ആശങ്കയില്ല; ഏഷ്യൻ കപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൗദി അറേബ്യ
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾ ആശങ്ക പരത്തുമ്പോഴും, 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പ്ഫുട്ബോൾ ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുന്നതായി സൗദി ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി അറിയിച്ചു.
വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനുമായി (എ.എഫ്.സി) നിരന്തരമായ ആശയവിനിമയത്തിലൂടെയും സഹകരണത്തിലൂടെയുമാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നതെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. അടുത്ത വർഷം ജനുവരി ഏഴിനാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. റിയാദ്, ജിദ്ദ, അൽ ഖോബാർ എന്നീ നഗരങ്ങളാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്.
രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ചില ആഭ്യന്തര ഫുട്ബാൾ മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രധാന കായിക പരിപാടികൾ ഇതിനോടകം മാറ്റിവെച്ചിട്ടുമുണ്ട്.
അന്തിമ തീരുമാനം നവംബർ അവസാനം വരെ നീളാമെന്ന് എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ‘ആവശ്യമെങ്കിൽ നമുക്ക് ഒരു വർഷം കഴിഞ്ഞ് 2028ലേക്ക് ടൂർണമെന്റ് മാറ്റിവെക്കാം. എന്നാൽ നിലവിൽ സാഹചര്യം വിലയിരുത്തിവരികയാണ്, എല്ലാം കൃത്യസമയത്താണ് നടക്കുന്നത്’-അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിന്റെ 19ാമത് പതിപ്പാണ് നടക്കാൻ പോകുന്നത്. ആകെ 24 ടീമുകളാണ് മാറ്റുരക്കുന്നത്. ഇവരെ നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായി തിരിക്കും. ഇന്ത്യ ഈ ടൂർണമെന്റ് നടത്താനുള്ള ബിഡ്ഡിൽ നിന്ന് പിന്മാറിയതോടെയാണ് സൗദി അറേബ്യക്ക് ആതിഥേയത്വത്തിനുള്ള അവസരം ലഭിച്ചത്.
മത്സരങ്ങൾക്കായി സൗദി അറേബ്യയിൽ മൂന്ന് പുതിയ അത്യാധുനിക സ്റ്റേഡിയങ്ങൾ നിർമിക്കുകയും നിലവിലുള്ള നാല് സ്റ്റേഡിയങ്ങൾ നവീകരിക്കുകയും ചെയ്യുന്നുണ്ട്. ഏഷ്യയിലെ വമ്പൻമാരും നിലവിലെ ചാമ്പ്യന്മാരുമെല്ലാം ടൂർണമെന്റിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ഗ്രൂപ്പ് എയിൽ സൗദി അറേബ്യ (ആതിഥേയർ), ഒമാൻ, കുവൈത്ത്, ഫലസ്തീൻ, ‘ബി’യിൽ ഉസ്ബക്കിസ്താൻ, ജോർഡൻ, ബഹ്റൈൻ, ഉത്തര കൊറിയ എന്നിവരാണ് വവരുന്നത്. ഇറാൻ, ചൈന, സിറിയ, കിർഗിസ്ഥാൻ എന്നിവർ ഗ്രൂപ്പ് സിയിലും ആസ്ട്രേലിയ, ഇറാഖ്, താജിക്കിസ്ഥാൻ, സിംഗപ്പൂർ തുടങ്ങിയവർ ഡിയിലുമാണുള്ളത്. ഇ ഗ്രൂപ്പിൽ ദക്ഷിണ കൊറിയ, യു.എ.ഇ, വിയറ്റ്നാം, യമൻ എന്നിവരും എഫിൽ ജപ്പാൻ ഖത്തർ, തായ്ലൻഡ്, ഇന്തോനേഷ്യ എന്നിവയുമാണുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

