വാണിജ്യ പങ്കാളിയായില്ല; എ.ഐ.എഫ്.എഫിനെതിരെ കത്തയച്ച് ഐ.എസ്.എൽ ക്ലബുകൾ
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന് (ഐ.എസ്.എൽ) പുതിയ വാണിജ്യ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കത്തയച്ച് കേരള ബ്ലാസ്റ്റേഴ്സടക്കം പത്ത് ക്ലബുകൾ. ഫെഡറേഷന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്നും വിഷയത്തിൽ ഉടൻ വ്യക്തത വരുത്തണമെന്നും ക്ലബുകൾ ആവശ്യപ്പെട്ടു.
ഒക്ടോബർ 15നുള്ളിൽ പുതിയ വാണിജ്യ പങ്കാളിയുണ്ടാകുമെന്നായിരുന്നു ഉറപ്പ്. ഈ കാലാവധി കഴിഞ്ഞതോടെയാണ് ചെന്നൈയിൻ എഫ്.സി, പഞ്ചാബ് എഫ്.സി, ഹൈദരാബാദ് എഫ്.സി, ബംഗളൂരു എഫ്.സി, എഫ്.സി ഗോവ, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡിഷ എഫ്.സി, ജംഷഡ്‌പുർ എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ക്ലബുകൾ വിമർശനമുന്നയിച്ചത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്‌പോർട്ടിങ് എന്നീ കൊൽക്കത്ത ക്ലബുകൾ കത്തിൽ ഒപ്പിട്ടിട്ടില്ല.
എ.ഐ.എഫ്.എഫിൽനിന്നുള്ള ആശയവിനിമയത്തിന്റെ അഭാവം വളരെയധികം നിരാശജനകമാണെന്നും ഈ വിഷയത്തിലെ നിശ്ശബ്ദത ക്ലബുകളിലും മറ്റു പങ്കാളികളിലും ആത്മവിശ്വാസം കൂടുതൽ നഷ്ടപ്പെടുത്താൻ കാരണമായെന്നും ക്ലബുകൾ ആരോപിക്കുന്നു. വിശ്വാസ ലംഘനമാണിത്. സൂപ്പർ കപ്പിൽ പങ്കെടുക്കാൻ സമ്മതിച്ചതിന് ശേഷം വാണിജ്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള ടെൻഡർ പ്രക്രിയ വൈകുന്നതിൽ 10 ക്ലബുകൾ നിരാശ പ്രകടിപ്പിച്ചു.
സൂപ്പർ കപ്പ്: റിയൽ കശ്മീർ പിന്മാറി
ന്യൂഡൽഹി: വിദേശ കളിക്കാർക്ക് വിസ ലഭിക്കാൻ വൈകുന്നതിനാൽ ഐലീഗ് ടീമായ റിയൽ കശ്മീർ എഫ്.സി സൂപ്പർ കപ്പിൽനിന്ന് പിന്മാറി. ഒക്ടോബർ 25 മുതൽ ഗോവയിൽ തുടങ്ങുന്ന ടൂർണമെന്റിൽ റിയൽ കശ്മീരിന് പകരം ഡെംപോ എഫ്.സി കളിക്കും. എ യിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ എഫ്.സി, ചെന്നൈയിൻ എഫ്.സി എന്നീ ടീമുകൾക്കൊപ്പമാണ് ഡെംപോ കളിക്കുക. ഒക്ടോബർ 25ന് ഡെംപോയും ഈസ്റ്റ്ബംഗാളും ആദ്യ കളിയിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

