ഇനിയില്ല ഇതുപോലൊരാൾ.....
text_fields2005 ആഗസ്റ്റ് 17ന് എടുത്തണിഞ്ഞ ആ നീലക്കുപ്പായത്തിൽ അവൻ ആകാശത്തോളം വളർന്നു. ഭൂമിയിലെ സാധ്യമാവുന്ന എല്ലാ സ്വപ്നങ്ങളെയും ഡ്രിബ്ൾ ചെയ്തു കയറി. ഒന്നും നടക്കില്ലെന്നു തോന്നിച്ച കാലത്ത് തിരിഞ്ഞുനടക്കാനൊരുങ്ങിയപ്പോൾ നാടിന്‍റെ പിൻവിളി കേട്ടു. തിരിച്ചുവന്നത് ഇതിഹാസകാവ്യങ്ങളിലേക്ക് പന്തുകൊണ്ടുള്ള നേർച്ചയുമായി. ഒടുവിൽ, ലോകം മുഴുവൻ പ്രാർഥനാനിർഭരമായി കൈകളുയർത്തിയ രാവിൽ കതാറയിലെ കളിക്കളത്തിൽ ലിയോ പൂർണനായപ്പോൾ ആ കാഴ്ച ഫുട്ബാളിന്‍റെ സുകൃതമായിരുന്നു...
കളി കമ്പ്യൂട്ടറുകളിലാണിന്ന്. തന്ത്രങ്ങൾ പിറവികൊള്ളുന്നത് യന്ത്രങ്ങളുടെ കിറുകൃത്യതയിൽ. ചടുല നീക്കങ്ങളുടെ ജ്യാമിതീയ അഴകളവുകളിൽ ഏതൊരു കടന്നുകയറ്റങ്ങൾക്കും മൂക്കുകയറിടാനുള്ള സമവാക്യങ്ങൾ തരാതരംപോലെ ലഭിക്കുന്ന കാലം. മാൻ ടു മാൻ മാർക്കിങ്ങിന്‍റെ യുഗം കടന്ന് ശാസ്ത്രീയ ഫുട്ബാൾ കളംപിടിക്കുന്ന ഘട്ടം. വിഡിയോ ദൃശ്യങ്ങളുടെ അപഗ്രഥനങ്ങളിൽ ഇഴകീറിപരിശോധിച്ചുള്ള ഡിഫൻസിവ് സ്ട്രാറ്റജികളാണ് ഏതൊരു പരിശീലകന്‍റെയും തുറുപ്പുചീട്ട്. കളത്തിൽ ഒരു കളിക്കാരന്‍റെ എടുപ്പും നടപ്പും നീക്കവും ദൂരവും തുടങ്ങി മുഴുവൻ ഡീറ്റെയ്ൽസും ഒപ്പിയെടുക്കാൻ ഒപ്റ്റിക്കൽ ട്രാക്കിങ്ങും ബയോമെക്കാനിക്സും മെഷീൻ ലേണിങ്ങും പൊസിഷനൽ മോഡൽസുമൊക്കെച്ചേർന്ന സയന്‍റിഫിക് മെത്തേഡുകളെ മോഡേൺ ഫുട്ബാൾ അത്രകണ്ട് പ്രാപിച്ചിരിക്കുന്നൊരു കാലമാണിത്. അത്തരമൊരു കാലവും തന്ത്രവും ഗണിതവും അനാട്ടമിയുമൊക്കെ ചേർത്താണ് നാം ലയണൽ ആന്ദ്രേസ് മെസ്സിയെയും അയാളുടെ കളിരീതികളെയും സമീപിക്കേണ്ടത്.
