ദേശീയ ഗെയിംസ് ഫുട്ബാൾ: അസമിനെ ഷൂട്ട് ഔട്ടിൽ വീഴ്ത്തി കേരളം ഫൈനലിൽ
text_fieldsഅസമിനെ തോൽപിച്ചു ഫൈനലിൽ എത്തിയ കേരള ടീമിന്റെ ആഹ്ലാദം
ഫോട്ടോ: മുസ്‍തഫ അബൂബക്കർ
ഹൽദ്വാനി: ദേശീയ ഗെയിംസ് ഫുട്ബാളിൽ കേരളം സ്വർണത്തിനരികെ. ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ അസമിനെ പെനൽറ്റി ഷൂട്ട് ഔട്ടിൽ തോല്പിക്കുകയായിരുന്നു. നിശ്ചിത സമയം മത്സരം ഗോൾ രഹിത സമനിലയിലായി. തുടർന്ന് ഷൂട്ട് ഔട്ടിൽ കേരള ഗോളി അൽകേഷ് രണ്ട് കിക്കുകൾ തടുത്തിട്ടു.
ഒന്ന് ക്രോസ് ബാറിലും തട്ടി. 3-2നായിരുന്നു ജയം. കേരളത്തിനായി അജയ് അലക്‌സും സച്ചിനും ബിജേഷും സ്‌കോർ ചെയ്തു. ഇന്ന് നടക്കുന്ന ഉത്തരാഖണ്ഡ്-ഡൽഹി രണ്ടാം സെമി വിജയികളെ വെള്ളിയാഴ്ച ഫൈനലിൽ നേരിടും.
ഗ്രൂപ്പ് റൗണ്ടിൽ കേരളം മണിപ്പൂരിനെയും നിലവിലെ ജേതാക്കളായ സർവീസസിനെയും തോൽപിച്ചപ്പോൾ ഡൽഹിയോട് പരാജയപ്പെട്ടു. ഈയിടെ നടന്ന സന്തോഷ് ട്രോഫി ഫുട്ബാളിൽ ഫൈനലിലെത്തിയ കേരളം ദേശീയ ഗെയിംസിന് പുതുനിരയെയാണ് ഇറക്കിയിരിക്കുന്നത്. പരിചയ സമ്പന്നർ ടീമിൽ നന്നേ വിരളം. ഷഫീഖ് ഹസനാണ് പരിശീലകൻ. 1997ല്‍ ബംഗളുരുവില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്‍ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസിൽ വെള്ളി നേടിയപ്പോൾ പിറ്റേവർഷം ഗോവയിൽ വെങ്കലമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.