മൊറോക്കോയെ ലോകകപ്പ് സെമിയിലെത്തിച്ച ബുദ്ധികേന്ദ്രം ഇനി ഭരണതലപ്പത്തേക്ക്? ഫൗസി ലെക്ജയുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുന്നു..
text_fieldsറബാത്ത്: സെപ്റ്റംബർ 23ന് നടക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മൊറോക്കോയിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം രാഷ്ട്രീയ ആശയങ്ങളോ പാർട്ടി പരിപാടികളോ അല്ല. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിലൊരാളായ ഫുട്ബാൾ ഫെഡറേഷൻ തലവൻ്റെ രാഷ്ട്രീയ പ്രവേശനമാണ് തെരഞ്ഞെടുപ്പ് ഗോദയിലെ ചൂടുള്ള വാർത്ത.
മൊറോക്കോയുടെ ബജറ്റ് മന്ത്രിയും റോയൽ മൊറോക്കൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻ്റുമായ ഫൗസി ലെക്ജ 'ഓതൻ്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടി'യിൽ ചേരാനെടുത്ത തീരുമാനമാണ് രാഷ്ട്രീയ വൃത്തങ്ങളിലും സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
പൊതു ഭരണരംഗത്തും മൊറോക്കൻ ഫുട്ബാളിൻ്റെ കുതിപ്പിലും വഹിച്ച പങ്കിലൂടെയാണ് ലെക്ജ ശ്രദ്ധേയനാകുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാളുപരി മികച്ചൊരു ഭരണാധികാരി എന്ന നിലയിലാണ് അദ്ദേഹം പേരെടുത്തത്. ലെക്ജയുടെ ഈ ചുവടുമാറ്റം കേവലമൊരു പാർട്ടി പ്രവേശനത്തിനപ്പുറം മൊറോക്കൻ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചന കൂടിയാണ്.
തെരഞ്ഞെടുപ്പിന് വളരെ കുറഞ്ഞ സമയം മാത്രം ബാക്കിനിൽക്കെയുള്ള ലെക്ജയുടെ പാർട്ടി പ്രവേശനം രാഷ്ട്രീയപരമായി ഏറെ നിർണായകമാണെന്ന് അഗാദിറിലെ ഇബ്നു സൊഹ്ർ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ഗവേഷകൻ മുസ്തഫ അഹ്ദാർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
"2011ലെ ഭരണഘടന പ്രകാരം ഏത് മൊറോക്കൻ പൗരനും ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ സ്വാതന്ത്ര്യമുണ്ട്. മുൻ പി.എ.എം ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് വഹ്ബിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ദേശീയ ഫുട്ബാൾ ഫെഡറേഷൻ തലവനും മുതിർന്ന മന്ത്രിയുമായ ഒരാൾ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ സാധാരണ പൗരൻ്റെ പാർട്ടി പ്രവേശനമായി അതിനെ കാണാനാകില്ല," അദ്ദേഹം വ്യക്തമാക്കി.
സ്പെയിനും പോർച്ചുഗലുമായി ചേർന്ന് മൊറോക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2030 ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകേണ്ടത് ഇനി വരുന്ന സർക്കാരാണ് എന്നതിനാലും ഈ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗതത്തിനും വിനോദസഞ്ചാരത്തിനുമായി കോടിക്കണക്കിന് തുക നിക്ഷേപിക്കപ്പെടുമെന്ന് ഉറപ്പാണ്.
അതിനാൽ അടുത്ത സർക്കാരിനെ മൊറോക്കോയുടെ 'ലോകകപ്പ് സർക്കാർ' എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത സാമ്പത്തിക സൂചികകൾക്കപ്പുറം ലോകകപ്പ് എത്രത്തോളം വിജയകരമായി നടത്താൻ കഴിയുമെന്നതിനെ ആശ്രയിച്ചാകും ഈ സർക്കാരിൻ്റെ വിലയിരുത്തൽ.
വ്യക്തിപ്രഭാവമുള്ള പൊതുപ്രവർത്തകർ രാഷ്ട്രീയ മൂലധനമായി മാറുന്ന പ്രവണതയാണ് ലെക്ജയുടെ വളർച്ച കാണിക്കുന്നത്. ബജറ്റ് മന്ത്രിയെന്ന നിലയിൽ സുപ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് നേതൃത്വം നൽകിയ അദ്ദേഹം, മൊറോക്കൻ ഫുട്ബാളിൻ്റെ സുവർണ്ണകാലഘട്ടത്തിലെ സുപ്രധാന വ്യക്തിത്വമായി മാറുകയായിരുന്നു.
2022 ഫിഫ ലോകകപ്പിൽ അറ്റ്ലസ് ലയൺസ് (മൊറോക്കോ ദേശീയ ടീം) സെമിഫൈനൽ വരെ എത്തിയത് മൊറോക്കോയുടെ അന്താരാഷ്ട്ര മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഇത് ആഫ്രിക്കൻ, അറബ് രാജ്യങ്ങൾക്കിടയിൽ അവരുടെ സ്വാധീനം വർധിപ്പിക്കുകയും ഫുട്ബോളിനെ ദേശീയ അഭിമാനത്തിൻ്റെയും ഭരണമികവിൻ്റെയും പ്രതീകമാക്കി മാറ്റുകയും ചെയ്തു.
