ഫൈനലിൽ അർജന്റീനയെ കിട്ടണം, ഞങ്ങൾ ജയിക്കും -നെയ്മർ
text_fieldsറിയോ ഡി ജനീറോ: പെറുവിനെ തോൽപ്പിച്ച് കോപ്പ അമേരിക്ക ഫൈനലിലെത്തിയതിന് പിന്നാലെ എതിരാളിയെക്കുറിച്ചുള്ള ആഗ്രഹം പങ്കുവെച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. ഫൈനലിൽ എതിരാളികളായി അർജന്റീനയെ ലഭിക്കണമെന്നും പക്ഷേ വിജയം ബ്രസീലിനായിരിക്കുമെന്നതിൽ സംശയമൊന്നുമില്ലെന്നും നെയ്മർ മത്സരശേഷം പറഞ്ഞു.
അർജന്റീനയും കൊളംബിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ ബുധനാഴ്ച നടക്കാനിരിക്കവേയാണ് നെയ്മറിന്റെ സൗഹൃദത്തിൽ ചാലിച്ച വെല്ലുവിളി. ''എനിക്ക് ഫൈനലിൽ അർജന്റീനയെ വേണം, ഞാൻ അവരോടൊപ്പമാണ്. എനിക്ക് അവിടെ സുഹൃത്തുക്കളുണ്ട്. പക്ഷേ ഫൈനൽ വിജയിക്കുന്നത് ബ്രസീലായിരിക്കും''- നെയ്മർ ചിരിച്ചുകൊണ്ട് പറഞ്ഞു.
2007 കോപ്പയിലാണ് അർജന്റീനയും ബ്രസീലും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു. കഴിഞ്ഞ കോപ്പയിൽ സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ജയം ബ്രസീലിനൊപ്പമായിരുന്നു.

