കലിംഗയിൽ പ്ലേഓഫ് യുദ്ധം; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷ എഫ്.സിക്കെതിരെ
text_fields1. ഒഡിഷ എഫ്.സി താരങ്ങൾ പരിശീലനത്തിൽ 2.കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
ഭുവനേശ്വർ: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് കലിംഗ യുദ്ധം. കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആദ്യ പ്ലേഓഫിൽ ഒഡിഷ എഫ്.സിയെ തോൽപിച്ചാൽ ബ്ലാസ്റ്റേഴ്സിന് സെമിയിലെത്താം. നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് സെമി മത്സരത്തിനായി കാത്തിരിക്കുന്നത്. മാസങ്ങൾക്കുശേഷം അഡ്രിയാൻ ലൂണ കളിക്കുമെന്നതാണ് ആരാധകർക്ക് ഹാപ്പി ന്യൂസ്.
പകരക്കാരനായി രണ്ടാം പകുതിയിൽ ലൂണ കളിക്കുമെന്നാണ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. പരിക്കേറ്റ മറ്റൊരു സൂപ്പർ താരം ദിമത്രിയോസ് ഡയമന്റക്കോസ് കളിക്കുമോയെന്ന ചോദ്യത്തിന് വിശകലനം ചെയ്തശേഷം തീരുമാനിക്കുമെന്നാണ് പരിശീലകന്റെ മറുപടി. പ്രബീർദാസിനും ആരോഗ്യപ്രശ്നമുണ്ടെന്നും ടീമിനൊപ്പമില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഹമ്മദ് അയ്മനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു
സീസണിൽ ഗംഭീരമായി തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് താരങ്ങളുടെ പരിക്കാണ് വലിയ വെല്ലുവിളി. എവേ ഗ്രൗണ്ടിൽ പ്രതീക്ഷിച്ച പ്രകടനമില്ലാത്തും തലവേദനയാണ്. കഴിഞ്ഞ കളിയിൽ ഹൈദരാബാദിനെ എവേ മൈതാനത്ത് കീഴടക്കിയതിന്റെ ആശ്വാസവും ടീമിനുണ്ട്. പരസ്പരം ഏറ്റുമുട്ടിയ കഴിഞ്ഞ ഏഴ് കളികളിൽ ഒഡിഷക്ക് ബ്ലാസ്റ്റേഴ്സിനെ തോൽപിക്കാനായത് രണ്ടുതവണ മാത്രമാണെന്നത് മറ്റൊരാശ്വാസമാണ്.
അടുത്തിടെ നടന്ന മത്സരങ്ങളിൽ ഒഡിഷക്ക് കൂടുതൽ വിജയങ്ങൾ നേടാനായിട്ടുമില്ല. അതേസമയം, കലിംഗയിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളും ഒഡിഷയോട് തോൽക്കാനായിരുന്നു വിധി. പ്രധാന താരങ്ങൾക്ക് പരിക്ക് കാരണം ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്തേണ്ടി വന്നുവെന്നും നോക്കൗട്ട് മത്സരമായ പ്ലേഓഫിൽ അത്തരം ദീർഘകാല പദ്ധതികൾ ആലോചിക്കാനാവില്ലെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.
ടീം വഴങ്ങിയ 31 ഗോളുകളിൽ 39 ശതമാനവും സെറ്റ്പീസുകളിൽ നിന്നുള്ളതാണ്. ഒഡിഷ സ്ട്രൈക്കർമാരായ ഡീഗോ മൗറീഷ്യോയും റോയ് കൃഷ്ണയും ശക്തരാണെങ്കിലും ഗോളുകൾ കണ്ടെത്താൻ മറക്കുന്നത് ഒഡിഷക്ക് തലവേദനയാണ്.
നോർത്ത് ഈസ്റ്റ് യുനൈറ്റഡിനോട് തോറ്റാണ് സെർജിയോ ലെബേറ പരിശീലിപ്പിക്കുന്ന ഒഡിഷയുടെ വരവ്. 22 കളികളിൽ 39 പോയന്റുമായി നാലാം സ്ഥാനത്തായി ഇവർ. 33 പോയന്റാണ് അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ജയിക്കാൻ സജ്ജരായി നിൽകുകയാണെന്ന് മലയാളി താരം മുഹമ്മദ് അയ്മൻ പറഞ്ഞു. അഡ്രിയാൻ ലൂണ ഇന്ന് കളിച്ചേക്കും. ദിമത്രിയോസ് ഡയമന്റക്കോസും ഇറങ്ങിയാൽ മഞ്ഞപ്പടക്ക് തന്നെയാകും മുൻതൂക്കം.

