പോളിഷ് വാസം എസ്ദാനിൽ
text_fieldsഎസ്ദാൻ പാലസ് ഹോട്ടൽ
ലോകകപ്പ് ഗ്രൂപ് 'സി'യിൽ അർജന്റീന, സൗദി അറേബ്യ, മെക്സികോ എന്നിവർക്കൊപ്പമാണ് പോളണ്ടിന്റെ സ്ഥാനം. ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ഏറ്റവുമേറെ ശ്രദ്ധിക്കുന്ന ഗ്രൂപ്പിൽ കരുത്ത് പ്രകടിപ്പിക്കാൻ ശേഷിയുള്ളവരാണ് റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളിഷ് പട. 1974 ജർമനിയിലും 1982 സ്‍പെയിനിലും തങ്ങളുടെ സുവർണ നിരയുമായെത്തി മൂന്നാം സ്ഥാനക്കാരായ മടങ്ങിയതാണ് പോളണ്ടിന്റെ ലോകകപ്പ് കളത്തിലെ മികച്ച പ്രകടനം.
പോളണ്ട് ക്യാപ്റ്റൻ റോബർട് ലെവൻഡോവ്സ്കി സഹതാരം കാമിൽ റോസികി എന്നിവർ
രണ്ടു ലോകകപ്പിന്റെ ഇടവേളക്കുശേഷം, 2018 റഷ്യയിൽ മടങ്ങിയെത്തിയവർ ഇത്തവണ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയുടെ മിന്നും പ്രകടനത്തിലൂടെതന്നെ ഖത്തറിലേക്ക് യോഗ്യത നേടുകയായിരുന്നു. ബാഴ്സലോണക്കുവേണ്ടി ഗോളടിച്ചുകൂട്ടുന്ന ലെവൻഡോവ്സ്കിക്കൊപ്പം യുവന്റസിന്റെ അർകാഡിയസ്, നാപോളിയുടെ പിറ്റർ സിലിൻസ്കി എന്നിവരുടെ മികവോടെയാണ് പോളണ്ട് ഖത്തറിലെത്തുന്നത്.
ക്യാമ്പ് എസ്ദാനിൽ; പരിശീലനം അൽ ഖർതിയാതിൽ
അത്യാഡംബരമായ എസ്ദാൻ പാലസ് ഹോട്ടലിലാണ് പോളിഷ് പടയുടെ താമസം. ദോഹയിൽനിന്ന് 15 മിനിറ്റ് ഓടിയാൽ എത്താവുന്ന ദൂരം. ഹമദ് വിമാനത്താവളത്തിൽനിന്നും 25 കിലോമീറ്റർ അകലെയാണ് എസ്‍ദാൻ പാലസ്. ഹോട്ടലിൽനിന്നും 7.5 കിലോമീറ്റർ ദൂരെ അൽ ഖർതിയാത് ട്രെയിനിങ് ഗ്രൗണ്ടിലാണ് ടീമിന്റെ പരിശീലനം. ഹോട്ടലിൽനിന്നും പത്തു മിനിറ്റ് മാത്രം ഓട്ടം. പരമ്പരാഗത അറബിക് വാസ്തുവിദ്യയിലെ നിർമാണമാണ് എസ്ദാൻ പാലസ് ഹോട്ടലിന്റെ ആകർഷകത്വം.
അൽ ഖറൈതിയാത് ക്ലബിന്റെ ആസ്ഥാനം. ഇവിടെയാണ് പോളണ്ട് ടീമിന്റെ പരിശീലനം
കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും ഏറെ ആകർഷകമാവുന്നതും ഇതു തന്നെയാണ്. ആഡംബര റൂമുകൾ, സ്വിമ്മിങ് പൂൾ, ഫിറ്റ്നസ് ഏരിയ, വൈവിധ്യമാർന്ന രുചികളോടെയുള്ള പാചകങ്ങൾ എന്നിവ അതിഥികൾക്കായി തയാറാക്കുന്നതായി എസ്ദാൻ ഹോട്ടൽ ഗ്രൂപ് ജനറൽ മാനേജർ വാഇൽ അൽ ടെൽബാനി പറയുന്നു. സ്യൂട്ട് ഉൾപ്പെടെ 195 റൂമുകളോടെയാണ് അതിഥികളെ വരവേൽക്കുന്നത്. 100 റൂമുകൾ പോളണ്ട് ടീമിനായി നീക്കിവെച്ചതായി അധികൃതർ പറഞ്ഞു. 1905 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബാൾ റൂമം, അഞ്ച് മീറ്റിങ് റൂം എന്നിവയും സേവനവും ടീമിനുണ്ടാവും.
അറബ് കപ്പ് വേളയിൽ സൗദി, ബഹ്റൈൻ ടീമുകളുടെ താമസമൊരുക്കിയത് എസ്ദാനിലായിരുന്നു. പോളണ്ട് ന്യൂട്രീഷ്യൻ സ്‍പെഷലിസ്റ്റുമായി ചർച്ചചെയ്താണ് ടീമിന്റെ ഭക്ഷണവും മെനുവും തയാറാക്കിയതെന്ന് ടെൽബാനി പറഞ്ഞു. ഇംഗ്ലീഷ്, പോളിഷ് ഉൾപ്പെടെ വിവിധ ഭാഷകൾ സംസാരിക്കുന്ന പ്രത്യേക സ്‍പെഷലിസ്റ്റുകളെയും ടീമുകളെ സഹായത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഫിഫ അക്കമഡേഷൻ സംഘത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് ടീമിന്റെ സുരക്ഷ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഉറപ്പാക്കുന്നതായും ജനറൽ മാനേജർ പറഞ്ഞു.
കളിക്കളങ്ങൾ അരികെ
നവംബർ 26ന് സൗദി അറേബ്യക്കെതിരെ നടക്കുന്ന മത്സരത്തിന്റെ വേദി എജുക്കേഷൻ സിറ്റി സ്റ്റേഡിയമാണ്. ഇവിടേക്കാണ് പോളണ്ടിന്റെ ഏറ്റവും കൂടിയ ദൂരം.23.4 കിലോമീറ്റർ. 23 മിനിറ്റ് സമയം ഓടിയാൽ വേദിയിലെത്താവുന്ന ദൂരം. മെക്സികോ (നവംബർ 22), അർജന്റീന (30) ടീമുകൾക്കെതിരായ മത്സരങ്ങൾക്ക് സ്റ്റേഡിയം 974 വേദിയാവും. ഇവിടേക്ക് 7.6 കിലോമീറ്റർ മാത്രം ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

