മെസ്സിക്ക് ഇരട്ട ഗോൾ, ഇന്‍റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ; ഒർലാൻഡോ സിറ്റിയെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളിന്
text_fieldsഇന്‍റർ യാമി താരങ്ങൾ മെസ്സിക്കൊപ്പം വിജയാഘോഷത്തിൽ
ലീഗ്സ് കപ്പ് ടൂർണമെന്‍റിൽ ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ഒർലാൻഡോ സിറ്റിയെ തകർത്ത് ഇന്‍റർ മയാമി ഫൈനലിൽ ബർത്ത് ഉറപ്പിച്ചു. ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിൽനിന്ന മയാമി, രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിലൂടെയാണ് സെമി പോരാട്ടത്തിൽ ജയം പിടിച്ചത്. മത്സരത്തിൽ ഏറിയ പങ്കും പന്ത് കൈവശം വെച്ച മയാമി താരങ്ങൾ ആറ് തവണയാണ് ഗോൾവല ലക്ഷ്യമിട്ട് ഷോട്ടുതിർത്തത്. മെസ്സിയുടെ രണ്ട് ഗോളുകളിൽ ഒന്ന് പെനാൽറ്റി ഗോളാണ്. ടെലാസ്കോ സെഗോവിയയും ഇന്‍റർ മയാമിക്കായി ഗോൾ കണ്ടെത്തി.
മത്സരത്തിന്‍റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് ഓർലാൻഡോ താരം മാർകോ പസലിക് ആദ്യ ഗോൾ നേടുന്നത്. ഇൻജുറി ടൈമിന്‍റെ ആദ്യ മിനിറ്റിലാണ് ഗോൾ വല ചലിച്ചത്. രണ്ടാം പകുതിയിൽ പരുക്കൻ കളി പുറത്തെടുത്ത ഓർലാൻഡോ താരങ്ങൾക്ക് പലപ്പോഴായി മഞ്ഞക്കാർഡ് ലഭിച്ചു. 75-ാം മിനിറ്റിൽ അവരുടെ പ്രതിരോധ താരം ഡേവിഡ് ബ്രെക്കാലോ റെഡ് കാർഡ് കണ്ട് പുറത്തേക്ക്. പെനാൽറ്റി കിക്ക് എടുക്കാനെത്തിയ മെസ്സി (77”) പന്ത് കൃത്യമായി വലയിലെത്തിച്ചു. ഇതോടെ സ്കോർ ഒപ്പത്തിനൊപ്പമായി.
പരുക്കൻ കളി പുറത്തെടുത്ത മയാമി താരം ലൂയി സുവാരസിനും റഫറി മഞ്ഞ കാർഡ് നൽകി. 88-ാം മിനിറ്റിൽ ആൽബയുടെ അസിസ്റ്റിൽ മനോഹരമായ മറ്റൊരു ഗോൾ കൂടി നേടിയ മെസ്സി, മയാമിയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റ് പിന്നിടുന്നതിനിടെ സെഗോവിയയുടെ (90+1") വക മയാമിക്ക് മൂന്നാം ഗോൾ. ഇൻജുറി ടൈമിൽ പിറന്ന ഗോളോടെ ഓർലാൻഡോയുടെ പ്രതീക്ഷകൾ അസ്തമിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്‍റർ മയാമിയുടെ ജയം. ഫൈനലിൽ ലൊസാഞ്ചലസ് ഗാലക്സി - സിയാറ്റിൽ സൗണ്ടേഴ്സ് മത്സരത്തിലെ വിജയികളാകും ഫൈനലിൽ ഇന്‍ററിന്‍റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

