Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമത്സരശേഷം എതിർ ടീം...

മത്സരശേഷം എതിർ ടീം ആരാധകരുമായി കൊമ്പുകോർത്ത് നെയ്മർ; നെയ്മർ 'തെമ്മാടിയെന്ന്' റെമോ ടീം പ്രസിഡന്റ്

text_fields
bookmark_border
മത്സരശേഷം എതിർ ടീം ആരാധകരുമായി കൊമ്പുകോർത്ത് നെയ്മർ; നെയ്മർ തെമ്മാടിയെന്ന് റെമോ ടീം പ്രസിഡന്റ്
cancel

റിയോ ഡി ജനീറോ: കോപ്പ ദെ ബ്രസീൽ പ്രീ-ക്വാർട്ടറിൽ റെമോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സാന്റോസ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയെങ്കിലും, മത്സരശേഷമുണ്ടായ സംഭവവികാസങ്ങളിൽ വീണ്ടും വിവാദനായകനായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ.

ഗ്രൗണ്ടിലും മിക്സഡ് സോണിലും എതിർ ടീം ഉദ്യോഗസ്ഥരോടും ആരാധകരോടും പ്രകോപനപരമായി പെരുമാറിയ നെയ്മർക്കെതിരെ കടുത്ത ഭാഷയിലാണ് റെമോ ക്ലബ്ബ് പ്രസിഡന്റ് ആന്റണിയോ കാർലോസ് ടെക്സീറ പ്രതികരിച്ചത്.


മംഗേറോ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ പത്തുപേരുമായി ചുരുങ്ങിയ റെമോയെ 1-0 നാണ് സാന്റോസ് കീഴടക്കിയത്. ജയത്തോടെ സാന്റോസ് ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിച്ചെങ്കിലും, റഫറിയുടെ അവസാന വിസിലിനു പിന്നാലെ നെയ്മർ കാട്ടിക്കൂട്ടിയ പ്രവൃത്തികൾ മത്സരത്തിന്റെ ആവേശം കെടുത്തി.

മത്സരശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന വഴിയിൽ മിക്സഡ് സോണിൽ വെച്ച് റെമോയുടെ കളിക്കാരെയും സാങ്കേതിക പ്രവർത്തകരെയും നോക്കി "പുറത്തായി! പുറത്തായി!" എന്ന് നെയ്മർ ആവർത്തിച്ച് അലറിവിളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ താരത്തിനെതിരെ വലിയ വിമർശനമുയർന്നു.

മത്സരത്തിലുടനീളം റെമോ ആരാധകരിൽ നിന്ന് നെയ്മർക്ക് നേരെ കടുത്ത കൂവലുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിരുന്നു. ഗാലറിയിൽ നിന്നുള്ള ഈ പ്രകോപനമാണ് മത്സരശേഷമുള്ള നെയ്മറുടെ നിയന്ത്രണം വിട്ട പെരുമാറ്റത്തിന് കാരണമായതെന്നാണ് സാന്റോസ് കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.

പോർട്ടൽ ഒ ഫ്ലക്സോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റെമോ പ്രസിഡന്റ് ആന്റണിയോ കാർലോസ് ടെക്സീറ നെയ്മർക്കെതിരെ ആഞ്ഞടിച്ചത്. "സാന്റോസിന് ജയിക്കാൻ ഇത്തരത്തിലുള്ള വിലകുറഞ്ഞ പ്രവൃത്തികളുടെ ആവശ്യമില്ലായിരുന്നു. കൊച്ചുകൂട്ടികൾ വരെ ആരാധിക്കുന്ന നെയ്മറെന്ന തെമ്മാടി ഇവിടെ വന്ന് കോമാളിത്തരം കാണിക്കുകയും ഞങ്ങളെ പ്രകോപിപ്പിക്കുകയുമായിരുന്നു. ഇവനെപ്പോലൊരു തെമ്മാടിയെ ആരാധിക്കുന്നതിന് നമ്മൾ തന്നെയാണ് സ്വയം കുറ്റപ്പെടുത്തേണ്ടത്." - ആന്റണിയോ കാർലോസ് ടെക്സീറ

സീനിയർ ഫുട്ബോൾ താരം കാണിക്കേണ്ട മാന്യത നെയ്മറുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ഫുട്ബോൾ ലോകം വിലയിരുത്തുന്നു. "ഇവനെയൊക്കെ ആരാധിക്കുന്നത് നിർത്തണം", "ദയവായി വിരമിക്കൂ" എന്നിങ്ങനെ നെയ്മറുടെ അപക്വമായ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പ്രതിഷേധം ഇരമ്പുകയാണ്.

തോറ്റ ടീമിനോട് കാണിക്കേണ്ട കായികമാന്യത നെയ്മർ കാറ്റിൽപ്പറത്തിയെന്നാണ് സ്പോർട്സ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. കളിക്കളത്തിലെ പ്രതിഭയ്ക്കൊത്ത പക്വത കാട്ടുന്നതിൽ താരം വീണ്ടും പരാജയപ്പെടുന്നുവെന്ന വിമർശനത്തിന് ഇത് ആക്കം കൂട്ടി.

വിവാദങ്ങൾ ഒന്നിനുപുറകെ ഒന്നായി ഉയരുമ്പോഴും സാന്റോസുമായുള്ള നെയ്മറുടെ നിലവിലെ കരാർ വരും ഡിസംബറിൽ അവസാനിക്കുകയാണ്. കരാർ കാലാവധി പൂർത്തിയാക്കുക മാത്രമാണ് തന്റെ ഉടനടിയുള്ള ലക്ഷ്യമെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഡിസംബറിന് ശേഷം ഫുട്ബാൾ കരിയർ എങ്ങോട്ട് എന്ന ചോദ്യത്തിന് നെയ്മർക്കും വ്യക്തമായ ഉത്തരമില്ല. സാന്റോസിൽ തുടരുമോ, മറ്റൊരു ക്ലബ്ബിലേക്ക് മാറുമോ അതോ കളി അവസാനിപ്പിക്കുമോ എന്ന കാര്യത്തിൽ സമയമാകുമ്പോൾ മാത്രമേ തീരുമാനമെടുക്കൂ എന്ന് താരം തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരുന്നു.

താരങ്ങളുടെ പെരുമാറ്റം ഒരു വലിയ തലമുറയെയും കുട്ടികളെയും സ്വാധീനിക്കുന്നതിനാൽ കായികതാരങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന ചർച്ചയ്ക്ക് ഈ സംഭവം വീണ്ടും വഴിതുറന്നു. കളിക്കളത്തിലെ പ്രതിഭയ്ക്കൊപ്പം സ്വഭാവശുദ്ധിയും പ്രധാനമാണെന്ന സന്ദേശമാണ് ഈ വിവാദം നൽകുന്നത്.

സാന്റോസിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനവും ടീമിന്റെ മികച്ച പ്രകടനവും ആഘോഷിക്കപ്പെടേണ്ട സമയത്ത്, നെയ്മറുടെ പ്രകോപനപരമായ പെരുമാറ്റം കാരണം മത്സരത്തിന്റെ മുഴുവൻ ശ്രദ്ധയും അനാവശ്യ വിവാദങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യമാണ് ഉണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neymar JrbrazilSantos FcCopa do BrasilNeymar Controversy
News Summary - Neymar Sparks Controversy After Santos Win
Next Story