കിമ്മിന്റെ കൊറിയയിൽ പ്രീമിയർ ലീഗ് കാണാൻ അനുമതി; അടിമുടി സെൻസർഷിപ്പ്; കളി വെട്ടിമുറിച്ച് 60 മിനിറ്റാക്കും...!
text_fieldsപ്യോങ്യാങ്: ഒടുവിൽ ഉത്തര കൊറിയയിലെ ഫുട്ബാൾ ആരാധകർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ അനുമതിയെന്ന് റിപ്പോർട്ട്. അയൽക്കാരും ശത്രു രാജ്യവുമായ ദക്ഷിണ കൊറിയയുടെ താരങ്ങൾ കൂടി മത്സരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മത്സരങ്ങൾ പക്ഷേ, ഉത്തര കൊറിയയിൽ കാണികൾക്ക് മുമ്പിലെത്തുമ്പോൾ അടിമുടി സെൻസർഷിപ്പുണ്ടെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചരിത്രത്തിൽ ആദ്യമായാണ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ കാണാൻ ഉത്തര കൊറിയ പൗരന്മാർക്ക് അനുവാദം നൽകുന്നതെന്ന് ഒരു അർജന്റീന വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്തു. കർശന സെൻസർ ഷിപ്പ് കഴിഞ്ഞ് മാത്രമേ പക്ഷേ കളി ആരാധകർക്ക് മുന്നിലെത്തൂ. നിയമങ്ങളും നടപടികളും കൊണ്ട് വിചിത്രമായ ഉത്തര കൊറിയയിൽ കളി സംപ്രേക്ഷണം ചെയ്യുന്നതിലുമുണ്ട് വിചിത്രമായ ചില നിയമങ്ങൾ.
ദക്ഷിണ കൊറിയൻ താരങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടരുതെന്നാണ് പ്രധാന നിബന്ധന. ഇതു പ്രകാരം, ബ്രെന്റ്ഫോഡിന്റെ കിം ജി സൂ, വോൾഫ്സിെൻർ വാങ് ഹീ ചാൻ ഉൾപ്പെടെ താരങ്ങൾ കളിക്കുന്ന ദൃശ്യങ്ങൾ ടി.വിയിലെത്തില്ല.
മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണവുമുണ്ടാവില്ല. പകരം, ഔദ്യോഗിക ഏജൻസികൾ കളി കണ്ട് പരിശോധിച്ച്, ആവശ്യമായ വെട്ടലും മുറിക്കലുമായി മാത്രമാവും കളി ടി.വിയിൽ പ്രദർശിപ്പിക്കുന്നത്. അതേസമയം 90 മിനിറ്റുള്ള മത്സരം എഡിറ്റിങ് കഴിഞ്ഞ് 60 മിനിറ്റ് മാത്രമേ പ്രദർശിപ്പിക്കൂ എന്നും വാർത്തകളുണ്ട്.
സ്റ്റേഡിയത്തിലും മറ്റുമായുള്ള ഇംഗ്ലീഷ് സന്ദേശങ്ങളും പരസ്യങ്ങളും വെട്ടി മാറ്റും. പകരം, കൊറിയൻ ഗ്രാഫിക്സുകളും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ഉൾകൊള്ളിച്ചാവും കളി പ്രദർശിപ്പിക്കുന്നത്. എൽ.ജി.ബി.ടി.ക്യൂ ബാനറുകൾ, യൂണിഫോമുകൾ, വാണിജ്യ പരസ്യങ്ങൾ എന്നിവയെല്ലാം പൂർണമായും വെട്ടിനീക്കും.
കഴിഞ്ഞ വർഷം തന്നെ ഉത്തര കൊറിയയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതു സംബന്ധിച്ച് ഗാർഡിയൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാർത്തകൾക്കെല്ലം ഇരുമ്പുവേലിക്കെട്ടുള്ള ഉത്തര കൊറിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും വ്യാപകമായി പ്രചരിച്ചു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ആർക്കാണ് സംപ്രേക്ഷണാവകാശമെന്നും വ്യക്തമല്ല. എന്തായാലും, ഫാക്ട് ചെക്കിങ് വെബ് സൈറ്റുകളെല്ലാം പ്രചരിക്കുന്ന വാർത്ത ശരിയാണെന്ന് സ്ഥിരീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

