പ്രീമിയർ ലീഗ്: എഫ്.സി കേരളയും ഗോൾഡൻ ത്രെഡ്സും സമനിലയിൽ
text_fieldsകോഴിക്കോട്: എലൈറ്റ് പ്രീമിയർ ലീഗിൽ എഫ്.സി കേരളയും ഗോൾഡൻ ത്രെഡ്സ് ഫുട്ബാൾ ക്ലബും 2 -2 സമനിലയിൽ. കളിയാരംഭിച്ച് അഞ്ചാം മിനിറ്റിൽ ഗോൾഡൻ ത്രെഡിന്റെ മിഡ്ഫീൽഡർ ഷൽബിൻ ബെന്നിക്ക് എഫ്.സി കേരളയുടെ മുന്നേറ്റത്തെ തടയുന്നതിനിടെ മഞ്ഞക്കാർഡ് ലഭിച്ചു. ആറാം മിനിറ്റിൽ എഫ്.സി കേരളയുടെ ഫോർവേഡ് മുഹമ്മദ് നിഹാൽ ഹെഡ് ചെയ്ത് നേടിയ ഗോളിലൂടെ 1 -0ത്തിന്റെ ലീഡുയർത്തി.
ഗോൾ ശ്രമത്തിനിടെ ഗോൾഡൻ ത്രെഡിന്റെ ഗോൾ കീപ്പർ മുഹമ്മദ് മുബശിറുമായി കൂട്ടിയിടിച്ച് നിഹാലിന് തലക്ക് പരിക്കുപറ്റി അൽപനേരം കളിക്കളത്തിൽ കിടന്നു. രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനകംതന്നെ ഗോൾഡൻ ത്രെഡിന്റെ മിഡ്ഫീൽഡർ സി.വി. വിഷ്ണു ഗോൾ മടക്കി 1 -1 സമനിലയിലായി. 60ാം മിനിറ്റിൽ എഫ്.സി കേരളയുടെ ഫോർവേഡ് അച്ചുതങ്കച്ചൻ രണ്ടാമത്തെ ഗോളും നേടി 2 -1 ലീഡായി. ഇഞ്ചുറി സമയമായ 94ാം മിനിറ്റിൽ ഗോൾഡൻ ത്രെഡിന്റെ ഫോർവേഡ് അജ്മൽ കാജ ലഭിച്ച അവസരം മുതലെടുത്ത് മത്സരം 2 -2 സമനിലയിലെത്തിച്ചു.
വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഇന്റർ കേരള എഫ്.സിയുമായി മഞ്ചേരിയിൽ ഏറ്റുമുട്ടും. അടുത്ത നാലു കളികൾ മഞ്ചേരിയിൽ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 14ന് എഫ്.സി കേരളയും കെ.എസ്.ഇ.ബിയുമായി കോഴിക്കോട്ട് ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

