എക്സ്ട്രാടൈം ഗോളിൽ ഐ.എസ്.എൽ കപ്പടിച്ച് ബഗാൻ; ബംഗളൂരുവിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളിന്
text_fieldsകൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ ആർപ്പുവിളികൾ വെറുതെയായില്ല. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ പോയന്റ് നിലയിൽ ഒന്നാമതെത്തി സ്വന്തമാക്കിയ ഷീൽഡിന് പിന്നാലെ കിരീടവും സ്വന്തമാക്കി മോഹൻ ബഗാന്റെ ജൈത്രയാത്രക്ക് സ്വപ്നതുല്യമായ പരിസമാപ്തി. അധികസമയത്തേക്ക് നീണ്ട കലാശപ്പോരാട്ടത്തിൽ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപിച്ചത്. ഈ സീസണിൽ ഹോം മൈതാനത്ത് ഒരു തോൽവി പോലുമില്ലാതെയാണ് ബഗാൻ രണ്ടാം കിരീടത്തിൽ മുത്തമിട്ടത്. ബംഗളൂരുവിനോട് ഒരു ഗോളിന് പിന്നിൽനിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചുവരുകയായിരുന്നു ആതിഥേയർ. ആൽബർട്ടോ റോഡ്രിഗസിന്റെ സെൽഫ് ഗോളിൽ പിന്നിലായിപ്പോയ ആതിഥേയർ, ജേസൻ കമ്മിങ്സിന്റെ പെനാൽറ്റി ഗോളിലൂടെ സമനില പിടിച്ചു. എക്സ്ട്രാ ടൈമിന്റെ ആറാംമിനിറ്റിൽ ജാമി മക്ലാരൻ വിജയഗോളും കുറിച്ചു. ഐ.എസ്.എൽ ഫൈനലിൽ ഇതുവരെ ഹോം മൈതാനത്ത് ആരും ജയിച്ചിട്ടില്ലെന്ന ചരിത്രവും ബഗാൻ തിരുത്തി. 2022-23 സീസണിലും ബഗാനോട് ബംഗളൂരു ഫൈനലിൽ കീഴടങ്ങിയിരുന്നു.
എതിർമടയിൽ ബംഗളൂരു
ഗാലറി നിറച്ചെത്തിയ കാണികൾക്കു മുന്നിൽ സ്വന്തം മൈതാനത്ത് ആദ്യപകുതിയിൽ ലീഡ് പിടിക്കാനുള്ള ബഗാന്റെ തുടർച്ചയായ ശ്രമങ്ങൾ കണ്ടാണ് ആദ്യ പകുതി ആരംഭിച്ചത്. കിക്കോഫിന് പിന്നാലെ ബഗാൻ എതിർ മുഖത്ത് അപകട സൂചനയുമായെത്തി. നാലാം മിനിറ്റിൽ ആതിഥേയ ബോക്സിലേക്ക് ബംഗളൂരുവും ആദ്യ റെയ്ഡ് നടത്തി. ആദ്യ പത്തു മിനിറ്റിൽ മറൈനേഴ്സ് വീര്യം പ്രകടിപ്പിച്ചപ്പോൾ പിന്നീട് കളിയുടെ ഗതി മാറി. ബഗാനെ കാഴ്ചക്കാരാക്കി ബംഗളൂരു തുടർച്ചയായ ആക്രമണങ്ങൾ മെനഞ്ഞു. റയാൻ വില്യംസായിരുന്നു ബംഗളൂരു നിരയിൽ കൂടുതൽ അപകടകാരി.
19ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഫ്രീഹെഡർ എതിർ ക്യാപ്റ്റൻ സുഭാഷിഷ് ബോസ് ഗോൾലൈനിന് മുന്നിൽ രക്ഷപ്പെടുത്തി. പിന്നാലെ കോർണർ നിന്നെത്തിയ പന്തിൽ നംഗ്യാൻ ബൂട്ടിയയുടെ ഷോട്ട് പോസ്റ്റിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും വിശാൽ കെയ്ത്ത് ശ്രമകരമായി രക്ഷപ്പെടുത്തി. 25ാം മിനിറ്റിൽ ബംഗളൂരുവിന് മുന്നിൽ റഫറി വില്ലനായി. പെനാൽറ്റി ബോക്സിൽ സുഭാഷിഷ് ബോസിന്റെ കൈയിൽ പന്ത് തട്ടിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. കളിയുടെ ഗതിക്ക് വിപരീതമായി 42ാം മിനിറ്റിൽ ബഗാന്റെ ഒരു ആക്രമണം കണ്ടു. ബംഗളൂരു താരത്തിൽനിന്ന് പന്ത് പിടിച്ചെടുത്ത് ജേസൻ കമ്മിങ്സ് ഗോൾമുഖത്തേക്ക് നൽകിയ പാസ് പക്ഷേ, ജാമി മക്ലാരന് എത്തിപ്പിടിക്കാനായില്ല.
