സീരി എ യിൽ ഫോട്ടോ ഫിനിഷ്; ചാമ്പ്യൻമാരായി നാപ്പോളി
text_fieldsറോം: പതിറ്റാണ്ടുകൾ അകലെ മറഡോണയുടെ സുവർണ പാദങ്ങൾ സഹായിച്ച് സമാനതകളേറെയില്ലാതെ നേട്ടങ്ങൾ പിടിച്ച ഓർമകളിലേക്ക് ഒരിക്കലൂടെ ഗോളടിച്ചുകയറി നാപ്പോളി. ഇറ്റാലിയൻ ലീഗായ സീരി എയിൽ നിർണായകമായ അവസാന അങ്കം ജയിച്ചാണ് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഇന്റർ മിലാനെ ഒരു പോയന്റ് അകലത്തിൽ മറികടന്ന് ടീം മൂന്ന് സീസണിനിടെ രണ്ടാം കിരീടം ചൂടിയത്.
കഗിലാരിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. സ്കോട്ട് മക്ടോമിനയ്, റൊമേലു ലുക്കാക്കൂ എന്നിവർ നാപ്പോളിക്കായി വല കുലുക്കി. കഴിഞ്ഞ സീസൺ അവസാനത്തോടെ യുനൈറ്റഡ് വിട്ട് എത്തിയ മക്ടോമിനയ്ക്ക് ഇറ്റാലിയൻ ലീഗിലെ അരങ്ങേറ്റം കിരീടത്തോടെയായി.
സീസണിലെ അവസാന മത്സരത്തിൽ ഇന്റർ മിലാൻ കോമോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചു. ഇതോടെ 38 മത്സരങ്ങളിൽ നിന്ന് 24 വിജയവും ഒമ്പത് സമനിലയും അഞ്ച് തോൽവിയും ഉൾപ്പെടെ ഇന്റർ മിലാൻ 81 പോയന്റുകൾ നേടി. ഒരു പോയന്റ് അധികമുള്ള നാപ്പോളിക്ക് 24 വിജയവും 10 സമനിലയും നാല് തോൽവിയും ഉൾപ്പെടെ 82 പോയന്റുണ്ട്.
സീരി എയിൽ നാപ്പോളിയുടെ നാലാം കിരീടമാണിത്. 1987, 1990 സീസണുകളിൽ ഡീഗോ മറഡോണയുടെ മാന്ത്രികതയിൽ ആദ്യ രണ്ട് തവണ നാപ്പോളി സീരി എ ചാമ്പ്യന്മാരായി.
എന്നാൽ, മറഡോണ കളം വിട്ടതോടെ വീണ്ടുമൊരു സീരി എ കിരീടത്തിനായി നാപ്പോളിക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 2022-23 സീസണിൽ 33 വർഷത്തിനുശേഷം നാപ്പോളി ഇറ്റാലിയൻ ഫുട്ബാളിന്റെ ചാമ്പ്യൻ പട്ടം അലങ്കരിച്ചു. കഴിഞ്ഞ സീസണിൽ വൻതകർച്ച നേരിട്ട നാപ്പോളി 10ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു വർഷത്തെ ഇടവേളക്കുശേഷം നാപ്പോളി തെരുവ് വീണ്ടും കിരീട നേട്ടത്തിന്റെ ആഘോഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

