ബ്രസീലിൽ ഇനി ‘മിഷൻ ആഞ്ചലോട്ടി’; നെയ്മറെ വെട്ടി പണി തുടങ്ങി
text_fieldsറിയോ ഡി ജനീറോ: സാംബ ടീമിന്റെ പരിശീലകക്കുപ്പായമണിഞ്ഞ ആദ്യ നാളിൽ, ഫോമിലല്ലാത്ത നെയ്മറെ ടീമിൽനിന്ന് വെട്ടി കാർലോ ആഞ്ചലോട്ടി പണിതുടങ്ങി. ഏറെയായി സുവർണ നാളുകളുടെ നിഴൽ മാത്രമായി അന്താരാഷ്ട്ര സോക്കറിൽ മെലിഞ്ഞുനിൽക്കുന്ന ബ്രസീലിന് പുതുജീവനേക്കാനെത്തുന്ന ആഞ്ചലോട്ടി തിങ്കളാഴ്ചയാണ് ചുമതലയേറ്റത്.
റിയോ ഡി ജനീറോയിൽ തിങ്ങിനിറഞ്ഞ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ മുൻപരിശീലകരായ ആൽബർട്ടോ പെരേര, ലൂയി ഫിലിപ്പ് സ്കൊളാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയ ടീമിന്റെ ചുമതലയേൽക്കൽ. ‘‘ലോകത്തെ ഏറ്റവും മികച്ച ടീമിനെ പരിശീലിപ്പിക്കാനായതിൽ അഭിമാനമുണ്ട്. മുന്നിൽ വലിയ ദൗത്യം ബാക്കി’’- ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ ആസ്ഥാനത്തെ ചടങ്ങിൽ ആഞ്ചലോട്ടി പറഞ്ഞു.
ബ്രസീലിൽ ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് വിദേശ പരിശീലകനെന്ന സവിശേഷതയുണ്ട്. ദേശീയ ടീം ജാക്കറ്റ് നൽകി ആഞ്ചലോട്ടിയെ വരവേറ്റ സ്കൊളാരി എല്ലാ പിന്തുണയും ഉറപ്പുനൽകി. ഡോറിവൽ ജൂനിയറുടെ പിൻഗാമിക്ക് 2026ലെ ലോകകപ്പ് അവസാനം വരെയാണ് കരാർ. ലോകകപ്പ് യോഗ്യത പട്ടികയിൽ നാലാമതാണ് ബ്രസീൽ. 2022ലെ ഖത്തർ ലോകകപ്പിൽ ടീം ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു. പിന്നീട് കളിച്ച 14 മത്സരങ്ങളിൽ അഞ്ചുവട്ടം തോറ്റ ടീം 16 ഗോൾ വഴങ്ങിയിട്ടുണ്ട്.
അതേ സമയം, ചുമതലയേറ്റ ആഞ്ചലോട്ടി ജൂണിൽ എക്വഡോർ, പാരഗ്വായ് ടീമുകൾക്കെതിരായ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. പേശികൾക്കേറ്റ പരിക്ക് മാറി സാന്റോസ് നിരയിൽ തിരിച്ചെത്തിയ നെയ്മറെ ടീമിൽ പരിഗണിച്ചിട്ടില്ല. അതേ സമയം, ദേശീയ ജഴ്സിയിൽ വേണ്ടത്ര മികവ് കാട്ടുന്നില്ലെന്ന പരാതി നിലനിൽക്കെ വിനീഷ്യസിനെ ഉൾപ്പെടുത്തി. റയലിനായി പുറത്തെടുക്കുന്ന വീര്യം ഇവിടെയും ഫോം നിലനിർത്തുമെന്ന പ്രത്യാശയും കോച്ച് പങ്കുവെച്ചു. മിഡ്ഫീൽഡർ കാസമീറോ, റിച്ചാർലിസൺ എന്നിവർക്കും ഇടം ലഭിച്ചിട്ടുണ്ട്. ഗോളിയായി അലിസൺ തുടരുമ്പോൾ മിഡ്ഫീൽഡിൽ ആൻഡ്രിയാസ് പെരേര, ബ്രൂണോ ഗ്വിമെറസ്, മുന്നേറ്റത്തിൽ ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുൻഹ, ആന്റണി എന്നിവരുമുണ്ട്.
ടീം: അലിസൺ (ലിവർപൂൾ), ബെന്റോ (അൽനസർ), ഹ്യൂഗോ സൂസ (കൊറിന്ത്യൻസ്). ഡിഫൻഡർമാർ: അലക്‌സ് സാന്ദ്രോ, ഡാനിലോ, ലിയോ ഓർട്ടിസ്, വെസ്‌ലി (എല്ലാവരും ഫ്ലമിംഗോ), അലക്‌സാന്ദ്രോ (ലില്ലെ), ലൂക്കാസ് ബെറാൾഡോ, മാർക്വിനോസ് (ഇരുവരും പി.എസ്.ജി), കാർലോസ് അഗസ്റ്റോ (ഇന്റർ മിലാൻ), വാൻഡേഴ്‌സൺ (മൊണാക്കോ). മിഡ്ഫീൽഡർമാർ: ആൻഡ്രിയാസ് പെരേര (ഫുൾഹാം), ആൻഡ്രി സാന്റോസ് (സ്ട്രാസ്ബർഗ്), ബ്രൂണോ ഗ്വിമാരസ് (ന്യൂകാസിൽ), കാസെമിറോ (മാഞ്ചസ്റ്റർ യുനൈറ്റഡ്), എഡേഴ്സൺ (അറ്റലാന്റ), ഗെർസൺ (ഫ്ലമിംഗോ). ഫോർവേഡുകൾ: ആന്റണി (റിയൽ ബെറ്റിസ്), എസ്റ്റെവോ (പാൽമീറാസ്), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ), മാത്യൂസ് കുൻഹ (വുൾവ്സ്), റഫീഞ്ഞ (ബാഴ്സലോണ), റിച്ചാർലിസൺ (ടോട്ടൻഹാം), വിനീഷ്യസ് ജൂനിയർ (റയൽ മഡ്രിഡ്).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.