തിരിച്ചടിച്ച് ബഗാൻ
ആദ്യപകുതിയിലെ ആലസ്യം മറന്ന് ബഗാൻ കൂടുതൽ ഉണർന്നു കളിച്ചതോടെ രണ്ടാം പകുതി ചൂടേറിയതായി. എന്നാൽ, ബഗാന്റെ ഗോളിനായി ആർത്തുവിളിച്ച സാൾട്ട് ലേക്കിലെ പതിനായിരങ്ങളെ നിശ്ശബ്ദരാക്കി 49ാം മിനിറ്റിൽ ബംഗളൂരു ലീഡ് പിടിച്ചു. വലതു ബോക്സിന് പുറത്തുനിന്ന് റയാൻ വില്യംസ് തൊടുത്ത പവർ ഷോട്ട് തന്റെ ഇടതുകാൽ കൊണ്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ച ബഗാന്റെ പ്രതിരോധ താരം ആൽബർട്ടോ റോഡ്രിഗസിന് പിഴച്ചപ്പോൾ പന്ത് വലയിൽ (1-0). 62ാം മിനിറ്റിൽ ബഗാൻ ഇരട്ട മാറ്റവുമായി രണ്ട് മലയാളികളെ കളത്തിലിറക്കി. ലിസ്റ്റൺ കൊളാസോക്ക് പകരം ആഷിഖ് കുരുണിയനും അനിരുദ്ധ് താപ്പക്ക് പകരം സഹൽ അബ്ദുൽ സമദും എത്തി. ഇതോടെ ബഗാൻ തുടർച്ചയായ ആക്രമണങ്ങൾ തീർത്തു.
71ാം മിനിറ്റിൽ ബഗാൻ പെനാൽറ്റിയിലൂടെ സമനില പിടിച്ചു. ജാമി മക്ലാരന്റെ ഷോട്ട് ബോക്സിൽ ജിംഗ്ലിയൻ സനയുടെ കൈയിൽ തട്ടിയതോടെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ജേസൻ കമ്മിങ്സിന് പിഴച്ചില്ല. പന്തുവന്ന ദിശയിൽ ഗോളി ഗുർപ്രീത് ഡൈവ് ചെയ്തെത്തുമ്പോഴേക്കും പന്ത് വല കുലുക്കി (1-1). 90ാം മിനിറ്റിൽ ബംഗളൂരു ബോക്സിൽ ആഷിഖ് കുരുണിയന്റെ ഒന്നാന്തരം ഒറ്റയാൾ പ്രകടനം കണ്ടു. ഒടുവിൽ തൊടുത്ത ഷോട്ട് റിഫ്ലക്ടായി പോസ്റ്റിലേക്ക് വന്നെങ്കിലും ഫസ്റ്റ് പോസ്റ്റിൽ വഴിയടച്ചുനിന്ന ഗുർപ്രീത് സിങ് രക്ഷകനായി.
എക്സ്ട്രാ ടൈം
കളി നീണ്ടതോടെ ആവേശവും എക്സ്ട്രാ ടൈമിലേക്ക് കടന്നു. 94ാം മിനിറ്റിൽ ബംഗളൂരു ലീഡ് പിടിച്ചെന്ന് തോന്നിച്ചു. റോഷൻ സിങ് നൽകിയ പന്ത് സ്വീകരിച്ച് ഗോൾമുഖത്തേക്ക് റയാൻ വില്യംസ് നൽകിയ ക്രോസ് വീണ്ടും ബഗാൻ പ്രതിരോധത്തിൽതട്ടി ഗതി മാറി പോസ്റ്റിലേക്ക് നീങ്ങവെ, ഗോളി വിശാൽ കെയ്ത്ത് ശ്രമകരമായി രക്ഷപ്പെടുത്തി.
എക്സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിൽ ഓപൺ പ്ലേയിലൂടെ മറൈനേഴ്സ് വിജയഗോൾ കുറിച്ചു. ബഗാൻ ആക്രമണത്തിനിടെ ബംഗളൂരു ബോക്സിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ ജിംഗ്ലിയൻ സനക്ക് പിഴച്ചപ്പോൾ പന്ത് പിടിച്ചെടുത്ത് ഒരടി മുന്നോട്ടുകയറി ജാമി മക്ലാരൻ തൊടുത്ത വലങ്കാലൻ ഗ്രൗണ്ടർ ഗോളി ഗുർപ്രീതിനെയും കടന്ന് വലകുലുക്കി (2-1). ഗോളിന് പിന്നാലെ ആതിഥേയർ പ്രതിരോധം മുറുക്കിയപ്പോൾ ബംഗളൂരുവിന് മുന്നിൽ വഴികളടഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.