ലയണൽ മെസ്സിയുടെ ആക്രമണ നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കാം? എന്ന് ചാറ്റ് ജി.പി.ടിയോടു ചോദിക്കുക. ‘എഫക്ടീവ് വേയ്സ് ടു കണ്ടെയ്ൻ മെസ്സി’ എന്ന തലക്കെട്ടിൽ അവർ ഏഴു പോയന്‍റുകൾ പറഞ്ഞുതരും. പാസിങ് ലൈൻ േബ്ലാക്ക് ചെയ്യുക, രണ്ടു ഡിഫൻഡർമാരെ മാർക്ക് ചെയ്യാൻ നിയോഗിക്കുക, മിഡ്ഫീൽഡിനും ഡിഫൻസിനുമിടയിൽ കൂടുതൽ പേരെ വിന്യസിക്കുക തുടങ്ങിയവയൊക്കെയാണത്. ഏതാണ്ടെല്ലാ കോച്ചുമാരും അയാൾക്കെതിരെ പതിവായി പയറ്റുന്ന അടവുകളിൽനിന്ന് ആറ്റിക്കുറുക്കിയെടുത്തത്. ‘ചാറ്റ് ജി.പി.ടി കാൻ മേയ്ക്ക് മിസ്റ്റേക്സ്’ എന്ന അവരുടെ അവസാനത്തെ കുമ്പസാരം അച്ചട്ടാവുന്ന അപഗ്രഥനമാണ് അതെന്ന് അയാൾ കളിച്ച അവസാന കളി കാണുമ്പോൾ പോലും നമ്മൾക്കറിയാം. 39ാം വയസ്സിൽ കഴിഞ്ഞ ഞായറാഴ്ച മോൺട്രിയലിനെതിരെ ഇന്‍റർമയാമിക്കുവേണ്ടി അടിച്ചുകൂട്ടിയത് നാലു ഗോളുകൾ! സെന്‍റർ ഓഫ് മാസിന്‍റെ ഫിസിക്സ് തത്വം ഉൾപ്പെടെ പലതരം ശാസ്ത്രീയ അപഗ്രഥനങ്ങളെ ഏച്ചുകൂട്ടി എങ്ങിനെ കെട്ടിപ്പൂട്ടി നിർത്തിയാലും കയറുപൊട്ടിച്ചുചാടുന്ന ആ ‘അനാട്ടമി ഓഫ് ഡ്രിബ്ൾ’ അതിശയമേറ്റുന്നത് പ്രതിരോധം കുറ്റിയുറപ്പുകാട്ടുന്ന കാലത്താണ് അത് പിറവി കൊള്ളുന്നത് എന്നതു കൊണ്ടാണ്.
ഫുട്ബാൾ എന്ന ഡൈനാമിക് സിസ്റ്റത്തിൽ, യന്ത്രാധിഷ്ഠിതമായ ടാക്ടിക്കൽ അനാലിസിസുകൾക്ക് പിടികൊടുക്കാതെ കുതറിത്തെറിച്ച കരിയറായിരുന്നു എന്നതാണ് ലയണൽ മെസ്സിയുടെ സവിശേഷതക്കും സാർവജനീനതക്കും അടിത്തറയിട്ടത്. തുടക്കം മുതൽ ഒടുക്കം വരെ അതങ്ങനെയായിരുന്നു. കളത്തിൽ അയാളൊരിക്കലും കാഴ്ചക്കാരനായതേയില്ല. മറിച്ച്, മൈതാനത്തും മനസ്സകങ്ങളിലും കളി അയാളിലൂടെ ഒഴുകിപ്പടർന്നു. പലരും പലവിധത്തിൽ പത്മവ്യൂഹം ചമയ്ക്കാനൊരുങ്ങി. പക്ഷേ, അയാളെ മാത്രം പൂട്ടിക്കെട്ടാൻ കഴിഞ്ഞില്ല. സ്ട്രൈഡ് ലെങ്തും ടച്ച് ഫ്രീക്വൻസിയും വിശകലനം ചെയ്തും ശരീര നിലയും ഡ്രിബ്ളിന്‍റെ ഘടനയും ഇഴകീറി പരിശോധിച്ചും കാൽനൂറ്റാണ്ടോളമാണ് അയാളെ തടഞ്ഞുനിർത്താനുള്ള വെമ്പലുകൾക്ക് കോഡുകളൊരുക്കിയത്. പക്ഷേ, 2004 ഒക്ടോബർ 16ന് എസ്പാൻയോളിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽനിന്ന് തുടങ്ങി മയാമിയിലെ നൂ സ്റ്റേഡിയത്തിൽ കഴിഞ്ഞ ഞായറാഴ്ച എത്തിനിൽക്കുന്നതുവരെയുള്ള നാളുകൾക്കിടയിലെവിടെയും ഏതു ശാസ്ത്രത്തിന്‍റെ പിൻബലത്തിലും ആർക്കും അത് സാധ്യമായിട്ടില്ല.
