അയ്യയ്യേ നാണക്കേട്! പാസ് കൊടുക്കാതെ ഗോളവസരം നഷ്ടപ്പെടുത്തി; ഗ്രൗണ്ടിൽ നോഹയുമായി കൊമ്പുകോർത്ത് ലൂന -വിഡിയോ
text_fieldsചെന്നൈ: ഐ.എസ്.എല്ലിൽ ചരിത്ര ജയം കുറിച്ചിട്ടും മത്സരത്തിനിടെ ഗ്രൗണ്ടിൽ സ്വന്തം ടീം അംഗങ്ങൾ തമ്മിൽ കൊമ്പുകോർത്തത് കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടായി.
ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ ആദ്യമായാണ് മഞ്ഞപ്പട ഒരു മത്സരം ജയിക്കുന്നത്. അതും ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ഗംഭീര ജയം. ജീസസ് ജിമിനസും കോറോ സിങ്ങും ക്വാമി പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. വിൻസി ബെരേറ്റ ആതിഥേയർക്കായി ആശ്വാസ ഗോൾ നേടി. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+4) ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂനയും പകരക്കാരനായി കളത്തിലിറങ്ങിയ നോഹ സദോയിയുമാണ് കൊമ്പുകോർത്തത്.
മുഹമ്മദ് അസ്ഹർ നൽകിയ പന്തുമായി മുന്നേറിയ നോഹക്ക് ഗോളടിക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പോയി. ഈസമയം ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലൂനയും ഇഷാൻ പണ്ഡിതയും ആരാലും മാർക്ക് ചെയ്യപ്പെടാതെ ബോക്സിനുള്ളിലുണ്ടായിരുന്നു. പാസ് കൊടുക്കാതെ നല്ലൊരു അവസരം നഷ്ടപ്പെടുത്തിയതിന്‍റെ നീരസത്തിലാണ് ലൂന സദോയിയുമായി കൊമ്പുകോർത്തത്. ലൂന ദേഷ്യത്തിൽ നോഹയുടെ അടുത്തേക്ക് ചെന്ന് അദ്ദേഹവുമായി തർക്കിച്ചു. പിന്നാലെ നോഹയും കയർത്തു. ഇരുവരും ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
സഹതാരങ്ങൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരത്തിന്‍റെ 37ാം മിനിറ്റിൽ ജോർദാൻ വിൽമർ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ ചെന്നൈയിൻ ഒരു മണിക്കൂറോളം പത്തുപേരുമായാണ് കളിച്ചത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ജിമിനസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. കോറോ നടത്തിയ നീക്കമാണ് ഗോളിലെത്തിയത്. ബോക്സിനുള്ളിലുണ്ടായിരുന്ന ജീസസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. തൊട്ടുപിന്നാലെ ജീസസിന് മറ്റൊരു ഓപ്പൺ അവസരം കൂടി ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ചെന്നൈയിൻ ഗോൾ കീപ്പർ രക്ഷപ്പെടുത്തി.
മത്സരത്തിന്റെ 36ാം മിനിറ്റിലാണ് മോശം പെരുമാറ്റത്തെ തുടർന്ന് ചെന്നൈയിന്റെ വിൽമർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്. മിലോസിനെ അനാവശ്യമായി ഫൗൾ ചെയ്തതിനാണ് റഫറി ചുവപ്പ് കാർഡ് നൽകിയത്. ഇതോടെ ചെന്നൈയിൻ 10 പേരിലേക്ക് ചുരുങ്ങി. പിന്നാലെ ആക്രമണം ശക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ഇൻജുറി ടൈമിൽ (45+3) കോറോയിലൂടെ ലീഡ് ഉയർത്തി. അഡ്രിയാൻ ലൂനയാണ് ഗോളിന് വഴിയൊരുക്കിയത്.
രണ്ടാംപകുതിയുടെ 56ാം മിനിറ്റിൽ ക്വാമി പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ ഗോളും നേടി. ഇത്തവണയും ലൂനയാണ് അസിസ്റ്റ് നൽകിയത്. ബോക്സിന്‍റെ മധ്യത്തിൽനിന്നുള്ള പെപ്രയുടെ ഇടങ്കാൽ ഷോട്ട് ഗോൾ കീപ്പർക്ക് ഒരു അവസരവും കൊടുക്കാതെ വലയിൽ. ഇൻജുറി ടൈമിൽ (90+1) വിൻസി ബെരേറ്റയിലൂടെ ചെന്നൈയിൻ ഒരു ഗോൾ മടക്കി.
സീസണിൽ ചെന്നൈയിനെതിരെ തുടർച്ചയായ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. കഴിഞ്ഞ നവംബറിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ 3-0നാണ് ചെന്നൈ ടീമിനെ കേരളം തകർത്തുവിട്ടത്. ജയത്തോടെ 19 മത്സരങ്ങളിൽനിന്ന് 24 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തു തന്നെ തുടരുകയാണ്. 19 കളികളിൽനിന്ന് 18 പോയന്‍റുള്ള ചെന്നൈയിൻ പത്താം സ്ഥാനത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

