യുക്രെയ്ന് പിന്തുണയമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ക്യാപ്റ്റൻമാർ കൈകളിൽ പ്രത്യേക ബാൻഡണിയും
text_fieldsലണ്ടൻ: റഷ്യൻ അധിനിവേശത്തിൽ യുക്രെയ്ന് പിന്തുണയുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗും. പിന്തുണയറിയിച്ച് പ്രീമിയർ ലീഗ് ടീമുകളുടെ ക്യാപ്റ്റൻമാർ പ്രത്യേക ആംബാൻഡണിയും. മാർച്ച് അഞ്ച് മുതൽ ഏഴ് വരെ പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരങ്ങൾക്കിടെയാണ് ക്യാപ്റ്റൻമാർ പ്രത്യേക ആംബാൻഡണിഞ്ഞ് എത്തുക.
യുക്രെയ്ൻ നിറങ്ങളിലുള്ള ആംബാൻഡുമായി 20 ക്യാപ്റ്റൻമാരാകും അണിനിരക്കുക. കാണികളും തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും പ്രീമിയർ ലീഗ് അധികൃതർ അഭ്യർഥിച്ചു. എല്ലാ കളിക്ക് മുമ്പായും മാച്ച് ഒഫീഷ്യൽസ്, കളിക്കാർ, ടീം മാനേജർമാർ എന്നിവർ യുക്രെയ്ന് ഐക്യദാർഢ്യം അറിയിക്കുമെന്നും പ്രീമിയർ ലീഗ് അധികൃതർ വ്യക്തമാക്കി.
ഇതിനൊപ്പം സ്റ്റേഡിയത്തിലെ വലിയ സ്ക്രീനുകളിൽ ഫുട്ബാൾ സ്റ്റാൻഡ്സ് ടുഗേതർ എന്ന എഴുത്തും തെളിയും. പ്രീമിയർ ലീഗിന്റെ ഡിജിറ്റൽ ചാനലുകളിൽ യുക്രെയ്ൻ പതാകയുടെ നിറങ്ങൾ നിറയുമെന്നും അധികൃതർ അറിയിച്ചു.

