നാണംകെട്ട കളിക്ക് ഞങ്ങളില്ല; ട്രംപിന്റെ ഐഡിയ തള്ളി ഇറ്റലി
text_fieldsമിലാൻ: ജൂണിൽ പന്തുരുളുന്ന ലോകകപ്പ് ഫുട്ബാളിൽ ഇറാനു പകരം ഇറ്റലിയെ കളിപ്പിക്കുകയെന്ന ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെ തള്ളി ഇറ്റാലിയൻ ഫുട്ബാൾ. ലോകകപ്പിലേക്ക് കളിച്ച് യോഗ്യത നേടാതെ പോയ ഇറ്റലിയെ, ഇറാനുപകരം ഉൾപ്പെടുത്തണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിലെ വിശ്വസ്തർ നൽകിയ ഉപദേശം. അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക ദൂതനായ പൗലോ സാംപോളിയാണ് ട്രംപിനും ഫിഫക്കും ഇറ്റലിയെ കളിപ്പിക്കുകയെന്ന ഉപദേശം നൽകിയത്. ഇക്കാര്യം, ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ സാംപോളി സ്ഥിരീകരിക്കുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തക്കു പിന്നാലെയാണ് അന്തസ്സില്ലാത്ത പണിക്ക് തങ്ങളില്ലെന്ന് ഇറ്റാലിയൻ സ്പോർട്സ് അധികൃതർ വ്യക്തമാക്കിയത്. ‘ഒന്നാമതായി ലോകകപ്പിലേക്ക് ഇറ്റലിയുടെ വരവ് സാധ്യമല്ല. രണ്ടാമതായി, അത്തരമൊരു റീ ക്വാളിഫിക്കേഷൻ എന്നത് ഉചിതവുമല്ല-ഇറ്റാലിയൻ കായിക മന്ത്രി ആന്ദ്രെ അബോദി പ്രതികരിച്ചു. ഇറ്റാലിയൻ കായിക ഫെഡറേഷനുകളുടെ നിയന്ത്രണമുള്ള ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ലൂസിയാനോ ബൗൻഫിഗ്ലിയോയും അമേരിക്കൻ ഭരണകൂടത്തിന്റെ ആശയത്തെ തള്ളി. ഞങ്ങളെ അപമാനിക്കുന്ന നിർദേശമാണിത്. ലോകകപ്പ് കളിക്കണമെങ്കിൽ അതിന്റെ രീതിയിൽ യോഗ്യത നേടിയിരിക്കണം -ലൂസിയാനോ പറഞ്ഞു.നാണംകെട്ട ആശയം എന്നായിരുന്നു ഇറ്റാലിയൻ ധനകാര്യ മന്ത്രിയുടെ പ്രതികരണം. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽനിന്നും ഇറാന്റെ ലോകകപ്പ് മത്സരങ്ങൾ മാറ്റണമെന്ന അപേക്ഷക്കുപിന്നാലെയാണ് പുതിയ ചർച്ചകൾക്ക് തുടക്കമായത്. വേദി മാറ്റില്ലെന്നും, ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ഫിഫ അറിയിച്ചിരുന്നു. എന്നാൽ, യുദ്ധ പശ്ചാത്തലത്തിൽ അമേരിക്കയിൽ കളിക്കുന്നത് സംബന്ധിച്ച് ഇറാൻ അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാൻ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും അടുത്തിടെ പറഞ്ഞിരുന്നു. ജൂണിൽ നടക്കുന്ന ലോകകപ്പിൽ ലോസ് ആഞ്ജലസിലും സിയാറ്റിലുമായാണ് ഇറാന്റെ ഗ്രൂപ് മത്സരങ്ങൾ. ജൂൺ 15ന് ന്യൂസിലൻഡ്, 21ന് ബെൽജിയം, 26ന് ഈജിപ്ത് ടീമുകളാണ് എതിരാളികൾ. നാലുതവണ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് തുടർച്ചയായ മൂന്നാം ലോകകപ്പാണ് നഷ്ടമാവുന്നത്. യൂറോപ്പിൽ നിന്നും നേരിട്ട് യോഗ്യത നേടാതെപോയവർ, അവസാന പ്ലേ ഓഫ് മത്സരത്തിലും തോറ്റ് നിരാശപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

