പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ആഴ്സനൽ; ഗൺമുന്നിൽ കപ്പ്
text_fieldsഎവർട്ടനെതിരെ ഗോൾ നേടിയ ആഴ്സനൽ താരം മാക്സ് ഡൗമാന്റെ ആഘോഷം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആഴ്സനൽ ജയിക്കുകയും മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങുകയും ചെയ്തതോടെ കിരീട സാധ്യതകളും തെളിഞ്ഞുവരുന്നു. എവർട്ടനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച ഗണ്ണേഴ്സിന് 31 മത്സരങ്ങളിൽ 70 പോയന്റായി. അതേസമയം, രണ്ടാം സ്ഥാനക്കാരായ സിറ്റിയെ വെസ്റ്റ് ഹാം യുനൈറ്റഡ് 1-1 സമനിലയിൽ തളച്ചു. ഇതുവഴി പോയന്റ് വ്യത്യാസം ഒമ്പതാക്കാൻ ആഴ്സനലിനായി. 30 മത്സരങ്ങൾ കളിച്ച സിറ്റിയുടെ സമ്പാദ്യം 61 പോയന്റാണ്. ആഴ്സനലിന് ഏഴും സിറ്റിക്ക് എട്ടും കളികളാണ് ബാക്കി. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ 22 വർഷത്തിന് ശേഷം പ്രീമിയർ ലീഗ് കിരീടം വീണ്ടും എമിറേറ്റ്സ് സ്റ്റേഡിയത്തിലെത്തും. മറ്റൊരു കളിയിൽ ചെൽസി ഒറ്റ ഗോളിന് ന്യൂകാസിൽ യുനൈറ്റഡിനോട് തോറ്റു.
മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കാനിരിക്കെയാണ് എവർട്ടന്റെ വലയിൽ ആഴ്സനൽ രണ്ടുതവണ നിറയൊഴിച്ചത്. 89ാം മിനിറ്റിൽ വിക്ടർ ഗിയേകെറസും ഇൻജുറി ടൈമിൽ കൗമാര താരം മാക്സ് ഡൗമാനും (90+7) ഗോൾ നേടി. വെസ്റ്റ് ഹാമിന്റെ തട്ടകത്തിലാണ് സിറ്റി കുരുങ്ങിയത്. 31ാം മിനിറ്റിൽ ബെർണാഡോ സിൽവ സന്ദർശകരെ മുന്നിലെത്തിച്ചിരുന്നു. തൊട്ടുപിന്നാലെ കോൺസ്റ്റാന്റിനോസ് മൗറോപനോസിലൂടെ (35) തിരിച്ചടി. ചെൽസി സ്റ്റാംഫോഡ് ബ്രിഡ്ജിലെ സ്വന്തം കാണികൾക്ക് മുന്നിലാണ് ന്യൂകാസിലിനോട് മുട്ടുമടക്കിയത്. 18ാം മിനിറ്റിൽ ആന്തണി ഗോർഡൻ സ്കോർ ചെയ്തത് വിജയ ഗോളായി. 30 മത്സരങ്ങളിൽ 48 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് നീലപ്പടയിപ്പോൾ.
മൂന്നിൽ കയറി യുനൈറ്റഡ്
പോയന്റ് നിലയിലെ മൂന്നാംസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആസ്റ്റൻ വില്ലയെ മാഞ്ചസ്റ്റർ യുനൈറ്റഡ് 3-1ന് തരിപ്പണമാക്കി. ഓൾഡ് ട്രാഫോഡിൽ നടന്ന കളിയുടെ ആദ്യ 50 മിനിറ്റുകൾക്ക് ശേഷമാണ് നാല് ഗോളും പിറന്നത്. 53ാം മിനിറ്റിൽ കാസെമിറോയിലൂടെ ആതിഥേയർ അക്കൗണ്ട് തുറന്നു. 64ാം മിനിറ്റിൽ വില്ലക്കായി റോസ് ബർക്കിലി തിരിച്ചടിച്ചതോടെ 1-1. എന്നാൽ, യുനൈറ്റഡ് വിട്ടുകൊടുക്കാൻ തയാറായില്ല. 71ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയും 81ൽ ബെഞ്ചമിൽ സെസ്കോയും വില്ലയുടെ വലകുലുക്കി ജയം ആധികാരികമാക്കി.
30 വീതം മത്സരങ്ങൾ പൂർത്തിയാക്കി യുനൈറ്റഡ് (54) മൂന്നും വില്ല (51) നാലും സ്ഥാനങ്ങളിലാണ്. നോട്ടിങ്ഹാം ഫോറസ്റ്റ്-ഫുൾഹാം പോരാട്ടം ഗോൾരഹിത സമനിലയിലും കലാശിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോൾ സ്കോററെന്ന റെക്കോഡ് ഇനി ആഴ്സനൽ താരം മാക്സ് ഡൗമാന് സ്വന്തം. കഴിഞ്ഞ ദിവസം എവർട്ടനെതിരായ മത്സരത്തിൽ ഗോൾ നേടുമ്പോൾ 16 വയസ്സും 73 ദിവസവുമായിരുന്നു ഇംഗ്ലീഷ് കൗമാരക്കാരന് പ്രായം. മുൻ എവർട്ടൻ താരം ജെയിംസ് വോണിന്റെ റെക്കോഡാണ് ഡൗമാൻ തകർത്തത്. 2005ൽ ക്രിസ്റ്റൽ പാലസിനെതിരെ ഗോൾ നേടുമ്പോൾ വോണിന് 16 വയസ്സും 270 ദിവസവുമായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് ഡൗമാൻ. അറ്റാക്കിങ് മിഡ്‌ഫീൽഡറായും വിങ്ങറായും കളിക്കുന്ന താരം 15ാം വയസ്സിലാണ് ആഴ്സനലിന്റെ ഒന്നാംനിരയിൽ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

