പൊലീസ് 'കളി' അവസാനിപ്പിച്ച് പാപ്പച്ചന് പടിയിറങ്ങുന്നു
text_fieldsതൃശൂര്‍: 'കളി' അവസാനിപ്പിച്ച് സി.വി. പാപ്പച്ചൻ പൊലീസിൽനിന്ന് വിരമിക്കുന്നു. രാമവർമപുരം പൊലീസ് അക്കാദമിയിൽ കമാൻഡൻറായ പാപ്പച്ചൻ 36 വര്‍ഷത്തെ സേവനം മേയ് 31ന് അവസാനിപ്പിച്ച് പടിയിറങ്ങും.
ആരവങ്ങളുയർന്ന മൈതാനങ്ങളിൽ ഡ്രിബ്ലിങ്ങും കോർണർ കട്ടുമടക്കം മിഴിയടക്കാൻ മറന്നിരിക്കുന്ന തരത്തിൽ വിസ്മയിപ്പിച്ച പാപ്പച്ചൻ ഇന്ത്യൻ ഫുട്ബാളിെൻറ ചരിത്രത്തിൽ വേറിട്ട അധ്യായം അടയാളപ്പെടുത്തിയാണ് ഔദ്യോഗിക ജീവിതത്തോട് യാത്ര പറയുന്നത്. ഫുട്ബാളിനോടും അത്രയേറെ ഇഷ്ടങ്ങളായ ചെണ്ടമേളവും സാക്സാഫോൺ വായനയുടെ പരിശീലനവും തുടരാനാണ് പദ്ധതി. ഗോള്‍ കീപ്പര്‍മാര്‍ക്കുള്ള അക്കാദമി തുടങ്ങി ഫുട്ബാള്‍ ലോകത്ത് സജീവമായുണ്ടാകുമെന്ന് പാപ്പച്ചൻ പറയുന്നു.
1990ല്‍ ഇന്ത്യന്‍ ഫുട്ബാളിലെ കരുത്തൻമാരെന്ന വിശേഷണമുള്ള സാൽഗോക്കറിനെ അട്ടിമറിച്ച് കേരള പൊലീസ് ആദ്യമായി ഫെഡറേഷൻ കപ്പ് ജേതാക്കളായത് പാപ്പച്ചെൻറ കോർണർ കട്ട് ഷോട്ട് പാഞ്ഞ് വലയിലാക്കിയ ഗോളിലൂടെയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് അന്നത്തെ വിജയം.
സന്തോഷ് ട്രോഫിയില്‍ നിരവധി തവണയാണ് കളിച്ചത്. കേരള ടീമിലും അംഗമായിരുന്നു. രാജ്യത്തിനായി നിരവധി തവണ േജഴ്സിയണിഞ്ഞ പാപ്പച്ചൻ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിൽ ക്യാപ്റ്റനായിരുന്നു. നെഹ്റു ട്രോഫി ഫുട്ബാളില്‍ ഹംഗറിക്കെതിരെ നേടിയ ഗോള്‍ ഇന്നും ഫുട്ബാൾ ആസ്വാദകർക്കിടയിൽ മറക്കാനാവാത്ത പാപ്പച്ചെൻറ മിന്നും ഗോളുകളിലൊന്നാണ്.
ജന്മനാടായ പറപ്പൂരിലെ പള്ളിക്ക് മുന്നിലെ എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് പന്ത് തട്ടി തുടങ്ങിയ പാപ്പച്ചന് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കായി േജഴ്സി അണിഞ്ഞാണ് ഫുട്ബാള്‍ രംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് പ്രീമിയര്‍ ടയേഴ്സിെൻറ കളിക്കാരനായി. 1985ലാണ് എ.എസ്.ഐ തസ്തികയില്‍ പൊലീസിെൻറ ഭാഗമാവുന്നത്. 1998 വരെ പൊലീസ് ടീമിലായിരുന്നു മുഴുവൻ സമയവും. മുന്നേറ്റ നിരക്കാരിലെ പ്രമുഖനായിരുന്നു.
രാജ്യത്തെ പ്രമുഖ ക്ലബുകളില്‍നിന്ന് വൻ വാഗ്ദാനങ്ങളുണ്ടായെങ്കിലും കേരള പൊലീസ് വിട്ടില്ല. പിന്നീട് യൂനിഫോം ധരിച്ച് സേനയുടെ മറ്റ് മേഖലകളിലെത്തി. 2020ല്‍ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. രാമവര്‍മപുരം ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ബീനയാണ് ഭാര്യ. സോഫ്റ്റ്വെയർ എന്‍ജിനീയറായ മകള്‍ പിങ്കി ഭര്‍ത്താവ് ഫ്രാന്‍സിസ് ജോസ് ആലപ്പാടിനൊപ്പം അമേരിക്കയിലെ അരിസോണയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

