കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ; വിദേശ മലയാളി സംരംഭകൻ ഉൾപ്പെടുന്ന കൺസോർഷ്യം ഏറ്റെടുക്കും
text_fieldsകൊച്ചി: സാമ്പത്തിക തകർച്ചയിൽ വലയുന്ന കേരള ബ്ലാസ്റ്റേഴ്സിന് രക്ഷകരായി പുതിയ ഉടമകൾ. പത്തോളം ആളുകൾ ഉൾക്കൊള്ളുന്ന എൻ.ആർ.ഐ കൺസോർഷ്യത്തിന് ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം കൈമാറി. ഇതു സംബന്ധിച്ചിട്ടുള്ള ധാരണാപത്രം ഇരുകൂട്ടരും ഒപ്പിട്ടു. എന്നാൽ പുതിയ ഉടമകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങൾക്കുള്ളിലേ പുറത്തുവരൂ. പൂർണതോതിലാണ് ടീമിനെ പുതിയ ബിസിനസ് ടീം ഏറ്റെടുക്കുന്നത്. 120 മുതൽ 150 കോടി രൂപക്കാണ് ടീമിനെ കൈമാറുകയെന്നാണ് സൂചന. തുക കൈമാറലും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി ഒരാഴ്ചക്കകം ഔദ്യോഗിക പ്രഖ്യാപനം നടക്കും.
ഒരു പ്രവാസി മലയാളിയുൾപ്പെടെ സംഘത്തിലുണ്ടെന്നും ഇദ്ദേഹം തന്നെയാണ് കെ.ബി.എഫ്.സി വാങ്ങാനുള്ള തീരുമാനത്തിന് മുൻകൈയെടുത്തതെന്നുമാണ് വിവരം. ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള മാഗ്നം ഗ്രൂപ്പിനു കീഴിൽ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. ഡയറക്ടർ നിഖിൽ ഭരദ്വാജും സി.ഇ.ഒ അഭിക് ചാറ്റർജിയുമാണ്. ക്ലബിന് പുതിയ ഉടമകൾ വരികയാണെങ്കിലും ഭരണപരമായ കാര്യങ്ങളിലെയും മറ്റും സൗകര്യം പരിഗണിച്ച് കുറച്ചു കാലത്തേക്ക് അഭിക് തന്നെയായിരിക്കും സി.ഇ.ഒയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നിലവിൽ അഡ്രിയാൻ ലൂണ ഉൾപ്പെടെ 13 താരങ്ങളാണ് ടീമിലുള്ളത്. ഇന്തോനേഷ്യൻ ടീമിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോയ ടീം ക്യാപ്റ്റനും ഉറുഗ്വേക്കാരനുമായ ലൂണ മാത്രമാണ് ടീമിൽ അവശേഷിക്കുന്ന വിദേശതാരം. ഐ.എസ്.എൽ പുതിയ സീസൺ ആരംഭിക്കാൻ അധികം സമയമില്ലെന്നിരിക്കേ, പുതിയ ഉടമസ്ഥ സംഘം വരുമ്പോൾ വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ സംബന്ധിച്ചും പ്രതീക്ഷകൾ വർധിക്കുകയാണ്. ടീമിലേക്ക് പുതിയ താരങ്ങളെ കണ്ടുവെച്ചിട്ടുണ്ടെന്നും പുതിയ, മികച്ച ടീമിനെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

