ഗോകുലം കുതിപ്പിന് നെരോക ബ്ലോക്ക്
text_fieldsമഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബാളിൽ നെരോക എഫ്.സി-ഗോകുലം കേരള എഫ്.സി മത്സരത്തിൽനിന്ന്
മലപ്പുറം: തുടർച്ചയായ മൂന്നാം വിജയത്തിന് പന്ത് തട്ടിയ ഗോകുലം കേരള കളി മറന്ന് കളിച്ചപ്പോൾ നെരോക എഫ്.സിയുടെ സമനിലപ്പൂട്ട്. വ്യാഴാഴ്ച വൈകീട്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ മണിപ്പൂർ ടീമായ നെരോക എഫ്.സി ഗോൾരഹിത സമനിലയിലാണ് തളച്ചത്.
വിജയം ഉറപ്പിച്ചെത്തിയ മലബാറിയൻസ് സമനില വഴങ്ങി ഒരു പോയന്റ് കൂടി കൂട്ടിച്ചേർത്ത് മൂന്നാം സ്ഥാനത്തായി. എട്ട് കളികളിൽനിന്ന് നാല് വിജയത്തോടെ 15 പോയന്റാണ് ഗോകുലത്തിന്റെ സമ്പാദ്യം. ഏഴ് കളികളിൽ നിന്നായി 16 പോയന്റുള്ള റിയൽ കശ്മീർ എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളിൽ നിന്ന് 16 പോയന്റുള്ള ശ്രീനിഥി ഡെക്കാൻ രണ്ടാമതുമുണ്ട്.
കളിയുടെ ആദ്യ 20 മിനിറ്റുകളിൽ ഇരു ടീമുകളും കാര്യമായ നീക്കങ്ങളൊന്നും നടത്തിയില്ല. രണ്ടാം പകുതിയിൽ ഇരു ടീമുകളും കളിവേഗം കൂട്ടിയതോടെ നിരവധി ഗോളവസരങ്ങൾ പിറന്നു. എതിർ പോസ്റ്റിലേക്ക് എത്തിയ മികച്ച അവസരങ്ങൾ പക്ഷേ, നിലവാരമുള്ള ഒരു ഷോട്ടാക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല.ഡിസംബർ 21ന് റൗണ്ട്ഗ്ലാസ് പഞ്ചാബുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

