മോണ്ടിനെഗ്രോ താരം ദൂസാൻ ലഗാത്തോർ ബ്ലാസ്റ്റേഴ്സിൽ
text_fieldsകൊച്ചി : മോണ്ടിനെഗ്രിൻ ഡിഫൻസീവ് മിഡ്ഫീൽഡർ ദൂസാൻ ലഗാത്തോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്.അടുത്ത വർഷം മെയ് വരെയുള്ള കരാറാണ് താരം ഒപ്പുവച്ചിരിക്കുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നൂറോളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് ഈ 30 വയസ്സുകാരൻ സ്ക്വാഡിലേക്കെത്തുന്നത്. അണ്ടർ 19, അണ്ടർ 21, സീനിയർ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
2011-ൽ മോണ്ടെനെഗ്രൻ ക്ലബായ എഫ്.കെ മോഗ്രനിലൂടെയാണ് താരം പ്രഫഷനൽ കരിയർ ആരംഭിക്കുന്നത്. കരിയറിൽ 10 ഗോളുകളും നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ക്യാമ്പിനൊപ്പം താരം ഉടൻ ചേരും. ഏറെ പരിചയസമ്പത്തോടെയാണ് ദൂസാൻ ക്ലബിലേക്കെത്തുന്നതെന്നും മധ്യനിര നിയന്ത്രിക്കുന്നതിലെ അദ്ദേഹത്തിന്റെ മികവ് ടീമിന് ഏറെ പ്രയോജനം ചെയ്യുമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനെ പോലെ മികച്ചൊരു ക്ലബ്ബിനൊപ്പം ചേരാനായതിൽ അത്യധികം സന്തോഷമുണ്ടെന്ന് ദൂസാൻ ലഗാറ്റോർ പറഞ്ഞു. കരിയറിലെ പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

