വനിത പ്രീമിയർ ലീഗിൽ മിന്നിത്തിളങ്ങാൻ മിന്നുമണി
text_fieldsമാനന്തവാടി (വയനാട്): വനിത പ്രീമിയർ ലീഗിൽ (ഡബ്ല്യു.പി.എൽ) കേരളത്തിന്റെ അഭിമാനമുയർത്തി വയനാട് സ്വദേശിനിയായ മിന്നുമണി. കഴിഞ്ഞ ദിവസം നടന്ന താരലേലത്തിൽ 30 ലക്ഷം രൂപക്ക് ഡൽഹി കാപിറ്റൽസാണ് മിന്നുമണിയെ ടീമിലെടുത്തത്. 10 ലക്ഷം രൂപ മാത്രമായിരുന്നു മലയാളി താരത്തിന്റെ അടിസ്ഥാന വില. 23കാരിയായ മിന്നുമണിക്കായി ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളും രംഗത്തുണ്ടായിരുന്നു.
അവസാനം 30 ലക്ഷം രൂപക്ക് താരത്തെ ഡൽഹി സ്വന്തമാക്കുകയായിരുന്നു. കേരളത്തിൽനിന്ന് ഇന്ത്യൻ എ ടീമിലെത്തിയ ഗോത്ര വിഭാഗത്തിൽപെട്ട ആദ്യ താരം കൂടിയാണ് മിന്നുമണി. വനിത ഐ.പി.എല്ലിൽ മികച്ച പ്രകടനമാണ് ലക്ഷ്യമെന്ന് താരം വ്യക്തമാക്കി.
മാനന്തവാടി ഒണ്ടയങ്ങാടിയിലെ കൂലിപ്പണിക്കാരനായ മണിയുടെയും വസന്തയുടെയും മകൾ ദരിദ്രമായ ചുറ്റുപാടിൽനിന്നാണ് അപൂർവനേട്ടത്തിലേക്ക് കുതിക്കുന്നത്. ഒണ്ടയങ്ങാടി എടപ്പാടിയിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ആൺകുട്ടികളോടൊപ്പമായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്.
അന്ന് സ്വായത്തമാക്കിയ ക്രിക്കറ്റിന്റെ ബാലപാഠങ്ങളാണ് ഈ താരത്തിന്റെ കരുത്ത്. സ്കൂൾ കാലത്തുതന്നെ അത്ലറ്റിക്സിലും മറ്റും പങ്കെടുത്ത താരത്തിന്റെ സ്വപ്നം മികച്ച ക്രിക്കറ്ററാവുക എന്നതു തന്നെയായിരുന്നു. മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കാൻ ചേർന്നതോടെയാണ് ജീവിതം മാറിമറിഞ്ഞത്. സ്കൂളിലെ കായികാധ്യാപിക എൽസമ്മയാണ് മിന്നുവിലെ ക്രിക്കറ്ററെ കണ്ടെത്തിയത്.
അനുമോള്‍ ബേബി, ഷാനവാസ് എന്നിവരായിരുന്നു ആദ്യ പരിശീലകര്‍. ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ചപ്പോൾ രണ്ടുവർഷം തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിലും പിന്നീട് തിരുവനന്തപുരത്തും പരിശീലനം നേടി. സ്കൂൾ ക്രിക്കറ്റിൽ മികവ് തെളിയിക്കാനായതോടെ കേരള ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തി.
ഓഫ്സ്പിന്നറായ മിന്നുമണി ഇടൈങ്കയൻ ബാറ്ററുമാണ്. കേരളത്തിനായി അണ്ടർ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചിരുന്നു. ചരിത്രത്തിലാദ്യമായി കേരളം അണ്ടർ 23 ചാമ്പ്യന്മാരായപ്പോൾ ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിലും ബോർഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലേക്കും വഴി തുറക്കുകയായിരുന്നു.
എ ടീമിന്റെ ഭാഗമായി ബംഗ്ലാദേശ് പര്യടനത്തിലും വനിത ഏഷ്യൻ കപ്പിലും പങ്കെടുത്തു. വനിത പ്രീമിയർ ലീഗിൽ കളിക്കുന്നതോടെ ഈ 23കാരിയുടെ ദേശീയ ടീമിലേക്കുള്ള സാധ്യതയും വർധിക്കുകയാണ്.
കെ.സി.എയുടെ വുമൺ ക്രിക്കറ്റർ ഓഫ് ദി ഇയർ, ജൂനിയർ പ്ലെയർ ഓഫ് ദി ഇയർ, യൂത്ത് പ്ലെയർ ഓഫ് ദി ഇയർ അവാർഡുകൾ നേടിയിട്ടുണ്ട്. വയനാടിന്റെ അഭിമാനമായ താരം ഇന്ത്യൻ ക്രിക്കറ്റിൽ അത്ഭുതങ്ങൾ തീർക്കുമെന്നു തന്നെയാണ് പ്രതീക്ഷ. മിന്നുമണിയുടെ സഹോദരി നമിത മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.