‘എൽ മെൻചോ’യിൽ കത്തി മെക്സികോ; ലോകകപ്പും കലാപഭീതിയിൽ
text_fieldsമയക്കുമരുന്ന് രാജാവ് എൽ മെൻചോ കൊല്ലപ്പെട്ടതിനു പിന്നാലെ മെക്സികോയിലെ ജലിസ്കോയിൽ കലാപകാരികൾ ബസിന് തീയട്ടപ്പോൾ. ഇൻസെറ്റിൽ എൽ മെൻചോ
മെക്സികോ സിറ്റി: ലോകകപ്പ് ഫുട്ബാളിലേക്ക് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ അപൂർവമായൊരു പ്രതിസന്ധിയിലാണ് ഫിഫ. അമേരിക്ക, കാനഡ എന്നിവർക്കൊപ്പം സഹ ആതിഥേയരായ മെക്സികോയിൽ തലപൊക്കിയ മയക്കുമരുന്ന് കലാപമാണ് ഈയൊരു പ്രശ്നങ്ങൾക്ക് വഴിവെച്ചത്. കുപ്രസിദ്ധ മെക്സികൻ മയക്കുമരുന്ന് രാജാവ് നെമെസിയോ ‘എൽ മെൻചോ’ ഒസെഗുവേര കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം ലോകകപ്പ് സംഘാടനത്തിനും ഭീഷണിയാവുന്നതായി രാജ്യാന്താര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെക്സികൻ സൈന്യത്തിന്റെ റെയ്ഡിനിടയിലെ ഏറ്റുമുട്ടലിലായിരുന്നു അമേരിക്ക 15 ദശലക്ഷം ഡോളർ തലക്ക് വിലയിട്ട ‘എൽ മെൻചോ’ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ആറ് മയക്കുമരുന്ന് കാർട്ടൽ അംഗങ്ങളും കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ പിടിവിട്ടു. സൈന്യവും സർക്കാറിനു സമാന്തരമായി വലിയ ശക്തിയായ മയക്കുമരുന്ന് സംഘവും തെരുവ് ഏറ്റുമുട്ടലിലേക്ക് നീങ്ങി.
ലോകകപ്പ് നഗരികളിലൊന്നായ ഗ്വാഡലാറയിൽനിന്ന് രണ്ടു മണിക്കൂർ മാത്രം യാത്രചെയ്താലെത്തുന്ന ജലികോ, തപൽപ എന്നിവടങ്ങളിൽ തുടങ്ങിയ സംഘർഷമാണ് സൈന്യവും മാഫിയയും തമ്മിലെ ഏറ്റുമുട്ടലിന് വഴിവെച്ചത്. ഇവിടെ നടന്ന റെയ്ഡിനിടയിൽ എൽ മെൻചോ കൊല്ലപ്പെട്ടതോടെ സംഘർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി പടർന്നു. വാഹനങ്ങളും സർക്കാർ ഓഫിസുകളും വ്യാപാര കേന്ദ്രങ്ങളും അഗ്നിക്കിരയായി.
സംഘർഷ പശ്ചാത്തലത്തിൽ ഞായറാഴ്ച രാജ്യത്തെ പ്രധാനപ്പെട്ട നാല് മത്സരങ്ങൾ മാറ്റിവെച്ചു. വിവിധ ഡിവിഷൻ ഫുട്ബാൾ മത്സരങ്ങളും റദ്ദാക്കി. ബുധനാഴ്ച നടക്കാനിരിക്കുന്ന മെക്സികോ ദേശീയ ഫുട്ബാൾ ടീമിന്റെ സൗഹൃദ മത്സരവും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഇതോടെയാണ് ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ലോകകപ്പും സുരക്ഷാ ഭീഷണിയിലാവുന്നത്.
മയക്കുമരുന്ന് മാഫിയകളുടെ കൊലവിളികൾകൊണ്ട് കുപ്രസിദ്ധമായ മെക്സികോയിൽ വീണ്ടും ചോരപ്പുഴ ഒഴുകിത്തുടങ്ങുമ്പോൾ മാച്ച് ടിക്കറ്റുമായി കാത്തിരിക്കുന്ന ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരും ആശങ്കയിലാണ്.
മൂന്ന് നഗരങ്ങൾ; 13 മത്സരങ്ങൾ
ലോകകപ്പിന്റെ മൂന്നാം ആതിഥേയ രാജ്യമായ മെക്സികോയിൽ മൂന്ന് നഗരങ്ങളിലായി 13 മത്സരങ്ങളാണുള്ളത്. ആതിഥേയരായ മെക്സികോക്ക് പുറമെ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ഉസ്ബെക്, കൊളംബിയ, ഉറുഗ്വായ്, സ്പെയിൻ, ജപ്പാൻ, തുനീഷ്യ ടീമുകളുടെ ഗ്രൂപ് മത്സരങ്ങൾ, മൂന്ന് നോക്കൗട്ട് മത്സരങ്ങൾ എന്നിവയുടെ വേദിയാണ് മെക്സികോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