മെസ്സി കളംഭരിച്ചുതുടങ്ങിയ നാളുകളുടെ തുടക്കത്തിലാണ് ശാസ്ത്രീയമായ അടിതടകൾക്ക് ആക്കം കൂടിയതും. അയാളുടെ അസാമാന്യമായ കുതറിത്തെറിക്കലുകളെ സെന്‍റർ ഓഫ് ഗ്രാവിറ്റിയുമായി വിളക്കിച്ചേർത്ത സയന്‍റിഫിക് അപ്രോച്ചിലാണ് വിദഗ്ധർ അപഗ്രഥിച്ചത്. അതിനുമപ്പുറത്ത് മെസ്സിയുടെ ഡ്രിബ്ലിങ് മികവ് അദ്ദേഹത്തിന്‍റെ മാനസികമായ ചിന്താശേഷിയെക്കൂടി ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അവർ വിലയിരുത്തി. കുറഞ്ഞ സെന്‍റർ ഓഫ് ഗ്രാവിറ്റി ഒരു ഉപകരണമാണെങ്കിൽ, മെസ്സിയുടെ തലച്ചോറാണ് അതിനെ നയിക്കുന്ന സൂപ്പർ കമ്പ്യൂട്ടറെന്നാണ് അവരുടെ നിരീക്ഷണം. ഡിഫൻഡറുടെ താളം തെറ്റിക്കുന്ന സ്പേഷ്യൽ ട്രിഗറുകളും സാഹചര്യത്തെ മുൻകൂട്ടി അളന്നെടുക്കുന്ന ആന്‍റിസിപ്പേറ്ററി ജ്യോമെട്രിയും അടങ്ങുന്ന സിസ്റ്റമാണതെന്നും അവർ കൂട്ടിച്ചേർത്തു. ഉയരം കൂടിയ ഒരു വിങ്ങറുടെ ടച്ച് റേഡിയസ് 80 സെന്‍റീമീറ്ററാണെങ്കിൽ മെസ്സിയുടേത് അതിന്‍റെ പകുതി മാത്രമാണെന്നും അവർ കണ്ടെത്തി. കാലിന്മേൽ പന്ത് ഒട്ടിപ്പിടിച്ചെന്നപോലെ നിൽക്കുന്നത് ഈ കുറഞ്ഞ റേഡിയസിനാലാണ്. ആ ബാൾ പ്രോക്സിമിറ്റിയാണ് അതിശയങ്ങളിലേക്ക് ലിയോയെ ഇടതടവില്ലാതെ വഴിനടത്തിച്ചതും.
എല്ലാ കണക്കുകൂട്ടലുകൾക്കുമപ്പുറം അയാളൊരു പ്രത്യേക ജനുസ്സായിരുന്നു. കളിയുടെ ലാവണ്യതയെ തന്‍റെ സർഗശേഷിയാൽ സമ്പന്നമാക്കിയ മഹാപ്രതിഭ. ഇനിയൊരിക്കലും അവതരിക്കാത്തതെന്ന് ഉറപ്പുപറയാൻ പറ്റുന്ന തരത്തിലൊരാൾ. ഒരു ശാസ്ത്രത്തിന്‍റെയും മെക്കാനിക്സുകളുടെയും കൃത്യതയിലൊതുങ്ങി നിൽക്കാത്ത തരക്കാരൻ. ശാസ്ത്രമായിരുന്നില്ല, കാവ്യമായിരുന്നു അയാളുടെ ചുവടുകൾ. ഒരേനിമിഷം മുൻനിരയിലെ പ്രഹരശേഷിയാൽ വിസ്മയിപ്പിക്കുമ്പോൾ അടുത്ത മാത്രയിൽ അയാളെ മധ്യനിരയുടെ കമ്പോസറായി നാം കണ്ടു. ഇടക്ക് ഇടതുവശത്തേക്ക് വെട്ടിച്ചുകയറി. ചിലപ്പോൾ അറ്റാക്കിങ് മിഡ്ഫീൽഡറുടെ ഉത്തരവാദിത്വമേറ്റെടുത്ത് വഴികൾ തുറന്നെടുത്തു. ഏതുദിശയിൽ, ഏതുകാലിനാൽ, ഏതുവിധം അവതരിക്കുമെന്ന സന്ദേഹം അയാൾ 90 മിനിറ്റും എതിരാളികൾക്ക് പകർന്നു നൽകിക്കൊണ്ടേയിരുന്നു.
