ഐ.എഫ്.എ ഷീൽഡ് കപ്പ്: മുഹമ്മദൻസിനോട് തോറ്റ് ഗോകുലം പുറത്ത്
text_fieldsകൊൽക്കത്ത: രണ്ട് റെഡ്കാർഡുകളുമായി ഒമ്പത് പേരിലേക്ക് ചുരുങ്ങിയ ഗോകുലം കേരളയെ 1-0ത്തിന് തോൽപിച്ച് മുഹമ്മദൻസ് സ്പോർട്ടിങ് ഐ.എഫ്.എ ഷീൽഡ് കപ്പ് സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിലെ പോരാട്ടത്തിൽ കളിയുടെ എട്ടാം മിനിറ്റിൽ പിറന്ന പെനാൽറ്റി ഗോളിലാണ് മുഹമ്മദൻസ് ഗോകുലത്തിെൻറ കഥകഴിച്ചത് (1-0). ബോക്സിനുള്ളിൽ മുഹമ്മദൻസ് താരം ഫിലിപ് അദ്യയെ ഗോളി സി.കെ ഉബൈദ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി തിർഥാങ്കർ സർക്കാർ വലയിലാക്കി.
ഒരു ഗോൾ വഴങ്ങിയതിനു പിന്നാലെ ഉണർന്ന ഗോകുലം മികച്ച മുന്നേറ്റങ്ങളുമായി ആക്രമിച്ചെങ്കിലും മറുപടി ഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ രണ്ടും കൽപിച്ച് പോരാടിയപ്പോഴാണ് രണ്ട് റെഡ്കാർഡുകളിൽ ടീം തളർന്നത്. 76ാം മിനിറ്റിൽ ദീപ് ദേവ്റാണിയും, 82ൽ ഗോളി ഉബൈദും ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഇതോടെ, മൂർച്ച നഷ്ടമായ ഗോകുലം കൂടുതൽ ഗോൾവഴങ്ങാതെ പിടിച്ചുനിൽക്കാനുള്ള പോരാട്ടത്തിലായി. സെമിയിൽ മുഹമ്മദൻസും റിയൽ കശ്മീരും തമ്മിൽ ഏറ്റുമുട്ടും. യുനൈറ്റഡ് എസ്.സി x ജോർജ് ടെലഗ്രാഫ് ആണ് രണ്ടാം സെമി.

