സൂറിക്: പോയ വർഷത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള പട്ടികയിൽ ലയണൽ മെസ്സിക്കും റോബർട്ട് ലെവൻഡോവ്സ്കിക്കുമൊപ്പം ലിവർപൂൾ താരം മുഹമ്മദ് സലാഹും. മൂന്നു പേരുടെ ചുരുക്കപ്പട്ടികയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തായി. സൂറിക്കിൽ ജനുവരി 17ന് നടക്കുന്ന ചടങ്ങിലാകും വിജയികളെ പ്രഖ്യാപിക്കുക.
പ്രീമിയർ ലീഗിൽ നിലവിലെ ടോപ് സ്കോററാണ് ഈജിപ്തിന്റെ സ്വന്തം സലാഹ്. കഴിഞ്ഞ സീസണിൽ ഹാരി കെയ്നിനു പിറകിൽ രണ്ടാം സ്ഥാനത്തായിരുന്നു. രാജ്യാന്തര പരിശീലകർ, ടീമുകളുടെ നായകർ, മാധ്യമ പ്രവർത്തകർ, ആരാധകർ എന്നിവർ വോട്ടിങ്ങിലൂടെയാണ് ജേതാവിനെ തെരഞ്ഞെടുക്കുക. 2020ൽ ലെവൻഡോവ്സ്കിക്കായിരുന്നു പുരസ്കാരം.
വനിതകളിൽ ബാഴ്സലോണ താരം ജെന്നിഫർ ഹെർമോസോ, ചെൽസിയുടെ സാം കെർ, ബാഴ്സയുടെ തന്നെ അലക്സി പുടെല്ലാസ് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്.പരിശീലകരിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള, ഇറ്റാലിയൻ ദേശീയ ടീം പരിശീലകൻ റോബർട്ടോ മാൻസീനി, ചെൽസിയുടെ തോമസ് ടുഷൽ എന്നിവരാണുള്ളത്.
ഗോൾകീപർമാർ: (ജിയാൻലൂയ്ജി ഡോണറുമ്മ (ഇറ്റലി/ പി.എസ്.ജി), എഡ്വാഡ് മെൻഡി (സെനഗൽ/ചെൽസി), മാനുവൽ നോയർ (ജർമനി/ബയേൺ മ്യൂണിക്). അതിമനോഹര ഗോളിനുള്ള പുഷ്കാസ് അവാർഡ്: എറിക് ലമേല- (ടോട്ടൻഹാം), പാട്രിക് ഷിക് (ചെക് റിപ്പബ്ലിക്), മഹ്ദി തരീമി (പോർട്ടോ).