‘റൊണാൾഡോയുടെ സാന്നിധ്യം ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു’ -അൽ നസ്റിലെ സഹതാരം
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് സൗദി പ്രോ ലീഗിലെ തങ്ങളുടെ അവസ്ഥ എങ്ങനെ ദുഷ്കരമാക്കിയെന്ന് വിശദീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് അൽ-നസ്ർ മിഡ്ഫീൽഡർ ലൂയിസ് ഗുസ്താവോ. യൂറോപ്യൻ ഫുട്ബാളിൽ നിന്നകന്ന റോണോ, കഴിഞ്ഞ മാസമായിരുന്നു ഒരു ഫ്രീ ട്രാൻസ്ഫറിലൂടെ സൗദി ക്ലബ്ബായ അൽ നസ്റിനൊപ്പം ചേർന്നത്. സൗദി അറേബ്യയിൽ പ്രതിവർഷം 173 ദശലക്ഷം പൗണ്ട് സമ്പാദിക്കുന്ന അദ്ദേഹം ഇപ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനാണ്.
റൊണാൾഡോയുടെ വരവ് മിഡിൽ ഈസ്റ്റിലെ ആരാധകർക്ക് ആവേശം പകർന്നെങ്കിലും, താരത്തിന് തന്റെ ആദ്യ ഗോൾ നേടാൻ മൂന്ന് മത്സരങ്ങൾ വേണ്ടിവന്നു. കഴിഞ്ഞ വെള്ളിയാഴ്ച അൽ-ഫത്തേയ്‌ക്കെതിരെ നടന്ന മത്സരത്തിലെ ഇഞ്ചുറി ടൈമിലെ പെനാൽറ്റിയായിരുന്നു താരം ഗോളാക്കി മാറ്റിയത്. അതുപോലെ, അൽ നസ്റിന് വേണ്ടി റോണോ മൂന്ന് മത്സരങ്ങളിലാണ് ഇതുവരെ ബൂട്ടുകെട്ടിയത്. അതിൽ ഒന്നിൽ മാത്രമാണ് ടീമിന് ജയിക്കാനായതും.
റൊണാൾഡോയുടെ വരവ്, അൽ നസ്ർ ക്ലബ്ബിന്റെ കാര്യം കഷ്ടത്തിലാക്കിയെന്നാണ് മധ്യനിര താരമായ ഗുസ്താവോ പറയുന്നത്. അൽ ഫത്തേക്കെതിരെ സമനില പാലിച്ച മത്സരത്തിന് ശേഷമാണ് താരം പ്രതികരിച്ചത്. 38-കാരന്റെ സാന്നിധ്യം കാരണം സൗദി പ്രോ ലീഗ് ടേബിൾ-ടോപ്പർമാരെ തോൽപ്പിക്കാൻ എതിരാളികൾക്ക് അധിക പ്രചോദനമുണ്ടെന്ന് താരം വിശദീകരിച്ചു.
"തീർച്ചയായും റൊണാൾഡോയുടെ സാന്നിധ്യം കളിക്കളത്തിൽ ഞങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്, കാരണം എല്ലാ ടീമുകളും അവനെതിരെ ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ ശ്രമിക്കുന്നു, മാത്രമല്ല അദ്ദേഹം എതിർടീമിലുള്ളവർക്കെല്ലാം നന്നായി കളിക്കാൻ പ്രചോദനമാവുകയും ചെയ്യുന്നു." - ഗുസ്താവോ പറഞ്ഞു.
എന്നിരുന്നാലും, റൊണാൾഡോയുടെ സാന്നിധ്യം അൽ-നസ്റിലെ കളിക്കാർക്ക് സഹായകരമായിട്ടുണ്ടെന്ന് ഗുസ്താവോ പറഞ്ഞു. "അൽ-നസ്റിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഗ്രൂപ്പിന് വലിയ നേട്ടം കൂടിയാണ്, കാരണം സാങ്കേതികമായും ശാരീരികമായും അദ്ദേഹത്തിനുള്ള മികച്ച കഴിവുകൾ കണക്കിലെടുക്കുമ്പോൾ ഞങ്ങൾ റോണോയിൽ നിന്ന് എല്ലാ ദിവസവും പല കാര്യങ്ങൾ പഠിക്കുന്നുണ്ട്." - ഗുസ്താവോ കൂട്ടിച്ചേർത്തു.