ഭരണകൂട അട്ടിമറിക്ക് സാധ്യതയെന്ന്; ഫുട്ബാൾ മത്സരത്തിന് കാണികളെ വിലക്കി യൂറോപ്യൻ രാജ്യം
text_fieldsസെർബിയൻ ടീമിനെതിരെ രാജ്യത്തുനടക്കുന്ന ഫുട്ബാൾ മത്സരത്തിൽ കാണികൾക്ക് വിലക്കേർപ്പെടുത്തി മൊൾഡോവ. സെർബിയയിൽനിന്നെത്തുന്ന സംഘം റഷ്യക്കുവേണ്ടി ഭരണകൂട അട്ടിമറി നടത്തിയേക്കുമെന്ന സൂചനക്കു പിന്നാലെയാണ് മണിക്കൂറുകൾ മുമ്പ് അപ്രതീക്ഷിത നടപടി.
മൊൾഡോവൻ ടീമായ എഫ്.സി ഷരീഫും സെർബിയയിൽനിന്നുള്ള എഫ്.കെ പാർട്ടിസനും തമ്മിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. യുക്രെയ്ൻ നഗരമായ ഒഡേസയിൽനിന്ന് 90 കിലോമീറ്റർ അകലത്തിൽ ടിറാസ്പോളിൽ മത്സരം നടത്തണമെന്ന് ഫിഫ നിർദേശിച്ചിരുന്നു. എന്നാൽ, മൊൾഡോവ ഭരണകൂടത്തെ മറിച്ചിടാനുള്ള റഷ്യൻ പദ്ധതിയുടെ ഭാഗമായി അട്ടിമറി സംഘങ്ങൾ ഫുട്ബാൾ മത്സരത്തിന്റെ മറവിൽ രാജ്യത്തെത്തുമെന്ന് നേരത്തെ മൊൾഡോവ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കാണികൾ ഇല്ലാതെ മത്സരം നടത്താൻ തീരുമാനം.
നേരത്തെ ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് മൊൾഡോവ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു.
മൊൾഡോവ പിടിച്ചടക്കാനുള്ള റഷ്യൻ നീക്കം തകർത്തതായി കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു. റുമാനിയ, യുക്രെയ്ൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന മൊൾഡോവക്ക് ഇ.യു അംഗത്വത്തിനുള്ള ആദ്യ കടമ്പ 2022ൽ അംഗീകാരമായിരുന്നു.
അതേ സമയം, മൊൾഡോവ പിടിച്ചടക്കാൻ ശ്രമമെന്ന വാർത്ത റഷ്യ നിഷേധിച്ചു. മൊൾഡോവയെ റഷ്യക്കെതിരെ നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

