പ്രീതം കോട്ടാൽ വിവാഹിതനായി
text_fieldsകൊൽക്കത്ത: മോഹൻ ബഗാൻ ക്യാപ്റ്റനും ഇന്ത്യൻ ഫുട്ബാൾ ടീമംഗവുമായ പ്രീതം കോട്ടാൽ വിവാഹിതനായി. ഏറക്കാലത്തെ പ്രണയത്തിനൊടുവിൽ സോണെല്ല പോളിനെയാണ് പ്രീതം ജീവിതസഖിയാക്കിയത്. ഗംഗാ തീരത്തെ ബാലി ഗാർഡനിൽ നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.
ഇക്കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ബഗാൻ കിരീടനേട്ടത്തിലെത്തിയതിനു പിന്നാലെ തന്റെ പ്രണയം പ്രീതം കോട്ടാൽ പരസ്യമാക്കിയിരുന്നു. മൈതാനത്ത് മുട്ടുകുത്തിനിന്ന് സോണെല്ലയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു 29കാരനായ ഈ പ്രതിരോധതാരം. ആ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതിനു പിന്നാലെയാണ് വിവാഹം നിശ്ചയിച്ചത്.
സോണെല്ലയുമൊത്ത് പുതിയ ജീവിതം തുടങ്ങുകയാണെന്ന് താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ അറിയിച്ചിരുന്നു. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ വൈകാതെ പോസ്റ്റ് ചെയ്യുകയും ചെയ്തു. പരമ്പരാഗത ബംഗാളി രീതിയിലായിരുന്നു ചടങ്ങുകൾ. മോഹൻ ബഗാൻ താരങ്ങൾ ഉൾപ്പെടെ പല പ്രമുഖരും വിവാഹ ചടങ്ങുകൾക്ക് സാക്ഷികളാകാനെത്തിയിരുന്നു.

