മുഹമ്മദ് അജ്ഹദ് സെറിബ്രൽ പാൾസി ഫുട്ബാൾ ടീമിന്റെ വല കാക്കും
text_fieldsമുഹമ്മദ് അജ്ഹദ്
കീഴുപറമ്പ്: സെറിബ്രൽ പാൾസി കേരള ഫുട്ബാൾ ടീമിലേക്ക് വാലില്ലാപുഴ സ്വദേശി മുഹമ്മദ് അജ്ഹദ് (14) തിരഞ്ഞെടുക്കപ്പെട്ടു. ഗോൾകീപ്പറായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആലപ്പുഴയിൽ നടന്ന സെലക്ഷൻ ക്യാമ്പിൽനിന്നാണ് ഈ കൊച്ചുമിടുക്കൻ ഒമ്പത് അംഗ ടീമിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക താരമായി ഇടം നേടിയത്.
വിവിധ ജില്ലകളിൽ നിന്ന് നിരവധി കുട്ടിക്കളാണ് സെലക്ഷനിൽ പങ്കെടുത്തത്. ആഗസ്റ്റ് 25ന് ഡൽഹിയിലാണ് ദേശീയ സെറിബ്രൽ പാൾസി സെവൻസ് ഫുട്ബാൾ നടക്കുന്നത്. രാജ്യത്തെ 10ൽ കൂടുതൽ സംസ്ഥാനങ്ങളാണ് പങ്കെടുക്കുന്നത്. പ്രതീക്ഷയോടെയാണ് ടൂർണമെൻറ് നോക്കിക്കാണുന്നതെന്ന് മുഹമ്മദ് അജ്ഹദ് പറഞ്ഞു.
വാലില്ലാപുഴ അരുക്കുഴിക്കാട്ടിൽ ജബ്ബാറിന്റെയും നജ്മുന്നീസയുടെയും മൂത്ത മകനാണ്. കൊടിയത്തൂർ പി.ടി.എം.എച്ച് എച്ച്.എസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്. അധ്യാപകരും സുഹൃത്തുക്കളും നൽകിയ പരിശീലനമാണ് ഫുട്ബോൾ ടീമിലെത്തിച്ചതെന്ന് അജ്ഹദ് പറഞ്ഞു.

