ച് എന്നിവരാണ് ഓസ്ട്രിയക്കായി ഗോളുകൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

