
പാരിസിന്റെ സ്നേഹത്തെ പ്രകീർത്തിച്ച് മെസ്സി; 'ഇവിടെ എനിക്ക് വീണ്ടും ചാമ്പ്യൻസ് ലീഗ് ജയിക്കണം'
text_fieldsപാരിസ്: ഇക്കാലമത്രയും കരിയറിൽ പന്തുതട്ടിയ ബാഴ്സലോണയിൽനിന്ന് ലോകം ഉറ്റുനോക്കിയ കൂടുമാറ്റത്തിലൂടെ പാർക് ഡി പ്രിൻസസിൽ അവതരിച്ചതിനു പിന്നാലെ പാരിസിന്റെ സ്നേഹത്തെ പ്രകീർത്തിച്ച് ലയണൽ മെസ്സി. പി.എസ്.ജിയിൽ തനിക്ക് ലഭിച്ച വരവേൽപ് അതിശയകരവും അത്രമേൽ ആഹ്ലാദദായകവുമായിരുന്നെന്ന് ലോക ഫുട്ബാളിലെ മിന്നും താരം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
'ഇവിടെ ലഭിച്ച സ്വീകരണം അതിശയിപ്പിക്കുന്നതായിരുന്നു. വളരെയേറെ സന്തോഷവാനാണ് ഞാൻ. എന്റെ ടീമംഗങ്ങൾക്കൊപ്പം ചേരാൻ തിടുക്കമാവുന്നു. എത്രയും പെട്ടെന്ന് കളി പുരരാംഭിക്കാനാവുമെന്നാണ് ഞാൻ കരുതുന്നത്. അവിശ്വസനീയ ടീമാണിത്. മികച്ച താരങ്ങൾക്കൊപ്പമാണ് ഞാൻ ഇവിടെ കളിക്കാൻ ഇറങ്ങുന്നത്. അവർക്കൊപ്പം പരിശീലിക്കാനും കളിക്കാനുമൊക്കെ ഞാൻ ഏറെ ആഗ്രഹിക്കുന്നു. മഹത്തായ അനുഭവമായിരിക്കും അത്.
'ഇവിടെ പുതിയ എതിർ ടീമുകളെയാണ് എതിരിടാനുള്ളത്. ബാഴ്സലോണയുമായി ഉടൻ മാറ്റുരക്കുമോയെന്ന് എനിക്കറിയില്ല. ബാഴ്സലോണയിൽ തിരിച്ചുചെല്ലുന്നത് ഒരർഥത്തിൽ ഏറെ സന്തോഷകരമാണ്. എന്നാൽ, അവിടെ വേറെ ജഴ്സിയണിഞ്ഞ് ഇറങ്ങുകയെന്നത് മറ്റൊരു നിയോഗമാണ്. അത് സംഭവിക്കാൻ പോകുന്ന കാര്യമാണ്. നമുക്ക് കാണാം'- ബാഴ്സലോണയുമായി മത്സരിക്കുന്നതിനെക്കുറിച്ച് മെസ്സി പറഞ്ഞു.
എന്നത്തേക്കാളും ആകാംക്ഷാഭരിതനാണ് ഞാൻ. ചാമ്പ്യൻസ് ലീഗിൽ വീണ്ടും ജേതാവാകുകയെന്നതാണ് പ്രധാന ലക്ഷ്യം. അത് നേടിയെടുക്കാനുള്ള യഥാർഥ ഇടത്തിലാണ് ഞാൻ എത്തിയിട്ടുള്ളത്' -മെസ്സി പറഞ്ഞു.