എന്നാൽ, ഇത് രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന് അഹ്ദാർ ചൂണ്ടിക്കാട്ടുന്നു. "പൗരന്മാർ രാഷ്ട്രീയമായി ഇടപഴകുകയും ഭാവി നേതാക്കൾ ഉയർന്നുവരുകയും ചെയ്യേണ്ട ഇടങ്ങളാണ് പാർട്ടികൾ. രാഷ്ട്രീയത്തിന് പുറത്ത് ജനപ്രീതി നേടിയ വ്യക്തികളെ പാർട്ടികൾ ആശ്രയിക്കുന്നത് അവരുടെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനമാണ്," അദ്ദേഹം പറഞ്ഞു.
മൊറോക്കോയിലെ വോട്ടർമാരുടെ മനോഭാവത്തിലുണ്ടായ മാറ്റവും ഈ രാഷ്ട്രീയ പരിണാമത്തിൽ കാണാം. 2021ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പോളിങ് 50 ശതമാനം പിന്നിട്ടിരുന്നെങ്കിലും പകുതിയോളം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. രാഷ്ട്രീയത്തോടുള്ള താൽപര്യക്കുറവല്ല, മറിച്ച് പാർട്ടികളോടുള്ള അവിശ്വാസമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ യുവാക്കൾ കൂടുതലായും സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതികരിക്കുന്നത്.
ലെക്ജയുടെ പാർട്ടി പ്രവേശനത്തിൽ പി.എ.എമ്മിൻ്റെ നയങ്ങളേക്കാൾ ചർച്ചയാകുന്നത് അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവമാണ്. 'പി.എ.എം ലെക്ജയെ ആകർഷിച്ചതല്ല, മറിച്ച് ലെക്ജ പി.എ.എമ്മിനെ ആകർഷിച്ചതാണ്' എന്ന തരത്തിലുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണെന്നും അഹ്ദാർ ചൂണ്ടിക്കാട്ടി.
2011ലെ ഭരണഘടന പാർലമെൻ്റിൻ്റെ അധികാരങ്ങൾ വിപുലീകരിച്ചെങ്കിലും സർക്കാർ രൂപീകരണത്തിൽ രാജാവിൻ്റെ അധികാരം നിലനിർത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന പാർട്ടിയിൽ നിന്നുള്ള പ്രതിനിധിയെയാണ് രാജാവ് സർക്കാർ തലവനായി നിയമിക്കുക. സഖ്യസർക്കാരുകൾ വരാനാണ് ഇവിടെ സാധ്യത കൂടുതൽ. ലെക്ജയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും അഭ്യൂഹങ്ങൾ ശക്തമാണ്. നിലവിലെ പ്രധാനമന്ത്രി അസീസ് അഖന്നൂച്ചും സമാനമായ രീതിയിൽ രാഷ്ട്രീയത്തിന് പുറത്തുനിന്ന് വന്ന് നേതൃനിരയിലെത്തിയ ആളാണ്.
2008ൽ രൂപീകരിച്ച പി.എ.എം സാമ്പത്തിക നവീകരണത്തിനും പ്രാദേശിക വികസനത്തിനും ഊന്നൽ നൽകുന്ന പാർട്ടിയായാണ് അറിയപ്പെടുന്നത്. ചില നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങൾ പാർട്ടിയെ മുൻപ് പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കാര്യക്ഷമതയുടെ പ്രതീകമായ ലെക്ജയുടെ വരവ് പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അഡ്മിനിസ്ട്രേറ്റീവ് രംഗത്തെ ലെക്ജയുടെ മികച്ച ട്രാക്ക് റെക്കോർഡാണ് ഈ രാഷ്ട്രീയ മാറ്റത്തെ ഇത്രത്തോളം ശ്രദ്ധേയമാക്കുന്നതെന്ന് അറബ് സെൻ്റർ ഫോർ റിസർച്ച് മേധാവി നൂഹ് എൽ ഹർമൂസി പറയുന്നു. "പൊതു ധനകാര്യം, സ്ഥാപനങ്ങളുടെ മാനേജ്മെൻ്റ്, തന്ത്രപരമായ ആസൂത്രണം എന്നിവയിൽ ലെക്ജക്കുള്ള അനുഭവസമ്പത്ത് വളരെ ചുരുക്കം ഉദ്യോഗസ്ഥർക്ക് മാത്രമുള്ളതാണ്. വലിയ സാമ്പത്തിക പ്രതിസന്ധികൾക്കും ലോകകപ്പ് പോലുള്ള ബൃഹത്തായ പദ്ധതികൾക്കും ഇടയിലാകും അടുത്ത സർക്കാർ പ്രവർത്തിക്കേണ്ടി വരിക," അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബാൾ ഭരണരംഗത്ത് ലെക്ജ കാണിച്ച മികവ് രാജ്യത്തിൻ്റെ സാമ്പത്തിക, സാമൂഹിക മേഖലകളിലും പ്രതിഫലിക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

