കിടിലൻ അക്രോബാറ്റിക് ഗോളുമായി ഹാലൻഡ്; സതാംപ്ടണെ തകർത്ത് സിറ്റിയുടെ തേരോട്ടം; കിരീട പോര് ആവേശത്തിലേക്ക്
text_fieldsപരിക്കിൽനിന്ന് മോചിതനായി കളത്തിൽ മടങ്ങിയെത്തിയ ‘ഗോൾ മെഷീൻ’ എർലിങ് ഹാലൻഡ് മിന്നിത്തിളങ്ങിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. പ്രീമിയർ ലീഗിൽ സതാംപ്ടണെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് സിറ്റി വീഴ്ത്തിയതോടെ ലീഗിലെ കിരീട പോര് കൂടുതൽ ആവേശകരമായി.
ലീഗിൽ ഒന്നാമതുള്ള ആഴ്സണലുമായി അഞ്ചു പോയന്‍റിന്‍റെ വ്യത്യാസം മാത്രം. കിടിലൻ ആക്രോബാറ്റിക് ഗോളടക്കം മത്സരത്തിൽ ഹാലൻഡ് രണ്ടു ഗോളുകൾ നേടി. ജാക്ക് ഗ്രീലിഷ്, ജൂലിയൻ അൽവാരസ് എന്നിവരും വലകുലുക്കി. സെക്കോ മാരയുടെ വകയായിരുന്നു സതാംപ്ടന്‍റെ ആശ്വാസ ഗോൾ. ആദ്യ പകുതി അവസാനിക്കാനിരിക്കെ 45ാം മിനിറ്റിൽ ഹാലൻഡാണ് സിറ്റിക്കായി ആദ്യ ഗോൾ നേടിയത്. ഗ്രീലിഷിന്‍റെ പാസ് സ്വീകരിച്ച ഡിബ്രുയിൻ ബോക്സിലേക്ക് പന്ത് ഉയർത്തി നൽകി. ചാടി ഉയർന്ന ഹാലൻഡ് തകർപ്പൻ ഹെഡറിലൂടെ കൃത്യമായി പന്ത് വലയിലെത്തിച്ചു.
58ാം മിനിറ്റിൽ ഗ്രീലിഷിലൂടെ സിറ്റി ലീഡ് ഉയർത്തി. മൈതാന മധ്യത്ത് നിന്ന് ഡിബ്രുയിൻ അളന്നു മുറിച്ചു നൽകിയ പാസ് സ്വീകരിച്ച ഗ്രീലിഷ് ബോക്സിലേക്ക് അതിവേഗം കുതിച്ചു. ആദ്യത്തെ ഷോട്ട് ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ പന്ത് കൃത്യമായി വലയിലെത്തിച്ചു. 68ാം മിനുറ്റിലായിരുന്നു ഹാലൻഡിന്റെ ആ സൂപ്പർ ഗോൾ പിറന്നത്. ഗ്രീലിഷ് ബോക്സിലേക്ക് പൊക്കി നൽകിയ പന്ത് ഒരു അക്രോബാറ്റിക് ഷോട്ടിലൂടെ ഹാലൻഡ് വലയിലാക്കുമ്പോൾ, ഗാലറി അത്ഭുതത്തോടെ നോക്കിനിന്നു.
പരിക്കിൽനിന്ന് മുക്തനായി കളത്തിലെത്തിയ ഹാലൻഡിന്‍റെ വീര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്‍റെ പ്രകടനം. പിന്നാലെ താരത്തെ പിൻവലിച്ച് ജൂലിയൻ അൽവാരസിനെ കളത്തിലിറക്കി. 72ാം മിനിറ്റിൽ സെക്കോ മാര സതാംപ്ടണായി ഒരു ഗോൾ മടക്കി. പകരക്കാരനായെത്തിയ അൽവാരസാണ് പെനാൽറ്റിയിലൂടെ 75ാം മിനിറ്റിൽ ടീമിനായി നാലാം ഗോൾ നേടിയത്.
സീസണിൽ സിറ്റിക്കായി ഹാലൻഡിന്‍റെ ഗോൾ നേട്ടം 30 ആയി. അഞ്ചു ഗോളുകൾ കൂടി നേടിയാൽ പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളെന്ന ആൻഡി കോളിന്റെയും അലൻ ഷിയററുടെയും (34 ഗോളുകൾ വീതം) റെക്കോർഡ് ഹാലൻഡിന് മറികടക്കാനാകും. ലീഗിൽ ഒന്നാമതുള്ള സിറ്റിക്ക് 29 മത്സരങ്ങളിൽനിന്നായി 72 പോയന്‍റാണുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് സിറ്റിക്ക് 67 പോയന്‍റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

