ജൂൺ മുതൽ എ.ടി.കെയില്ല; ഇനി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്
text_fieldsകൊൽക്കത്ത: എ.ടി.കെ മോഹൻ ബഗാൻ ടീമിന്റെ പേരുമാറ്റം ജൂൺ ഒന്നിന് ഔദ്യോഗികമായി നിലവിൽ വരും. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്നാണ് ഇനി ടീം അറിയപ്പെടുക. പ്രതിസന്ധിയിലായ മോഹൻ ബഗാൻ ക്ലബിന്റെ 80 ശതമാനം ഓഹരിയും ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ് (ആർ.പി.എസ്.ജി) വാങ്ങിയതോടെയാണ് 2020ൽ ടീം എ.ടി.കെ മോഹൻ ബഗാനായത്.
ഐ.എസ്.എൽ തുടക്കകാലത്ത് സ്പാനിഷ് ഫുട്ബാളിലെ വമ്പന്മാരായ അത്ലറ്റികോ മഡ്രിഡുമായി സഹകരിച്ച് രൂപവത്കരിച്ച ക്ലബായിരുന്നു അത്ലറ്റികോ ഡി കൊൽക്കത്ത. അത്ലറ്റികോ മഡ്രിഡ് ഇവരുമായി വഴി പിരിഞ്ഞതോടെ ഓഹരികൾ വാങ്ങാൻ ഗോയങ്ക ഗ്രൂപ് രംഗത്തെത്തുകയും അമാർ ടമാർ കൊൽക്കത്ത എന്നതിന്റെ ചുരുക്കമെന്നോണം എ.ടി.കെ എന്ന് പേരുമാറ്റുകയും ചെയ്തു. ഇവർ ഐ.എസ്.എല്ലിൽ കളിച്ചുവരവെയാണ് മോഹൻ ബഗാൻ ക്ലബിന്റെ ഭൂരിഭാഗം ഓഹരിയും ആർ.പി.എസ്.ജി വാങ്ങുന്നത്. തുടർന്ന് ഇരു ക്ലബുകളും ലയിപ്പിച്ച് എ.ടി.കെ മോഹൻ ബഗാനാക്കി. ഐ.പി.എൽ ക്രിക്കറ്റിൽ കളിക്കുന്ന ലഖ്നോ സൂപ്പർ ജയന്റ്സിന്റെ ഉടമകളും ഗോയങ്ക ഗ്രൂപ്പാണ്.