ലോകം കീഴടക്കി മൊറോക്കോ ജെൻ സി; അർജന്റീനയെ അട്ടിമറിച്ച് അണ്ടർ 20 ലോകകപ്പ് കിരീടം
text_fieldsഅണ്ടർ 20 ലോകകിരീടവുമായി മൊറോക്കോ
സാന്റിയാഗോ: ലയണൽ മെസ്സിയുടെ പിന്മുറക്കാരെ കലാശപ്പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന് അട്ടിമറിച്ച് കൗമാര ഫുട്ബാളിൽ മൊറോക്കോയുടെ മുത്തം.
ചിലിയിൽ നടന്ന അണ്ടർ 20 ലോകകപ്പിന്റെ ഫൈനലിൽ മുഹമ്മദ് യാസിർ സാബിരിയുടെ ബൂട്ടിൽ നിന്നും പിറന്ന ഇരട്ട ഗോളായിരുന്നു ആഫ്രിക്കൻ ഫുട്ബാളിലെ പുത്തൻ പവർഹൗസായ മൊറോക്കോക്ക് ലോകകിരീടത്തിന്റെ തിളക്കം സമ്മാനിച്ചത്. കളിയുടെ 12ാം മിനിറ്റിൽ അർജന്റീന ഗോൾ കീപ്പർ സാന്റിനോ ബാർബിയുടെ ലാസ്റ്റ്മാൻ ഫൗളിന് ലഭിച്ച ഫ്രീകിക്കിനെ, എതിർ പ്രതിരോധ നിര തീർത്ത മതിലിനു മുകളിലൂടെ വലയിലേക്ക് നയിച്ചായിരുന്നു മൊറോക്കോയുടെ ആദ്യ ഗോൾ. 28ാം മിനിറ്റിൽ, ഉസ്മാനെ മാആമ തൊടുത്ത ക്രോസിനെ മനോഹരമായി ഗോൾ മുഖത്തേക്ക് ഫിനിഷ് ചെയ്തുകൊണ്ട് സാബരി രണ്ടാം ഗോളും കുറിച്ചു.
2022 ഖത്തർ ലോകകപ്പിൽ അട്ടിമറി കുതിപ്പുമായി സെമി ഫൈനൽ വരെയെത്തി അതിശയം തീർത്ത അഷ്റഫ് ഹകിമിയും ഹകിം സിയകും ഉൾപ്പെടെ മൊറോക്കോ സംഘം നടത്തിയ കുതിപ്പിന്റെ പിന്തുടർച്ചയായി ‘ജെൻ സി’യുടെ ലോകവിജയം.
19 വർഷത്തിനു ശേഷം ആദ്യമായി അണ്ടർ 20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച അർജന്റീന കിരീടം ഉറപ്പിച്ചപോലെയായിരുന്നു കളത്തിലെത്തിയത്. എന്നാൽ, ശക്തമായ പ്രതിരോധം തീർത്തും, ലഭിച്ച അവസരങ്ങൾ ഗോളിലേക്ക് ഫിനിഷ് ചെയ്തും മൊറോക്കോ കളം വാണു. പന്തടക്കത്തിലും ഷോട്ടിലുമെല്ലാം അർജന്റീന ബഹുദൂരം മുന്നിലായിരുന്നു. 75 ശതമാനമായിരുന്നു പന്തടക്കം. ഷോട്ടുകളുടെ എണ്ണത്തിൽ 20-8 എന്ന ലീഡും നേടി. എന്നാൽ, കിട്ടിയ അവസരം ഗോളാക്കിയത് മഗ്രിബിന്റെ നാട്ടുകാരെ ലോകഫുട്ബാളിലെ പുതിയ അവകാശികളാക്കി മാറ്റി. മൊറോക്കോ ഗോൾകീപ്പർ ഇബ്രാഹിം ഗോമിസ് മൂന്ന് കിടിലൻ സേവുകളുമായി ഉജ്വല പ്രകടനം കാഴ്ചവെച്ചു.
2009ൽ അണ്ടർ 20 കിരീടം നേടിയ ഘാനക്കു ശേഷം, ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള ആദ്യ ലോക ജേതാക്കളായി മാറി മൊറോക്കോ.
സ്പെയിനും ബ്രസീലും അടങ്ങിയ ഗ്രൂപ്പിൽ നിന്നും ജേതാക്കളായ മൊറോക്കോ, ദക്ഷിണ കൊറിയ, അമേരിക്ക, ഫ്രാൻസ് എന്നിവരെയാണ് നോക്കൗട്ട് റൗണ്ടിൽ വീഴ്ത്തിയത്. അഞ്ചു തവണ ലോകജേതാക്കളായ ബ്രസീൽ ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഏഴാം തവണ ലോകകിരീടമെന്ന അർജന്റീനയുടെ സ്വപ്നമാണ് ചിലിയുടെ മണ്ണിൽ കലാശപ്പോരാട്ടത്തിൽ വീണുടഞ്ഞത്.
മികച്ച യുവതാരങ്ങളായ ബയർലെവർകൂസൻ താരം ക്ലോഡിയോ ഷെവരിയും, റയൽ മഡ്രിഡ് താരം ഫ്രാങ്കോ മസ്റ്റന്റുവാനോയുമില്ലാതെയാണ് അർജന്റീന ലോകകപ്പിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

