'പെനൽറ്റി ലഭിക്കാൻ എന്‍റെ ടീമംഗങ്ങൾ ബലാത്സംഗം ചെയ്യപ്പെടണോ'; വിവാദ പരാമർശം നടത്തിയ കോച്ചിനെ ഒഡിഷ പുറത്താക്കി
text_fieldsവാസ്കോ: അഭിമുഖത്തിനിടെ നാക്കുപിഴച്ച ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സിയുടെ കോച്ച് സ്റ്റുവർട്ട് ബാക്സ്റ്ററിന് പണിപോയി. തിങ്കളാഴ്ച ജാംഷഡ്പുരിനെതിരായ മത്സരത്തിലെ റഫറിയിങ്ങിനെക്കുറിച്ച പരാതിക്കിടയിൽ അശ്ലീലച്ചുവയുള്ള പരാമർശം നടത്തി വിവാദത്തിലായതിനു പിന്നാലെയാണ് ഇംഗ്ലീഷുകാരനായ കോച്ച് സ്റ്റുവർട്ട് ബാക്സ്റ്ററിനെ പുറത്താക്കിയത്. ഒഡിഷ 1-0ത്തിന് തോറ്റ മത്സരത്തിെൻറ അവസാന മിനിറ്റിൽ പെനാൽറ്റി അപ്പീൽ നിഷേധിച്ചതാണ് കോച്ചിനെ പ്രകോപിപ്പിച്ചത്.
ബോക്സിനുള്ളിൽ ജാംഷഡ്പുർ ഗോളി ടി.പി. രഹിനേഷ് ഒഡിഷ ഫോർവേഡ് ഡീഗോ മൗറിസിയോയെ ഫൗൾ ചെയ്തതിന് പെനാൽറ്റി ആവശ്യപ്പെട്ടെങ്കിലും റഫറി അനുവദിച്ചില്ല. പിന്നാലെ, പോസ്റ്റ് മാച്ച് ഇൻറർവ്യൂവിൽ രൂക്ഷമായിതന്നെ കോച്ച് പ്രതികരിച്ചു. 'എെൻറ ടീം അംഗങ്ങൾ ബലാത്സംഗം ചെയ്യപ്പെടുകയോ, അല്ലെങ്കിൽ അവർ സ്വയം െചയ്യുകയോ വേണ്ടിവരും ഒരു പെനാൽറ്റി കിട്ടാൻ' എന്നായിരുന്നു ബാക്സ്റ്ററുടെ കമൻറ്.
തൊട്ടുപിന്നാലെ കോച്ചിെൻറ വാക്കുകളെ തള്ളി ക്ലബിെൻറ ട്വീറ്റ് വന്നു. ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് വിശദീകരണത്തിനൊപ്പം ക്ഷമാപണവും നടത്തി. മണിക്കൂറുകൾക്കകം കോച്ചിനെ പുറത്താക്കാനും തീരുമാനിച്ചു. ഇടക്കാല പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
മുൻ ഇംഗ്ലണ്ട് അണ്ടർ 19, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്നു ബാക്സ്റ്റർ. സീസണിൽ 14 കളിയിൽ ഒരു ജയം മാത്രമേ ഒഡിഷ നേടിയിട്ടുള്ളൂ. എട്ടു പോയൻറുമായി ഏറ്റവും അവസാന സ്ഥാനത്താണ് ടീം.