സൺ ഹ്യൂങ് മിന്നിന് ഹാട്രിക്; ലെയ്സെസ്റ്റർ സിറ്റിയെ 2-6ന് തകർത്ത് ടോട്ടൻഹാം
text_fieldsപ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ടോട്ടൻഹാം പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. ലെയ്സെസ്റ്റർ സിറ്റിയെ 2-6നാണ് ടോട്ടൻഹാം പരാജയപ്പെടുത്തിയത്.
ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നിന്റെ ഹാട്രിക് പ്രകടനാണ് ടീമിന് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തിൽ ലെയ്സെസ്റ്ററാണ് ആദ്യം ലീഡ് നേടിയത്. ബോക്സിനുള്ളിൽ ഡേവിൻസൺ സാഞ്ചസ് ഫൗൾ ചെയ്തതതിന് ലഭിച്ച പെനാൽറ്റി ലെയ്സെസ്റ്റർ മധ്യനിര താരം യൂറി ടൈൽമാൻസ് ലക്ഷ്യത്തിലെത്തിച്ചു. രണ്ടു മിനിറ്റിനുള്ളിൽ ഹാരി കെയ്നിലൂടെ ടോട്ടാൻഹാം സമനില ഗോൾ നേടി. 21 മിനിറ്റിൽ എറിക് ഡയറിലൂടെ ടോട്ടൻഹാം മുന്നിലെത്തി. 41ാം മിനിറ്റിൽ ജെയിംസ് മാഡിസണിലൂടെ ലെയ്സെസ്റ്റർ ഒപ്പമെത്തി.
47ാം മിനിറ്റിൽ റോഡ്രിഗോ ബെന്റാൻകുറിലൂടെ വീണ്ടും ടോട്ടൻഹാം മുന്നിൽ. 73, 84, 86 മിനിറ്റുകളിലായിരുന്നു സൺ ഹ്യൂങ് മിന്നിന്റെ ഗോളുകൾ. ഇതോടെ ലീഗിൽ ഏഴു മത്സരങ്ങളിൽനിന്നായി അഞ്ചു ജയവും രണ്ടു സമനിലയുമായി ടോട്ടൻഹാം പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. 17 പോയിന്റുള്ള സിറ്റി ഗോൾ ശരാശരിയുടെ മുൻതൂക്കത്തിലാണ് ഒന്നാമത് തുടരുന്നത്.

