വിലക്കു കാലം കഴിഞ്ഞ് പോഗ്ബ ബൂട്ടുകെട്ടി; ആരവങ്ങളോടെ വരവേറ്റ് ആരാധകർ
text_fieldsപോൾ പോഗ്ബ
പാരിസ്: ഉത്തേജക പരിശോധനയിൽ കുരുങ്ങി രണ്ടു വർഷത്തെ വിലക്കു കാലവും പിന്നിട്ട് ഫ്രാൻസിലെ ലോകചാമ്പ്യൻ ടീം അംഗ പോൾ പോഗ്ബ വീണ്ടും ബൂട്ടുകെട്ടി. ശനിയാഴ്ച രാത്രിയിൽ ഫ്രഞ്ച് ലീഗ് ക്ലബായ എ.എസ് മൊണാകോക്ക് വേണ്ടിയായിരുന്നു കളിയുടെ 85ാം മിനിറ്റിൽ പോഗ്ബ കളത്തിലിറങ്ങിയത്.
ഫുട്ബാൾ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്തേകജ വിവാദത്തെ തുടർന്ന് 2024 ഫെബ്രുവരിയിലായിരുന്നു പോൾ പോഗ്ബയെ നാലു വർഷത്തേക്ക് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിലക്കിത്. 2023 സെപ്റ്റംബറിൽ ലഹരി പരിശോധനയിൽ കുരുങ്ങിയതിനു പിന്നാലെ യുവന്റസ് താരത്തെ ഫുട്ബാളിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇറ്റലിയുടെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണൽ (നാഡോ) നാലു വർഷ വിലക്കാണ് ഏർപ്പെടുത്തിയത്. ഇതിനെ, ചോദ്യം ചെയ്ത് കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചതോടെ വിലക്ക് 18 മാസമായി കുറച്ചു. ഈവിലക്ക് കലാവധിയും കഴിഞ്ഞാണ് താരം ശനിയാഴ്ച പുതിയ ടീമിനൊപ്പം ബൂട്ടുകെട്ടിയത്.
വിലക്ക് കലാവധി മാർച്ചിൽ തന്നെ പൂർത്തിയായെങ്കിലും, കണങ്കാലിലേറ്റ പരിക്ക് കാരണം തിരിച്ചുവരവ് വൈകുകയായിരുന്നു.
85ാം മിനിറ്റിൽ കളത്തിലിറങ്ങിയ താരത്തെ ഗാലറിയിൽ എഴുന്നേറ്റ് നിന്നായിരുന്നു ആരാധകർ സ്വാഗതം ചെയ്തത്. ‘കാണികളുടെ ഈ സ്നേഹവും, ആരവവും ഇനിയൊരിക്കലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. ഏറ്റവും പ്രിയപ്പെട്ട ഫുട്ബാളിലേക്ക് തിരികെയെത്തുന്നത് അഭിമാനകരം. എങ്കിലും 90 മിനിറ്റും കളിക്കാൻകഴിയും വിധം ഫിറ്റ്നസ് വീണ്ടെടുക്കണം. മോണോകോയിൽ നന്നായി കളിച്ചാൽ മാത്രമേ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരും സ്വപ്നംകാണാനാവൂ. എന്റെ മികവിൽ എനിക്ക് വിശ്വാസമുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ, ഒരിക്കലും പ്രതീക്ഷയും കൈവിട്ടിരുന്നില്ല’ -പോൾ പോഗ്ബ പറഞ്ഞു.
2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ പ്രധാന താരമായിരുന്നു പോൾ പോഗ്ബ. ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ഗോളും നേടി. വിലക്കിനെ തുടർന്ന് യുവന്റസുമായുള്ള കരാർ റദ്ദാക്കപ്പെടുകയായിരുന്നു. വിലക്ക് കലാവധി പൂർത്തായാവാനൊരുങ്ങവെ കഴിഞ്ഞ ജൂണിലാണ് മൊണാകോ സ്വന്തമാക്കിയത്. ശനിയാഴ്ച കളത്തിലിറങ്ങിയ താരം, ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗിലും പന്തു തട്ടാനുള്ള ഒരുക്കത്തിലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

