ഖത്തർ-മെക്സികോ മത്സരത്തിനിടെ കത്തിക്കുത്ത്; ഒരാൾക്ക് ഗുരുതര പരിക്ക്
text_fieldsഅമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാൾ മത്സരത്തിനിടെ ഗാലറിയിൽ കത്തിക്കുത്ത്. ഖത്തർ-മെക്സികോ മത്സരത്തിനിടെയാണ് ഗാലറിയിലിയുണ്ടായിരുന്ന മെക്സിക്കൻ ആരാധകർ കൈയാങ്കളിയിൽ ഏർപ്പെട്ടത്.
മത്സരത്തിൽ ഖത്തർ കരുത്തരായ മെക്സിക്കോയെ അട്ടിമറിച്ച് കോൺകകാഫിലെ നോക്കൗട്ട് റൗണ്ടിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഖത്തറിന്‍റെ ജയം. ജയിച്ചാൽ മാത്രം ക്വാർട്ടർ ഫൈനൽ എന്ന നിലയിൽ ഇറങ്ങിയ മത്സരത്തിൽ 27ാം മിനിറ്റിലായിരുന്നു ഹസിം ഷെഹതയിലൂടെ ഖത്തർ വിജയം കുറിച്ചത്. വിങ്ങിൽ നിന്നും മുസബ് ഖിദിർ നൽകിയ ക്രോസിനെ മനോഹരമായ ഹെഡറിലൂടെയാണ് ഹസിം, നായകൻ കൂടിയായ ഗോൾകീപ്പർ ഗ്വിയേർമോ ഒചാവോ കാത്ത വലയിലേക്ക് പന്ത് എത്തിച്ചത്.
മത്സരത്തിനിടെയാണ് ഗാലയറിൽ മെക്സിക്കൻ ആരാധകർ ഏറ്റുമുട്ടിയത്. കൈയാങ്കളിക്കിടെ ഒരാൾ കത്തിയെടുത്ത് ഒരു ആരാധകന്‍റെ നെഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമികളായ രണ്ടുപേർക്കുവേണ്ടി സാന്‍റാ ക്ലാര പൊലീസ് അന്വേഷണം ഊർജിതമാക്കി. അക്രമികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ഒരാൾ സ്ത്രീയാണ്. സംഭവത്തിനു പിന്നാലെ ഇവർ രക്ഷപ്പെടുകയായിരുന്നു. മെക്സികോക്കെതിരായ ജയത്തോടെ നാല് പോയിന്‍റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഖത്തർ. ആറ് പോയന്‍റുള്ള മെക്സികോയാണ് ഒന്നാമത്. ക്വാർട്ടറിൽ പാനമ, അല്ലെങ്കിൽ മാർടിനിക് ടീമുകളിൽ ഒന്നായിരിക്കും ഖത്തറിന്റെ എതിരാളി. കോൺകകാഫ് രാജ്യങ്ങളുടെ പോരാട്ടത്തിൽ അതിഥി രാജ്യമായാണ് ഖത്തർ പങ്കെടുക്കുന്നത്. 2021ൽ ടൂർണമെന്റിൽ പങ്കെടുത്ത് സെമി ഫൈനൽ വരെ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

