സുൽത്താനും വന്നല്ലോ! ബ്രസീൽ ലോകകപ്പ് ടീമിൽ നെയ്മർ
text_fieldsറിയോ ഡെ ജനീറോ: ആരാധകരേ ആഹ്ലാദിപ്പിൻ. സുൽത്താൻ നെയ്മറിന്റെ മാന്ത്രികക്കാലുകൾ വടക്കൻ അമേരിക്കയുടെ കളിമൈതാനങ്ങളെ കീഴടക്കാനെത്തുന്നു. ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടംപിടിച്ചു സൂപ്പർ സ്ട്രൈക്കർ നെയ്മർ. രണ്ടര വർഷത്തിലധികമായി നിരന്തരം പരിക്ക് വേട്ടയാടുന്ന സാന്റോസ് താരത്തെ ഉൾപ്പെടുത്തുമോയെന്ന സംശയത്തിലായിരുന്നു ഫുട്ബാൾ ലോകം. 34കാരനായ നെയ്മറിനിത് നാലാം ലോകകപ്പാണ്. പരിക്കേറ്റ മുന്നേറ്റ നിരക്കാരായ റോഡ്രിഗോയെയും എസ്റ്റെവോയെയും ഒഴിവാക്കിയപ്പോൾ പ്രതീക്ഷിച്ചപോലെ റഫീഞ്ഞയും വിനീഷ്യസ് ജൂനിയറും മഞ്ഞപ്പടയിൽ തുടർന്നു.
നെയ്മർ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നും ഈ ലോകകപ്പിൽ ബ്രസീലിനായി അദ്ദേഹം നിർണായക പങ്കുവഹിക്കുമെന്നും കോച്ച് കാർലോസ് ആഞ്ചലോട്ടി പറഞ്ഞു. ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് ഫിറ്റ്നസ് ഇനിയും മെച്ചപ്പെടുത്താൻ അവസരമുണ്ട്. ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ കളിച്ചുള്ള നെയ്മറുടെ പരിചയസമ്പത്ത് ടീമിന് വലിയ കരുത്താകും. മറ്റു കളിക്കാർക്ക് അദ്ദേഹത്തോടുള്ള സ്നേഹം ഡ്രസ്സിങ് റൂമിൽ മികച്ചൊരു അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.
79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ നെയ്മർ 2023 ഒക്ടോബറിലാണ് അവസാനമായി കാനറികൾക്കായി കളിച്ചത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വായിക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് വേദനയോട് കരക്ക് കയറുകയായിരുന്നു താരം. ലിഗമെന്റ് പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി കുറേനാൾ വിശ്രമത്തിലായിരുന്നു. പൂർണ കായികക്ഷമത വീണ്ടെടുക്കാതെ ക്ലബ് ഫുട്ബാളിൽ തിരിച്ചെത്തി. ബ്രസീൽ സീരീ എ-യിലെ നിലവിലെ സീസണിൽ സാന്റോസിനായി എട്ട് മത്സരങ്ങളിൽ ഇറങ്ങി. നാല് ഗോളും മൂന്ന് അസിസ്റ്റുമാണ് സമ്പാദ്യം. ലോകകപ്പിൽ ഗ്രൂപ് സി-യിലാണ് ബ്രസീൽ. ആദ്യ മത്സരം ജൂൺ 13ന് ന്യൂ ജഴ്സിയിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോക്കെതിരെ നടക്കും. ഹെയ്ത്തിയും സ്കോട്ട്ലൻഡുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
സ്ക്വാഡ്
ഗോൾ കീപ്പർമാർ: അലിസൺ, എഡേഴ്സൺ, വെവർട്ടൺ
പ്രതിരോധം: അലക്സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനസ്, വെസ്ലി, മാർക്വിഞ്ഞോസ്, ഗബ്രിയേൽ മഗൽഹേസ്, ഡഗ്ലസ് സാന്റോസ്
മധ്യനിര: ബ്രൂണോ ഗ്വിമാരസ്, കാസെമിറോ, ഡാനിലോ സാന്റോസ്, ഫാബീഞ്ഞോ, ലൂക്കാസ് പാക്വേറ്റ
മുന്നേറ്റനിര: എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുഞ്ഞ, റഫീഞ്ഞ, വിനീഷ്യസ് ജൂനിയർ, ലൂയിസ് ഹെട്രിക്, നെയ്മർ, റയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

