മറഡോണയുടെ ‘ദൈവത്തിന്‍റെ കൈ ഗോൾ’ അനുകരിച്ച നെയ്മറിന് പണി കിട്ടി, ചുവപ്പ് കാർഡ്; അവസാന മിനിറ്റിൽ ഗോൾ വഴങ്ങി സാന്‍റോസിന് തോൽവി -വിഡിയോ
text_fieldsബാല്യകാല ക്ലബായ ബ്രസീലിലെ സാന്‍റോസിലേക്ക് തിരിച്ചെത്തിയിട്ടും സൂപ്പർതാരം നെയ്മറിന് കാര്യങ്ങൾ ശരിയാകുന്നില്ല! ഞായറാഴ്ച ബ്രസീൽ സീരി എയിൽ സാന്‍റോസിനായി കളിക്കാനിറങ്ങിയ താരത്തിന് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോകേണ്ടി വന്നു.
ബൊറ്റഫോഗോക്കെതിരായ മത്സരത്തിൽ 76ാം മിനിറ്റിൽ രണ്ടാം മഞ്ഞകാർഡ് വാങ്ങിയാണ് താരം പുറത്തായത്. ഇതിഹാസ താരം മറഡോണയുടെ ‘ദൈവത്തിന്‍റെ കൈ ഗോളി’നു സമാനമായി മത്സരത്തിനിടെ ബോക്സിനുള്ളിൽനിന്ന് മനപൂർവം കൈകൊണ്ട് പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടതിനാണ് താരത്തിന് പണി കിട്ടിയത്. ഗോൾ നിഷേധിച്ച റഫറി, ഒട്ടും താമസമില്ലാത്ത താരത്തിന് മത്സരത്തിലെ രണ്ടാം മഞ്ഞ കാർഡും നൽകി.
ബൊറ്റഫോഗോ താരത്തെ ഫൗൾ ചെയ്തതിന് നേരത്തെ റഫറി മഞ്ഞ കാർഡ് നൽകിയിരുന്നു. മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് സാന്‍റോസ് പരാജയപ്പെട്ടു. കളി അവസാനിക്കാൻ നാലു മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ബൊറ്റഫോഗോ വിജയഗോൾ നേടുന്നത്. നെയ്മർ പുറത്തായതോടെ പത്തു പേരിലേക്ക് ചുരുങ്ങിയതാണ് സാന്‍റോസിന് തിരിച്ചടിയായത്.
പരിക്കിനെ തുടർന്ന് ദീർഘനാൾ പുറത്തിരുന്നശേഷമാണ് നെയ്മർ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്. മടങ്ങിവരവിൽ താരത്തിന് സാന്‍റോസിൽ കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. മത്സരശേഷം നെയ്മർ ആരാധകരോട് ക്ഷമാപണം നടത്തി. ‘എനിക്ക് ഒരു തെറ്റ് പറ്റി, എന്നോട് ക്ഷമിക്കൂ!’ -താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ഇന്ന്, മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ടില്ലായിരുന്നെങ്കിൽ ടീമിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ നഷ്ടപ്പെടില്ലായിരുന്നുവെന്നും താരം കുറിച്ചു. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ഏഴു മത്സരങ്ങൾ താരത്തിന് നഷ്ടമായി. കളിച്ച നാലു മത്സരങ്ങളിൽ താരത്തിന് ഗോളടിക്കാനോ, ഗോളിന് വഴിയൊരുക്കാനോ കഴിഞ്ഞിട്ടില്ല. ബ്രസീലിന്‍റെ എക്കാലത്തെയും ലീഡിങ് ഗോൾ സ്കോററാണ് നെയ്മർ.
കഴിഞ്ഞദിവസം പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച ബ്രസീൽ ലോകകപ്പ് യോഗ്യത സ്ക്വാഡിലും താരത്തിന് ഇടംലഭിച്ചിരുന്നില്ല. നിരന്തരം പരിക്കുകൾ വേട്ടയാടുന്ന താരത്തിന് 2023 ഒക്ടോബറിനുശേഷം ദേശീയ ടീമിനായി കളിക്കാനായിട്ടില്ല. സൗദി ക്ലബ് അല്‍ ഹിലാലിൽനിന്നാണ് നെയ്മർ സാന്‍റോസിലെത്തിയത്. പരസ്പര സമ്മതത്തോടെ ഹിലാലും താരവും വേർപിരിഞ്ഞത്.
പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് അല്‍ ഹിലാല്‍ ജഴ്‌സിയില്‍ കളിക്കാനായത്. 18 മാസക്കാലമാണ് നെയ്മര്‍ അല്‍ ഹിലാലിലുണ്ടായിരുന്നത്. പ്രതിവര്‍ഷം ഏകദേശം 10.4 കോടി ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

