
‘ഞാൻ അത് പഠിപ്പിച്ചു കൊടുത്തതുകൊണ്ടാണ് മെസ്സിക്ക് ലോകകപ്പ് നേടാനായത്’; വെളിപ്പെടുത്തി നെയ്മർ
text_fieldsതങ്ങളുടെ ദേശീയ ടീമുകളായ അർജന്റീനയും ബ്രസീലും തമ്മിൽ കടുത്ത വാശിയും മത്സരവീര്യവും പുലർത്തുമ്പോഴും ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ആത്മാർഥ സുഹൃത്തുക്കളാണ്. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച ഇതിഹാസ താരം ലയണൽ മെസ്സി കളിയുടെ പുൽത്തകിടി വാണ എക്കാലത്തെയും മികച്ച താരമെന്ന വിശേഷണത്തിനുടമയുമാണ്.
ബാഴ്സലോണയിലും പാരിസ് സെന്റ് ജെർമെയ്നിലും മെസ്സിയും നെയ്മറും ഒന്നിച്ച് കളിച്ചിരുന്നു. ഖത്തർ ലോകകപ്പിൽ ബ്രസീൽ സെമിയിലെത്താതെ പുറത്തായപ്പോൾ മിന്നും പ്രകടനവുമായി മെസ്സി അർജന്റീനയെ ലോകത്തിന്റെ നെറുകയിലേക്ക് നയിക്കുകയായിരുന്നു. ഇപ്പോൾ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കൊപ്പമാണ് മെസ്സി പന്തുതട്ടുന്നതെങ്കിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിൽനിന്ന് ബ്രസീലിലെ തന്റെ പഴയ ക്ലബായ സാന്റോസിലേക്ക് ഈയിടെയാണ് നെയ്മർ മടങ്ങിയെത്തിയത്.
ബ്രസീലിൽ ഒരു പോഡ്കാസ്റ്റിനോട് സംസാരിക്കുന്ന വേളയിൽ നെയ്മർ പറഞ്ഞ ഒരു കാര്യം ഇപ്പോൾ ഫുട്ബാൾ ലോകത്ത് ചർച്ചയാണ്. പെനാൽറ്റി കിക്ക് എടുക്കുന്നതെങ്ങനെയെന്ന് താൻ മെസ്സിക്ക് പഠിപ്പിച്ചുകൊടുത്തതായും ലോകകപ്പ് നേടാൻ മെസ്സിയെ അത് സഹായിച്ചുവെന്നും നെയ്മർ അവകാശപ്പെടുന്നു.
‘മെസ്സിയെ പെനാൽറ്റി എടുക്കാൻ ഞാൻ സഹായിച്ചു! പരിശീലനത്തിനിടെ, ‘നീയെങ്ങനെയാണ് ഇതുപോലെ പെനാൽറ്റി എടുക്കുന്നത്?’ എന്ന് അവൻ എന്നോട് ചോദിച്ചു. മെസ്സിയുടെ ആ ചോദ്യം എന്നെ അതിശയിപ്പിച്ചു. നിങ്ങൾ എന്നെ കളിയാക്കുകയാണോ? മെസ്സി തന്നെയല്ലേ ചോദിക്കുന്നത്? എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. എനിക്കത് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്കും സാധിക്കും എന്നും ഞാൻ പറഞ്ഞു. എന്നിട്ട് ഞാൻ പെനാൽറ്റി എടുക്കുന്നത് എങ്ങനെയെന്ന് ഞാൻ പറഞ്ഞുകൊടുത്തു. മെസ്സി എന്റെ നിർദേശങ്ങൾക്കനുസരിച്ച് അതുപോലെ പ്രാക്ടീസ് ചെയ്യുകയും ചെയ്തു’ -നെയ്മർ പറഞ്ഞു.
17 സീസണുകളില്‍ ബാഴ്സലോണക്കുവേണ്ടി കളത്തിലിറങ്ങിയ മെസ്സി ക്ലബിന്റെ എക്കാലത്തേയും മഹാന്മാരായ കളിക്കാരിൽ ഉൾപ്പെടുന്നു. 2004 മുതല്‍ 2021വരെയാണ് നൂകാംപിൽ അർജന്റീനക്കാരന്റെ തേരോട്ടം. 2013 മുതൽ 2017 വരെയാണ് ബാഴ്‌സലോണാ ജഴ്സിയിൽ നെയ്മറും മെസ്സിയും ഒന്നിച്ചുണ്ടായിരുന്നത്. പിന്നീടാണ് ഇരുവരും പി.എസ്.ജിയിൽ ഒരുമിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.