പ്രീമിയർ ലീഗ്; യുനൈറ്റഡിനും ലിവർപൂളിനും ജയം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും ജയം. ലിവർപൂൾ 2-0ത്തിന് ബ്രൈറ്റണിനെ കീഴടക്കിയപ്പോൾ യുനൈറ്റഡ് 3-2ന് ടോട്ടൻഹാമിനെ മറികടന്നു. ബ്രെൻഡ്ഫോഡ് 2-0ത്തിന് ബേൺലിയെ തോൽപിച്ചു. ലിവർപൂളിനായി ലൂയിസ് ഡയസും മുഹമ്മദ് സലാഹുമാണ് സ്കോർ ചെയ്തത്. ടോട്ടൻഹാമിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലായിരുന്നു യുനൈറ്റഡിന്റെ ജയം. 12, 38, 81 മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. ആദ്യം ഉജ്ജ്വല ലോങ് റേഞ്ചർ, പിന്നീട് ഫസ്റ്റ് ടൈം ടാപ് ഇൻ, ഒടുവിൽ തകർപ്പൻ ഹെഡർ. ഹാരി കെയ്നിലൂടെയും ഹാരി മഗ്വയറിന്റെ സെൽഫ് ഗോളിലൂടെയും തിരിച്ചുവരാൻ ശ്രമിച്ച ടോട്ടൻഹാമിനെ റൊണാൾഡോ ഒറ്റക്ക് തകർക്കുകയായിരുന്നു.
സീരി എ: മിലാന് ജയം
റോം: ഇറ്റാലിയൻ സീരി എയിൽ ഒന്നാമതുള്ള എ.സി മിലാന് ജയം. പിയറി കലുലുവിന്റെ ഗോളിൽ എംപോളിയെയാണ് മിലാൻ കീഴടക്കിയത്. യുവന്റസ് 3-1ന് സംപ്ദോറിയയെയും സ്പെസിയ 2-0ത്തിന് കാഗ്ലിയാരിയെയും തോൽപിച്ചപ്പോൾ സലേർനിറ്റാനയും സസൗളോയും 2-2ന് സമനിലയിൽ പിരിഞ്ഞു.
ബുണ്ടസ് ലിഗ: ബയേണിന് സമനില
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗയിൽ ഒന്നാം സ്ഥാനക്കാരായ ബയേൺ മ്യൂണികിന് സമനില. ഹോഫൻഹൈമാണ് ബയേണിനെ 1-1ന് പിടിച്ചുകെട്ടിയത്.
ലാ ലിഗ: അത്ലറ്റികോക്ക് ജയം
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കരുത്തരായ അത്ലറ്റികോ മഡ്രിഡിന് ജയം. 2-1ന് കാഡിസിനെയാണ് അത്ലറ്റികോ കീഴടക്കിയത്.

