ബാലൻ ദി ഓർ വേദിയിൽ തിളങ്ങിയ പി.എസ്.ജിക്ക് ലീഗ് വണ്ണിൽ ആദ്യ തോൽവി
text_fieldsബാലൺ ദി ഓർ വേദിയിൽ തിളങ്ങിയ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് ലീഗ് വണ്ണിൽ സീസണിലെ ആദ്യ തോൽവി. പുരസ്കാരം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് നടന്ന മത്സരത്തിൽ മാഴ്സയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചാമ്പ്യന്മാരുടെ തോൽവി.
മുൻ വെസ്റ്റ് ഹാം പ്രതിരോധ താരം നയിഫ് അഗാർഡ് അഞ്ചാം മിനിറ്റിൽ ഹെഡ്ഡറിലൂടെയാണ് മാഴ്സയുടെ വിജയഗോൾ നേടിയത്. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും പാരിസിയന്മാർക്ക് എതിരാളികളുടെ വലകുലുക്കാനായില്ല. ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം ശക്തമായ മഴയും കാറ്റും കാരണം തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സൂപ്പർതാരം ഉസ്മാൻ ഡെംബല ഇല്ലാതെയാണ് പി.എസ്.ജി കളത്തിലിറങ്ങിയത്. പരിക്കേറ്റ താരം കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബാളർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനായി ഈസമയം ബാലൺ ദി ഓർ വേദിയിലായിരുന്നു.
പി.എസ്.ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഫ്രഞ്ച് സ്ട്രൈക്കറുടെ മികവ് പരിഗണിച്ചാണ് താരത്തിന് പുരസ്കാരം നൽകിയത്. കൂടാതെ, പുരുഷ വിഭാഗത്തിൽ മികച്ച ക്ലബായി പി.എസ്.ജി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച പുരുഷ പരിശീലകനുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം പി.എസ്.ജിയുടെ ലൂയി എന്റിക്വെയും സ്വന്തമാക്കി. മാസൻ ഗ്രീൻവുഡിന്‍റെ ക്രോസാണ് മാഴ്സയുടെ വിജയഗോളിന് വഴിയൊരുക്കിയത്. ഗോൾ മടക്കാൻ അഷ്റഫ് ഹക്കീമി, ഗോൺസാലോ റാമോസ് എന്നിവർക്കെല്ലാം മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മാഴ്സ ഗോൾകീപ്പർ ജെറോണിമോ റുള്ളിയുടെ മികച്ച സേവുകൾ തിരിച്ചടിയായി.
അവസാന മിനിറ്റുകളിൽ നാടകീയ രംഗങ്ങളും അരങ്ങേറി. റഫറിയുമായി തർക്കിച്ചതിന് മാഴ്സയുടെ പരിശീലകൻ റോബർട്ടോ ഡെ സെർബിക്ക് ചുവപ്പ് കാർഡ് കിട്ടി പുറത്തുപോകേണ്ടി വന്നു. അഞ്ചു മത്സരങ്ങളിൽനിന്ന് നാലു ജയവുമായി 12 പോയന്‍റുള്ള പി.എസ്.ജി ലീഗ് വണ്ണിൽ രണ്ടാം സ്ഥാനത്താണ്. 12 പോയന്‍റുള്ള മൊണാകോ ഗോൾ വ്യത്യാസത്തിന്‍റെ മുൻതൂക്കത്തിലാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

