ലിവർപൂളിനെ അട്ടിമറിച്ച് രണ്ടാംനിര ക്ലബ്; ചെമ്പട എഫ്.എ കപ്പിൽനിന്ന് പുറത്ത്
text_fieldsലണ്ടൻ: എഫ്.എ കപ്പ് നാലാം റൗണ്ടിൽ കരുത്തരായ ലിവർപൂളിനെ ഞെട്ടിച്ച് രണ്ടാംനിര ലീഗായ ചാമ്പ്യൻഷിപ്പിൽ അവസാന സ്ഥാനത്തുള്ള പ്ലൈമൗത്ത്. സ്വന്തം തട്ടകമായ ഹോംപാർക്കിൽ ചെമ്പടയെ എതിരില്ലാത്ത ഒരു ഗോളിന് പ്ലൈമൗത്ത് കീഴടക്കി.
ആഴ്സനലിനും ചെൽസിക്കും പിന്നാലെ ലിവർപൂളും എഫ്.എ കപ്പിൽനിന്ന് പുറത്തായി. 53ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റയാൻ ഹാർഡിയാണ് പ്ലൈമൗത്തിന്‍റെ വിജയഗോൾ നേടിയത്. ബോക്‌സില്‍ ഹാര്‍വി എലിയറ്റ് പന്ത് കൈ കൊണ്ട് തൊട്ടതിനാണ് പെനാല്‍റ്റി ലഭിച്ചത്. മുഹമ്മദ് സലാഹ്, വിര്‍ജില്‍ വാന്‍ ഡെക്, അലക്സാണ്ടര്‍ അര്‍ണോള്‍ഡ് ഉൾപ്പെടെ കഴിഞ്ഞ മത്സരം കളിച്ച 10 പ്രധാന താരങ്ങളെ പുറത്തിരുത്തിയാണ് ആർനെ സ്ലോട്ട് ടീമിനെ ഇറക്കിയത്. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ലിവർപൂൾ മുന്നിൽ നിന്നിട്ടും എതിരാളികളുടെ വലകുലുക്കാൻ മാത്രം സന്ദർശകർക്ക് കഴിഞ്ഞില്ല.
ലൂയിസ് ഡയസ്, ഡിയോഗോ ജോട്ട, ഫെഡറിക്കോ കിയേസ എന്നിവര്‍ അണിനിരന്നിട്ടും പ്ലൈമൗത്തിന്റെ പ്രതിരോധം മറികടക്കാനായില്ല. പ്ലൈമൗത്ത് ഗോള്‍കീപ്പര്‍ കോണര്‍ ഹസാര്‍ഡ് നിര്‍ണായകമായ സേവുകളുമായി ടീമിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവസാന മിനിറ്റുകളിൽ ഡിയോഗോ ജോട്ടയുടെയും പകരക്കാരൻ ഡാർവിൻ ന്യൂനസിന്‍റെയും ഗോൾശ്രമങ്ങൾ ഹസാര്‍ഡ് രക്ഷപ്പെടുത്തി. സ്ലോട്ടിനു കീഴിൽ ലിവർപൂൾ ഒരു ചാമ്പ്യൻഷിപ്പിൽനിന്ന് പുറത്താകുന്നത് ആദ്യമാണ്.
ബുധനാഴ്ച പ്രീമിയർ ലീഗിൽ എവർട്ടണെതിരെയാണ് ലിവർപൂളിന്‍റെ അടുത്ത മത്സരം. കരബാവോ കപ്പിൽ സെമിയിൽ ടോട്ടൻഹാമിനെ 4-0ത്തിന് തകർത്ത ടീമിലെ ഗോൾ കീപ്പർ കെല്ലഹർ മാത്രമാണ് ടീമിലുണ്ടായിരുന്നത്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ചെമ്പട ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടറിലേക്കും കരബാവോ കപ്പ് ഫൈനലിനും യോഗ്യത നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