കളിയിൽ പ്രതിരോധാത്മക നീക്കങ്ങൾ കളംഭരിക്കുന്ന കാലത്ത്, ബസ് പാർക്കിങ്ങിന്‍റെ അറുബോറൻ കുതന്ത്രങ്ങൾ വരിവരിയായി കാത്തിരിക്കുമ്പോൾ കളിക്കുന്ന മത്സരങ്ങളിലേറെയും ഇതുപോലെ കളംനിറയാൻ അയാൾക്കേ കഴിയൂ. നൈസർഗിക പ്രതിഭാശേഷിയുടെ ധാരാളിത്തത്തിൽ, കളിച്ചും കളിപ്പിച്ചും കളിയെ ഈയളവിൽ അമ്മാനമാടിയ ആണൊരുത്തനായിട്ട് ഇനിയൊരാളുണ്ടാവില്ല. കിലിയൻ എംബാപ്പെയെയും എർലിങ് ഹാലാൻഡിനെയും പോലെ, അയാളേക്കാൾ തുരുതുരാ ഗോളടിച്ചുകൂട്ടുന്നവർ ചരിത്രത്തിൽ ഒരുപാടുപേർ ഇനിയും പിറന്നേക്കും. അപ്പോഴും അവർക്കാർക്കും ഗെറ്റാഫെക്കെതിരെ അയാളടിച്ചതുപോലൊരു ഗോൾ അടിച്ചുകാട്ടാനാവില്ലെന്നതുറപ്പ്. ഓരോ ഗോളിലും ഓരോ പാസിലും ഇതുപോലെ വ്യക്തിമുദ്ര പതിപ്പിച്ചവർ ഫുട്ബാളിന്‍റെ ചരിത്രത്തിൽ തീരെ കുറവാണ്. വലയുടെ മോന്തായത്തും മധ്യത്തിലും മൂലയിലുമൊക്കെ പന്തുകൊണ്ട് ലിയോ കൈയൊപ്പ് ചാർത്തിക്കൊണ്ടേയിരുന്നു. ആളുകൾ കഠിനതരമെന്ന് ചിന്തിച്ചുവശാകുന്ന സന്ദർഭങ്ങളിലൊക്കെയും അയാൾ പാദവുമായുള്ള പാരസ്പര്യതയാൽ അനായാസതയുടെ അടയാളമായി ആ പന്തിനെ പരിവർത്തിപ്പിച്ചെടുത്തു.
കളിയുടെ ആകാശനീലയിൽനിന്ന് അയാൾ ബൂട്ടഴിച്ചുമടങ്ങുമ്പോൾ ഇനിയില്ല, ഇതുപോലൊരാൾ എന്ന് പറയുന്നത് അതുകൊണ്ടാണ്. കിരീടങ്ങളുടെയും അവാർഡുകളുടെയും എണ്ണവും ഗോളുകളുടെയും അസിസ്റ്റുകളുടെയും അക്കപ്പെരുക്കങ്ങളും അവിടെ നിൽക്കട്ടെ, പിൻനിരയിലെ കോട്ടകൊത്തളങ്ങൾ ഭേദിക്കാനുള്ള അനൽപമായ കാൽപെരുമാറ്റത്തിനൊപ്പം ഹൃദയംകൊണ്ടും തലച്ചോറുകൊണ്ടും കളി മെനയാനും കളം ഭരിക്കാനും ഒരേസമയം കഴിയുന്നൊരാൾ പിറവി കൊള്ളുമോ എന്നതാണ് ചോദ്യം. മെസ്സി കളിച്ച കളികളും അയാൾ രചിച്ച വീരേതിഹാസങ്ങളും ആ പ്രതിഭാശേഷിയുടെ ആഴവും വെച്ചുനോക്കുമ്പോൾ അങ്ങിനെയൊരു യുഗപ്പിറവിയിലേക്ക് ദൂരമൊരുപാടുണ്ട്. മുന്നോട്ടായുള്ളവനെ വെട്ടിവീഴ്ത്താൻ പിന്നണിയിൽ കൈമെയ് മറന്ന് പൊരുതാൻ ആജാനുബാഹുക്കളായ കാവലാളുകളുടെ എണ്ണവും തന്ത്രവും ശൈലികളുമേറുന്ന കാലത്ത് പ്രത്യേകിച്ചും.
