വംശഹത്യാ ഇരകൾക്ക് സ്പെയിനിന്റെ ഐക്യദാർഢ്യം; സ്പാനിഷ് മണ്ണിൽ ഫലസ്തീൻ സൗഹൃദ ഫുട്ബാൾ കളിക്കാനെത്തുന്നു
text_fieldsഫലസ്തീൻ ദേശീയ ടീം
ബിൽബാവോ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ നിലപാട് കടുപ്പിച്ച രാജ്യമാണ് സ്പെയിൻ. അന്താരാഷ്ട്ര വേദികളിൽ ഇസ്രായേലിനെതിനെ ഉറച്ച ശബ്ദത്തിൽ പ്രതികരിച്ചവർ, ഫുട്ബാൾ വേദിയിലും അത് ആവർത്തിച്ചത് സമീപകാല വാർത്തകളായിരുന്നു.
ഇസ്രായേൽ ലോകകപ്പിന് യോഗ്യത നേടിയാൽ 2026 ഫിഫ ലോകകപ്പിൽ സ്പനിഷ് ടീമിനെ അയക്കുന്നതിൽ പോലും രണ്ടാമതൊന്ന് ആലോചിക്കുമെന്ന് അറിയിച്ച് ബഹിഷ്‍കരണ മുന്നറിയിപ്പ് നൽകിയായിരുന്നു സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ കൈയടി നേടിയത്. ഇപ്പോൾ, ഫലസ്തീനെ പിന്തുണക്കുന്നവർക്ക് മറ്റൊരു ആശ്വാസ സന്ദേശവുമാണ് സ്പെയിനിന്റെ ഭാഗമായ ബാസ്കിൽ നിന്നും വരുന്നത്. ഫലസ്തീൻ ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി തങ്ങളുടെ മണ്ണിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ബാസ്ക് ഫുട്ബാൾ ഫെഡറേഷൻ.
നവംബർ 15ന് സ്പാനിഷ് ലാ ലിഗ ക്ലബായ അത്‍ലറ്റിക് ബിൽബാവോയുടെ മൈതാനത്ത് ഫലസ്തീൻ ദേശീയ ടീമും ബാസ്ക് ദേശീയ ടീമും തമ്മിൽ സൗഹൃദ മത്സരം കളിക്കും. യുവേഫയുടെയും ഫിഫയുടെയും അംഗീകാരമില്ലാത്ത സ്വതന്ത്ര ഫെഡറേഷനാണ് ബാസ്ക്. സ്പെയിനിലെ സ്വയംഭരണാവകാശമുള്ള കമ്യുണിറ്റിയാണ് ബാസ്ക് ഭാഷയും സംസ്കാരവുമെല്ലാം പിന്തുടരുന്ന ബാസ്ക് കൺട്രി. രാജ്യം എന്ന നിലയിൽ സ്പെയിനിന്റെ ഭാഗമെങ്കിലും, എല്ലാതരത്തിലും സ്വതന്ത്രമായ ആശവും നിലപാടുമുള്ള നാട്.
രണ്ടു വർഷത്തിലേക്ക് എത്തുന്ന ഗസ്സയിലെ ഇസ്രായേൽ വംശഹത്യയുടെ ഇരകൾക്കുള്ള ഐക്യദാർഢ്യമായാണ് ഫലസ്തീൻ ദേശീയ ടീമുമായുള്ള സൗഹൃദ മത്സരം സംഘടിപ്പിക്കുതെന്ന് ഫെഡറേഷനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വതന്ത്ര ഫലസ്തീൻ എന്ന ആശയത്തിന് പൂർണ പിന്തുണയും, ഇസ്രായേലിനെ ലോകവേദികളിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും ശക്തമായി ആവശ്യമുന്നയിക്കുന്ന മണ്ണാണ് ബാസ്ക്. സ്പെയിനിലെ ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളും ഇവിടെ സജീവം. പ്രധാന നഗരമായ ബിൽബാവോയിൽ നിന്നുള്ള അത്‍ലറ്റിക് ഫുട്ബാൾ ക്ലബ് ഫലസ്തീൻ ഐക്യദാർഢ്യവും ഇസ്രായേൽ വംശഹത്യക്കെതിരായ പ്രതിഷേധം കൊണ്ടും ശ്രദ്ധേയമാണ്.
കഴിഞ്ഞയാഴ്ച നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്‍ലറ്റിക് ക്ലബും ആഴ്സനലും തമ്മിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഉയർന്ന ബാനറിൽ അവരുടെ ഐക്യദാർഡ്യം ഉറച്ച വാക്കുകളിൽ എഴുതിയത് ഇങ്ങനെ.. ‘ഇന്ന് മുതൽ, അവസാന നാൾ വരെ ഞങ്ങൾ നിങ്ങൾകൊപ്പമുണ്ടാവും’. ഇസ്രായേൽ ടീമിന് അവസരം നലകിയതിന്റെ പേരിൽ പ്രക്ഷോഭങ്ങളുടെ വേദിയായി മാറിയ ലോകപ്രശസ്തമായ ലാ വ്യൂൽട്ട സൈക്കിൾ റാലി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതും ബാസ്കിലും സ്പെയിനിന്റെ മറ്റു ഭാഗങ്ങളിലും ഉയർന്ന പ്രതിഷേധങ്ങൾ കാരണമായിരുന്നു. ഒടുവിൽ ഫൈനൽ റൗണ്ട് മഡ്രിഡിൽ പ്രവേശിക്കും മുമ്പേ ചാമ്പ്യൻഷിപ്പ് റദ്ധാക്കേണ്ടി വന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മൂന്നാം റൗണ്ടിൽ തന്നെ ഫലസ്തീൻ പുറത്തായിരുന്നു. ഡിസംബറിൽ ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിൽ കളിക്കാനുള്ള തയ്യാറെടുപ്പ് എന്ന നിലയിലാകും ഇഹാബ് അബു ജാസറിനു കീഴിലുള്ള ഫലസ്തീൻ ബിൽബാവോയിൽ ബാസ്കിനെതിരെ കളത്തിലിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