***
നാലു പതിറ്റാണ്ടോളം നീണ്ട ജീവിതത്തിലെ 13 വർഷം മാത്രമേ അയാൾ റൊസാരിയോയിൽ ചിലവിട്ടിട്ടുള്ളൂ. പിന്നീട് ജീവിച്ചതേറെയും സ്പെയിനിലായിരുന്നു. കുറച്ചുകാലംമാത്രം പാരിസിൽ. ഒടുവിലിപ്പോൾ മയാമിയിലും. എന്നിട്ടും കുഞ്ഞുന്നാളിൽ കൈപിടിച്ചു നടത്തിച്ച അർജന്‍റീനയായിരുന്നു അയാളുടെ നനുത്ത ഓർമകളിലെ ജീവനത്രയും. പറിച്ചുനട്ടിടത്ത് വളർന്നുപന്തലിച്ചിട്ടും വേരുകൾ മറക്കാത്ത കുടിയേറ്റക്കാരനായിരുന്നു അയാൾ. സ്പെയിൻ ആവോളംവന്നു വിളിച്ചിട്ടും അയാളാ വാതിൽ തുറന്നതേയില്ല. അന്നങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഐതിഹാസികമായ ആ കരിയറിനൊപ്പം മൂന്നോ നാലോ ലോകകിരീടങ്ങളുടെ പളപളപ്പുണ്ടായേനേ.
പശ്ചാത്താപം ലിയോയെ തൊണ്ടുതീണ്ടിയിട്ടുണ്ടാവില്ല. കാരണം, അടിമുടി അർജന്‍റീനയായിരുന്നു അയാൾ. 2005 ആഗസ്റ്റ് 17ന് എടുത്തണിഞ്ഞ ആ നീലക്കുപ്പായത്തിൽ അവൻ ആകാശത്തോളം വളർന്നു. ഭൂമിയിലെ സാധ്യമാവുന്ന എല്ലാ സ്വപ്നങ്ങളെയും ഡ്രിബ്ൾ ചെയ്തു കയറി. ഒന്നുംനടക്കില്ലെന്നു തോന്നിച്ച കാലത്ത് തിരിഞ്ഞുനടക്കാനൊരുങ്ങിയപ്പോൾ നാടിന്‍റെ പിൻവിളി കേട്ടു. തിരിച്ചുവന്നത് ഇതിഹാസകാവ്യങ്ങളിലേക്ക് പന്തുകൊണ്ടുള്ള നേർച്ചയുമായി.
എല്ലാം കീഴടക്കിയ രണ്ടാം വരവിൽ അയാൾ അർജന്‍റീനയുടെ അരുമയായി. ലോകത്തിന്‍റെ അതിശയവും. തോൽവികളുടെ നടുക്കയത്തിൽ മുങ്ങിയപ്പോഴും കൊതിച്ചിടത്ത് നീന്തിയെത്താനുള്ള സ്വപ്നങ്ങൾ അയാൾ കൈവിട്ടതേയില്ല. ഒടുവിൽ, ലോകം മുഴുവൻ പ്രാർഥനാനിർഭരമായി കൈകളുയർത്തിയ രാവിൽ കതാറയിലെ കളിക്കളത്തിൽ ലിയോ പൂർണനായപ്പോൾ ആ കാഴ്ച ഫുട്ബാളിന്‍റെ സുകൃതമായിരുന്നു. കാവ്യനീതിപോലെ കളിയുടെ ചക്രവർത്തി പദത്തിൽ അതയാളുടെ പട്ടാഭിഷേകവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

